ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനുള്ള കരുത്ത് നല്‍കും

സാജിദ പി.ടി.പി
ജൂലൈ 2025
'സ്ത്രീ സൗഹൃദ പ്രവര്‍ത്തനങ്ങളിലൂടെ ഇസ്ലാമിന് വേണ്ടി ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനുള്ള കരുത്ത് നല്‍കും' ജമാഅത്തെ ഇസ് ലാമി സംസ്ഥാന പ്രസിഡന്റ് സാജിദ പി.ടി.പി ആരാമത്തോട്

ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അര്‍ധ മീഖാത്ത് പൂര്‍ത്തിയായി രണ്ടാം പാതിയിലേക്ക് പിന്നിട്ട സാഹചര്യത്തില്‍ പുതിയ കേരളത്തെ മുന്നില്‍വെച്ച് കുറച്ചധികം കാര്യങ്ങള്‍ നമുക്ക് ചെയ്യാനുണ്ട്. പുതിയ കേരളം എന്നത് ബോധപൂര്‍വം പ്രയോഗിച്ചതാണ്.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നേരത്തെ ആഴത്തില്‍ വേരൂന്നിയതും നമ്മുടെ നാട്ടില്‍ അടുത്ത കാലത്തായി നല്ല പ്രഹരശേഷിയോടെ അടിച്ചേല്‍പിക്കുന്ന ചിന്താഗതികളെയും ഇസ്ലാമോഫോബിക് മനോഭാവത്തെയും മുന്നില്‍ വെച്ചാണ് ഇങ്ങനെ പറഞ്ഞത്. ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആക്രമിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ മുസ്ലിം വനിതകളെ പ്രാപ്തമാക്കുന്നതോടൊപ്പം ഇസ്ലാമിനെ കുറിച്ചുള്ള യഥാര്‍ത്ഥ അറിവ് പകര്‍ന്നുനല്‍കുന്നതിന് ഊന്നല്‍ നല്‍കാനാണ് ആഗ്രഹിക്കുന്നത്. നവ ലിബറല്‍ ചിന്താഗതികള്‍ പുതു തലമുറയില്‍, വിശിഷ്യാ വിദ്യാര്‍ത്ഥികളില്‍ വേഗതയിലാണ് സ്വാധീനം ചെലുത്തുന്നത്. അതിന്റെ ഭാഗമായി ദീനീ ആശയങ്ങളില്‍നിന്ന് അകലുന്നവരും അനുഷ്ഠാനങ്ങളോട് താല്‍പര്യമില്ലാത്തവരുമായി മാറുന്ന പ്രവണത വര്‍ധിക്കുന്നുണ്ട്.

ഏറെ ശ്രമകരമായ ഈ വിഷയത്തില്‍ പുരുഷന്‍മാര്‍ക്ക് ചെയ്യാവുന്നതിലേറെ നമുക്ക് ചെയ്യാനാവും. കുടുംബങ്ങളെ സ്വാധീനിക്കാന്‍ നമ്മുടെ വാക്കുകള്‍ക്ക് കഴിയും. മാത്രമല്ല, ഈ വിഷയത്തില്‍ ഏറെ ശ്രദ്ധ കൊടുക്കേണ്ടത് പെണ്‍കുട്ടികളിലാണ്. മൊത്തം മുസ്ലിം വനിതാ സംഘടനകളുടെ പ്രവര്‍ത്തന ഊന്നലുകളില്‍ ഈ കാര്യം മുഖ്യ സ്ഥാനത്ത് വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഒറ്റക്കും കൂട്ടായും സംസാരിക്കുന്ന വേളകളില്‍ മുസ്ലിം വനിതാ നേതാക്കളോട് ഈ കാര്യം സജീവമായി ചര്‍ച്ച ചെയ്യണമെന്നും ബോധപൂര്‍വമായ കൂടിയിരിക്കലുകള്‍ ഈ വിഷയത്തില്‍ നടക്കണമെന്നും ആഗ്രഹിക്കുന്നുണ്ട്.

