മുഹര്‍റം വിമോചനത്തിന്റെ
മാസമാണ്. അത്രമേല്‍
പ്രിയപ്പെട്ടത് കൊടുക്കാതെ
നിങ്ങള്‍ പുണ്യം
നേടുന്നേയില്ലെന്ന് ഖുര്‍ആന്‍ ആണയിടുന്നുണ്ടല്ലോ.
ജീവിതത്തെ
പൊതിഞ്ഞു നില്‍ക്കുന്ന എല്ലാ സുഖമുള്ള അടിമത്തങ്ങളില്‍
നിന്നും റബ്ബിലേക്കുള്ള
പാത തെരഞ്ഞെടുക്കണമെന്ന്
മുഹര്‍റം ഓര്‍മിപ്പിക്കുന്നു.
''പ്രിയപ്പെട്ട മക്ക, ദൈവമാണ, തീര്‍ച്ചയായും നീ അല്ലാഹുവിന്റെ ഭൂമിയിലെ ഏറ്റവും മികച്ചയിടവും അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട അവന്റെ ഭൂമിയുമാണ്. ഞാന്‍ നിന്നില്‍നിന്ന് പുറത്താക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ പുറത്ത് പോകുമായിരുന്നില്ല.'' വേര്‍പാടിന്റെ വേളയില്‍ നെഞ്ചു വിങ്ങിക്കൊണ്ട് സത്യദൂതന്‍ ജന്മനാടിനോട് വിടപറയുന്നു.
ദുല്‍ഹജ്ജില്‍ നിന്ന് മുഹര്‍റത്തിലേക്ക് നീങ്ങുന്ന വിശ്വാസി കടന്നു പോവുന്നത് നിരന്തരമായ ത്യാഗസ്മരണകളിലൂടെയാണ്. ആശയറ്റ മരുഭൂമിയിലും ആര്‍ത്തലക്കുന്ന തിരമാലയിലും പടച്ച റബ്ബിനെ മാത്രം തെരഞ്ഞെടുത്തവരുടെ അതുല്യമായ തവക്കുലിന്റെ ചരിതങ്ങള്‍. 'ഹിജ്‌റ' എന്ന വാക്കിന് പലായനം എന്നാണല്ലോ അര്‍ഥം പറയാറുള്ളത്. സകല കെട്ടുപാടുകളില്‍ നിന്നും പടച്ചവനിലേക്കുള്ള പലായനമാണ് ഹിജ്‌റ. അതൊരു ഒളിച്ചോട്ടമല്ല. ശക്തമായി മടങ്ങിയെത്താനുള്ള പിന്‍വാങ്ങലാണ്.
ബനൂ ഇസ്രാഈലിന്റെ വിമോചകനായിരുന്നു മൂസാ (അ). ചെങ്കടലിനും ഫിര്‍ഔനിനും നടുവില്‍ മൂസായുടെ മഹത്തായ വിമോചന പ്രഖ്യാപനമുണ്ടല്ലോ: ''എന്റെ കൂടെ എന്റെ റബ്ബുണ്ട്. അവനൊരു വഴി കാണിച്ചു തരും.'' മനുഷ്യയുക്തിക്ക് അന്യമായ ഭാഷയില്‍, എല്ലാ കാലത്തെയും ആശ്ചര്യപ്പെടുത്തുന്ന മഹാത്ഭുതം കൊണ്ട് പടച്ചവന്‍ അവിടെ ഉത്തരം നല്‍കുന്നു.
ഇതേ പ്രഖ്യാപനമാണ് സൗര്‍ ഗുഹയില്‍ വെച്ച് രണ്ടില്‍ രണ്ടാമനായ സിദ്ദീഖുല്‍ അക്ബറിനോട് മുഹമ്മദ് നബി (സ) പറയുന്നത്: ''വിഷമിക്കരുത്, അല്ലാഹു കൂടെയുണ്ട്.''
കയറില്‍ നിന്ന് ചങ്ങലയിലേക്ക് നയിക്കുന്നവയാണ് ഇന്നത്തെ മാനുഷിക സിദ്ധാന്തങ്ങള്‍. അവ മനുഷ്യനെ പണത്തിന്റെയും അധികാരത്തിന്റെയും വ്യാമോഹത്തിന്റെയും അടിമയാക്കി മാറ്റുന്നു. എന്നാല്‍, എല്ലാ അടിമത്തങ്ങളില്‍ നിന്നും സ്രഷ്ടാവിന്റെ മാത്രം അടിമത്തത്തിലേക്കാണ് ഇസ്ലാം മനുഷ്യനെ നയിക്കുന്നത്. അത് മനുഷ്യന്റെ ശുദ്ധപ്രകൃതിയുടെ വീണ്ടെടുപ്പാണ്, ഏറ്റവും ഉന്നതമായ വിമോചനമാണ്.
സര്‍വവും ഉപേക്ഷിച്ച് മദീനയിലെത്തിയ മുഹാജിറുകളും അവരെ ഹൃദയത്തോട് ചേര്‍ത്ത അന്‍സാറുകളും ജീവിച്ചു കാണിച്ചത് ഈ വിമോചന വാക്യമാണ്. ഇണയില്‍ നിന്നും കുഞ്ഞില്‍ നിന്നും വേര്‍പെട്ട് കണ്ണീരുരുക്കവുമായി മക്കയുടെ താഴ്വരയില്‍ കഴിച്ചുകൂട്ടിയ ഉമ്മു സലമ(റ)യും, സമ്പത്ത് മുഴുവന്‍ ശത്രുക്കള്‍ക്ക് വിട്ടു കൊടുത്ത് മദീനയിലെത്തിയ സുഹൈബും (റ), തടവറയില്‍ വര്‍ഷങ്ങള്‍ തള്ളിനീക്കിയ പ്രവാചക അനുചരന്മാരും ഈ മോചനത്തിന്റെ മാധുര്യം ആവോളം ആസ്വദിച്ചവരാണല്ലോ. റബ്ബിന്റെ വഴിയില്‍ ഇണയോ സന്താനങ്ങളോ സമ്പത്തോ തങ്ങളെ തടയുകയില്ലെന്ന് അവരുറക്കെ പ്രഖ്യാപിച്ചു.
മക്കയും മദീനയും രണ്ട് പ്രദേശങ്ങളുടെ മാത്രം പേരല്ല. മക്ക പ്രശ്നമാണെങ്കില്‍ മദീന പരിഹാരമാണ്. മക്ക ഭയമാണെങ്കില്‍ മദീന അഭയമാണ്. മക്ക ഇരുട്ടാണെങ്കില്‍ മദീന വെളിച്ചമാണ്.
മനുഷ്യകുലത്തിനു മുന്നില്‍ വലിയൊരു സമസ്യയായി ഉയര്‍ന്നു നിന്നുകൊണ്ടൊരു ജനത ഹിജ്‌റ നടത്തുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്. ശാന്തമായ അടിമത്തത്തിന് പകരം ജന്മനാടിന്റെയും ആദ്യ ഖിബ്ലയുടെയും വിമോചനവഴി തെരഞ്ഞെടുത്ത് അവര്‍ പടച്ചവനിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുന്നു.
മുഹര്‍റം അല്ലാഹുവിന്റെ മാസമാണ്. അത് പവിത്രമാണ്. മഹാനായ മൂസാ(അ)യെ അല്ലാഹു ഫിര്‍ഔനില്‍നിന്ന് രക്ഷിച്ചതിനുള്ള നന്ദിസൂചകമായി യഹൂദര്‍ മുഹര്‍റം 10ന് നോമ്പ് നോല്‍ക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ മുഹമ്മദ് നബി (സ) ''അവരെക്കാള്‍ നാമാണ് അദ്ദേഹത്തോട് അടുത്തത്'' എന്നരുളിക്കൊണ്ട് ആ വര്‍ഷത്തെ മുഹര്‍റം 10-ന് നോമ്പ് നോല്‍ക്കുകയും അടുത്ത വര്‍ഷം മുഹര്‍റം 9-നും നോമ്പ് നോല്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അതിനാല്‍ താസൂആ, ആശൂറാ നോമ്പുകള്‍ പ്രബല സുന്നത്തായി കണക്കാക്കപ്പെടുന്നു. ഈ നോമ്പ് കൊണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടും എന്നും ഹദീസുകളിലുണ്ട്.
എന്നാല്‍, മുഹര്‍റം മാസവുമായി ബന്ധപ്പെട്ട് ഒരുപാട് അനാചാരങ്ങള്‍ നിലനില്‍ക്കുന്നതായി കാണാം. പവിത്ര മാസമായതിനാല്‍ അല്ലാഹു മുഹര്‍റത്തില്‍ യുദ്ധം നിരോധിച്ചിരിക്കുന്നു. എന്നാല്‍, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവക്ക് യാതൊരു തടസ്സമോ അനിഷ്ടമോ നിലനില്‍ക്കുന്നില്ല. അതോടൊപ്പം തന്നെ നബി(സ)യുടെ പൗത്രന്മാരുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങള്‍ക്കും പ്രവാചകചര്യയുടെ യാതൊരു പിന്‍ബലവുമില്ല.
മുഹര്‍റം വിമോചനത്തിന്റെ മാസമാണ്. അത്രമേല്‍ പ്രിയപ്പെട്ടത് കൊടുക്കാതെ നിങ്ങള്‍ പുണ്യം നേടുന്നേയില്ലെന്ന് ഖുര്‍ആന്‍ ആണയിടുന്നുണ്ടല്ലോ. ജീവിതത്തെ പൊതിഞ്ഞു നില്‍ക്കുന്ന എല്ലാ സുഖമുള്ള അടിമത്തങ്ങളില്‍ നിന്നും റബ്ബിലേക്കുള്ള പാത തെരഞ്ഞെടുക്കണമെന്ന് മുഹര്‍റം ഓര്‍മിപ്പിക്കുന്നു.