പുതിയ കാലത്തെ വിഷയങ്ങളെ അഡ്രസ് ചെയ്യാതെ ആര്‍ക്കും മുന്നോട്ടു പോകാനാവില്ല. കൂട്ടായ ഇരുത്തങ്ങള്‍ ആ നിലയില്‍ ഏറെ പ്രാധാന്യമുള്ളതാണ്. അത്തരം ചില സന്ദര്‍ഭങ്ങള്‍ മുമ്പ്് ഉണ്ടായിട്ടുണ്ടെങ്കിലും മുഴുസമുദായത്തിന്റെയും ആവശ്യമായി കണ്ട് ഒരുമിക്കണം. ആ വിഷയത്തില്‍ കഴിഞ്ഞ കാലത്ത് നടന്ന കാമ്പയിനുകള്‍ക്ക് തുടര്‍ച്ച വേണം.

തംഹീദുല്‍ മര്‍അഃ, ഖുര്‍ആന്‍ സ്റ്റഡി തുടങ്ങി പ്രസ്ഥാനത്തിന് കീഴിലുള്ള സംവിധാനങ്ങളിലെ പഠിതാക്കളില്‍ ഇത്തരം കാലിക വിഷയത്തിലുള്ള അവബോധങ്ങള്‍ സൃഷ്ടിക്കാന്‍ പരമാവധി പരിശ്രമിക്കും. മഹല്ല് ഭാരവാഹികള്‍, സംഘടനാ നേതാക്കള്‍ എന്നിവരുമായി ഈ വിഷയത്തില്‍ സംവദിക്കുകകയും കര്‍മ പരിപാടികളില്‍ ഈ വിഷയങ്ങള്‍ കൂടി കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യും.

ആ വഴിക്ക് കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ നടത്തിയിട്ടുള്ള ചുവടുവെപ്പുകള്‍ക്ക് നല്ല ഫലമുണ്ടായിട്ടുണ്ട്. മുസ്ലിം വനിതാ പ്രൊഫഷണലുകളെ വിളിച്ചുകൂട്ടി 'പ്രൊഫീസിയ' എന്ന തലക്കെട്ടില്‍ നടത്തിയിട്ടുള്ള പ്രൊഷണല്‍ മീറ്റ് ആ വഴിക്കുള്ള ആദാന പ്രദാനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട്.

ഇസ്ലാമിനെ ആഴത്തില്‍ വായിക്കാന്‍ ശ്രമിക്കുന്നവരും ഇത്തരം കാലിക വിഷയങ്ങളില്‍ കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടുകളുള്ളവരും പ്രൊഫഷണല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലുണ്ട് എന്നതില്‍ അഭിമാനം തോന്നിയ സന്ദര്‍ഭമായിരുന്നു അത്.

 

കുടുംബ ശാക്തീകരണം

കുടുംബ ശാക്തീകരണത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് മറ്റൊരു ഊന്നല്‍. കുടുംബ ഘടന അസ്ഥിരപ്പെടുത്തുക എന്നതാണ് നവ ലിബറല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുണ്ടാക്കുന്ന ഏറ്റവും വലിയ അപകടം. വിവാഹം സ്വാതന്ത്ര്യത്തിന് വിഘാതമാണെന്നും അവരവരുടെ ശരീരത്തിന്മേലുള്ള പൂര്‍ണാവകാശം അവരവര്‍ക്ക് തന്നെയാണെന്നുമുള്ള ചിന്ത സൃഷ്ടിക്കുന്ന അരാജകത്വം വൈവാഹിക ജീവിതത്തെയും കുടുംബ ഘടനയെയുമാണ് സാരമായി പരിക്കേല്‍പ്പിക്കുന്നത്.

കുടുംബത്തിന്റെ മഹത്വം മനസ്സിലാവാത്തതല്ല, പ്രായോഗിക പ്രതിസന്ധികളെ മറികടക്കുന്നിടത്തുള്ള ശേഷിക്കുറവാണ് പലപ്പോഴും വില്ലനാവുന്നത്. വ്യവസ്ഥാപിതമായ ഫാമിലി കൗണ്‍സലിംഗ് പ്രോഗ്രാമുകള്‍കൊണ്ട് ഏറെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഒരു കുടുംബത്തില്‍ ഒരു കൗണ്‍സലര്‍ എന്ന നിലയിലേക്ക് വിഷയത്തെ മനശ്ശാസ്ത്രപരമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരംഗമെങ്കിലും ഓരോ കുടുംബത്തിലുമുണ്ടാവുന്ന തരത്തില്‍ ആളുകളെ പരിശീലിപ്പിക്കണം.

സ്‌നേഹവും സൗഹൃദവും പൂത്തുലയുന്ന എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ സമാധാനം ലഭിക്കുന്ന ഇടമായി കുടുംബം മാറണം. മുതിര്‍ന്നവര്‍ മുതല്‍ ഏറ്റവും ചെറിയ കുടുംബാംഗം വരെയുള്ളവര്‍ക്ക് ഈ തോന്നലുണ്ടാവണം. അധികാരാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോര്‍വിളികള്‍ക്ക് പകരം സഹവര്‍ത്തിത്വത്തിന്റേയും ഉള്‍ക്കൊള്ളലിന്റേയും ഊഷ്മളമായ കൊടുക്കല്‍ വാങ്ങലുകളുടേയും അന്തരീക്ഷമാണ് രൂപപ്പെട്ടു വരേണ്ടത്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട കുടുംബാധികാര സങ്കല്‍പങ്ങളില്‍ ഇസ്ലാം വിരുദ്ധമായ കാര്യങ്ങളുണ്ട്. അവ പലപ്പോഴും വില്ലനാവും. സ്വാതന്ത്ര്യം ഏകപക്ഷീയമായി രണ്ടാലൊരു വിഭാഗത്തിന് മാത്രം അനുഭവിക്കാന്‍ കഴിയുന്ന ഒന്നാവരുത്. മാതാപിതാക്കള്‍ - മക്കള്‍, ഭാര്യ - ഭര്‍ത്താവ് തുടങ്ങി കുടുംബത്തിനകത്തെ എല്ലാവര്‍ക്കും അനുഭവിക്കാന്‍ കഴിയണം. ആരും ആരുടേയും സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യരുത്. അമിതാധികാരങ്ങളുടെ ചാട്ടവാറുകള്‍ ഇരു ഭാഗത്തുനിന്നും ഉയരരുത്. കുടുംബം എല്ലാവരുടേയും മുഖ്യപരിഗണനയാവുന്ന സാഹചര്യമുണ്ടാക്കലാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ ആ വഴിക്കും നല്ല ചുവടുകള്‍ വെച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചകള്‍ ആസൂത്രിതമായി വിജയിപ്പിക്കാന്‍ ശ്രമിക്കണം.

 

കാലിക വിഷയങ്ങളിലെ ഇടപെടല്‍

ചലനാത്മകമായ ഏതൊരു സംഘടനയ്ക്കും കാലികവിഷയങ്ങളെ ആശയതലങ്ങളില്‍ പഠന വിധേയമാക്കി നിലപാടുകള്‍ കൃത്യപ്പെടുത്തി മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. കേവലം ഉപരിപ്ലവമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി മാറി നില്‍ക്കുന്നതിന് പകരം കൃത്യമായ പഠനങ്ങളും പ്രസന്റേഷനുകളും എല്ലാ വിഷയത്തിലും ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. സംസ്ഥാന തലം മുതല്‍ താഴോട്ട് ഈ നിലയില്‍ പഠന ഗ്രൂപ്പുകള്‍ വനിതാ വിഭാഗത്തിന് കീഴിലുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തക കൂട്ടമാണ് ഓരോ വിഷയത്തെയും അപഗ്രഥിച്ച് ആഴത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. നന്നായി പഠിച്ച് മാത്രം കാര്യങ്ങളെ സമീപിക്കുക എന്ന ബോധത്തിലേക്ക് പ്രവര്‍ത്തകരെ എത്തിക്കുക എന്നത് കൂടി ഈ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.

ഇസ്ലാം വിരുദ്ധ പ്രചാരണങ്ങളെ അതിന്റെ സ്രോതസ്സില്‍നിന്ന് കണ്ടുപിടിക്കകയും പ്രമാണബദ്ധമായി പ്രതിരോധിക്കുകയും ചെയ്യുക എന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയുക മാത്രമല്ല, നിരന്തരം ചോദ്യങ്ങളുയര്‍ത്തുന്നവരായി മാറുക എന്നതും പ്രധാനമാണ്. വര്‍ഗീയ ഫാസിസ്റ്റുകള്‍ നിരന്തരമായ നുണകള്‍ പ്രചരിപ്പിച്ചാണ് അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ചരിത്ര ബോധത്തോടെ ചെറുത്തു നില്‍ക്കാന്‍ കഴിയണം. ചെറുത്തു നില്‍പുകളെയും ചോദ്യങ്ങളെയും ഫാസിസ്റ്റുകള്‍ പേടിക്കുന്നു. അതുകൊണ്ട് നമ്മുടെ ചരിത്രത്തെ ആഴത്തിലറിയുകയും കൈമാറുകയും ചെയ്യേണ്ടതുണ്ട്.

 

സംസ്‌കരണ മേഖല

പ്രബോധക സംഘമെന്ന നിലയില്‍ മാതൃകാ സമൂഹമായി ഉയര്‍ന്നു നില്‍ക്കാനുള്ള ധാര്‍മിക ബാധ്യത എല്ലാ പ്രവര്‍ത്തകര്‍ക്കുമുണ്ട്. സാക്ഷ്യ നിര്‍വഹണത്തില്‍ മുഖ്യം ജീവിതം മുന്‍നിര്‍ത്തിയുള്ള അടയാളപ്പെടുത്തലാണ്. പറയുന്ന കാര്യങ്ങളുടെ ഒന്നാമത്തെ അഭിസംബോധിതന്‍ പറയുന്ന ആള്‍ തന്നെയാണ്.

ആ നിലയില്‍ ആത്മീയ - ഭൗതിക വിഷയങ്ങളില്‍ മാതൃകയാവാന്‍ പ്രവര്‍ത്തകര്‍ക്കാവണം. സ്വഭാവ വിശുദ്ധിയിലും സാമ്പത്തിക അച്ചടക്കത്തിലും കര്‍ശന നിലപാടുകള്‍ സ്വയം സ്വീകരിക്കാന്‍ കഴിയുംവിധം തര്‍ബിയ, തസ്‌കിയ പ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ പരമാവധി സ്ത്രീ സൗഹൃദമാവണമെന്നതിന് കുറച്ചുകൂടി പരിഗണന കൊടുക്കേണ്ടതുണ്ട്. ഒരേസമയം ബഹുമുഖ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവേണ്ടി വരുന്ന സഹോദരിമാരില്‍ തനത് ശൈലിയില്‍ പ്രവര്‍ത്തിക്കാനുള്ള പ്രവർത്തന രീതി രൂപപ്പെടണം.

വളരെ ശ്രദ്ധ ചെലുത്തേണ്ട മറ്റൊരു മേഖല വൈജ്ഞാനിക രംഗമാണ്. വിഷയാധിഷ്ഠിത പഠനങ്ങള്‍, ആനുകാലിക വിഷയങ്ങളിലുള്ള അവബോധം, തങ്ങള്‍ക്ക് അല്ലാഹു നല്‍കിയ കഴിവുകളെ വികസിപ്പിച്ച് സമൂഹത്തിനും ദീനിനും പ്രസ്ഥാനത്തിനും ഉപകരിക്കുന്നതാക്കി മാറ്റാനുള്ള പ്രചോദനങ്ങള്‍ ഇവയൊക്കെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ലഭ്യമാകണം എന്നാണ് തീരുമാനം. പഠന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭാഗങ്ങള്‍ നേരത്തെ നിശ്ചയിച്ച് മൊഡ്യൂളുകളും നേതൃപരിശീലനങ്ങളും നല്‍കി ശാക്തീകരിക്കണമെന്നാണ് കരുതുന്നത്.

 

സേവന മേഖല

സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ആരാധനാ ഭാവം നല്‍കി അശരണരെയും അഗതികളെയും സഹായം ആവശ്യമുള്ള മുഴുവന്‍ പേരെയും മത, ജാതി വിഭാഗീയതകള്‍ ഇല്ലാതെ ചേര്‍ത്തു നിര്‍ത്തുന്നതാണ് നമ്മുടെ പ്രവര്‍ത്തന സംസ്‌കാരം. നമ്മുടെ വ്യത്യസ്ത സേവന സംവിധാനങ്ങളായ പീപ്പിള്‍സ് ഫൗണ്ടേഷന്‍, ബൈത്തുസ്സകാത്ത് പദ്ധതികള്‍ ആവശ്യക്കാരില്‍ എത്തിക്കുകയും അര്‍ഹരെ കണ്ടെത്തുകയും ചെയ്യുന്നു. പ്രാദേശിക തലങ്ങളില്‍  പാലിയേറ്റീവ് പോലുള്ള ജനോപകാര വേദികളില്‍ സേവനം ചെയ്യുന്ന ധാരാളം പ്രവര്‍ത്തകര്‍ നമുക്കുണ്ട്. മേപ്പാടി ചൂരല്‍മല ദുരന്ത സമയത്ത് വനിതകള്‍ക്ക് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടുണ്ട്. '4 Her' എന്ന ഒരു ഹെല്‍പ്പ് ലൈന്‍ സംവിധാനം നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വ്യത്യസ്ത സഹായ സംവിധാനങ്ങളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവന്ന് ആവശ്യക്കാരിലേക്ക് സേവനം എത്തിക്കുന്ന വേദിയാണിത്.

മുസ്ലിം സ്ത്രീകളെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്ത് ഇസ്ലാംവിരുദ്ധ ആശയങ്ങളില്‍ അകപ്പെടുത്തുന്ന സാഹചര്യത്തില്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മുസ് ലിം സ്ത്രീയെ കുറിച്ചും അവള്‍ക്ക് നല്‍കിയ അവകാശങ്ങളെ കുറിച്ചും, പ്രത്യേകിച്ച് അനന്തര സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ പടര്‍ത്തുന്ന ഇസ്ലാംവിരുദ്ധ-സ്ത്രീവിരുദ്ധ നരേറ്റീവുകളെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നാണ് കരുതുന്നത്.

ഇസ്ലാം വെറുപ്പ് ബോധപൂര്‍വം പടര്‍ത്തിക്കൊണ്ടിരിക്കുന്ന കാലത്ത് ഇസ്ലാമിനനുകൂലമായ പൊതുബോധ നിര്‍മിതിയില്‍ വലിയ ഉത്തരവാദിത്വങ്ങള്‍ സ്ത്രീകള്‍ക്ക് കൂടി നിര്‍വഹിക്കാനുണ്ട്. അതിനുള്ള കഴിവും ഗുണങ്ങളുമുള്ള പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ കൂടിയാണ് ഈ കാലത്ത് ശ്രമിക്കേണ്ടത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media