മനുഷ്യരുടെ നാട്ടില്‍...

ദാമോദര്‍ മൗസോ
ജൂലൈ 2025
കൊങ്കണി കഥ

രാംനഗറിലെത്തുന്നതുവരെ അസ്വാഭാവികമെന്ന് പറയാവുന്ന ഒന്നും സംഭവിച്ചിരുന്നില്ല. കാളകളെല്ലാം വരിവരിയായി തന്നെയാണ് നടന്നിരുന്നത്. ഇടയ്ക്കിടെ മെല്ലെ ഓടുന്നുമുണ്ടായിരുന്നു. ബുദ്ദുവിന്റെ കഴുത്തില്‍ കെട്ടിയ മണി നന്നായി കിലുങ്ങുന്നുണ്ട്. അതിന്റെ താളത്തിനനുസരിച്ച് നേര്‍ത്ത  വടികൊണ്ട് ഹല്‍സിദ്ധു കാളകളെ തെളിച്ച് പിന്നാലെ ഓടിക്കൊണ്ടിരുന്നു.

ഇനി ഒരു ദിവസം കൂടി.. പിന്നെ ഗോവയില്‍..! ഓരോ കാളയേയും എത്തിക്കുന്നതിന് നാല്‍പ്പത് രൂപ വീതമെങ്കിലും കിട്ടും. കന്നുകാലികളെ ദല്ലാളിന് കൈമാറിക്കഴിഞ്ഞാല്‍ പണം എണ്ണി മേടിച്ച് തിരിച്ചുവരുമ്പോള്‍ നാട്ടിലേക്കാവശ്യമായ കുറച്ച് സാധനങ്ങള്‍ വാങ്ങുകയും ചെയ്യാം.

ഗോവയുടെ പച്ചപ്പുനിറഞ്ഞ ഭൂമി... ഒരുപാടുപേരില്‍ നിന്നും കേട്ടുമാത്രമറിഞ്ഞ പ്രദേശം. കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞാല്‍ കണ്‍മുന്നില്‍ തെളിയാന്‍ പോവുകയാണ്. ഏതോ മായികലോകത്തിലെന്ന പോലെ ഹല്‍സിദ്ധു വടികൊണ്ട് ബുദ്ദുവിന്റെ മുതുകില്‍ വീശി അടിച്ചു. പാവം ബുദ്ദു കുതിച്ചുചാടി ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടയില്‍ തന്റെ മുമ്പിലെ കാളയുടെ പിന്‍ഭാഗത്ത് തലകൊണ്ട് ഒരു കുത്തു കൊടുത്തു. ആ കാള വാലുയര്‍ത്തി എതിര്‍വശത്തേക്ക് ഓടി. അപ്പോഴേക്കും, പിറകില്‍ നിന്ന് അതിവേഗത്തില്‍ വന്ന ഒരു ട്രക്ക് അതിനെ ഇടിച്ചുതെറിപ്പിച്ചു. ആ കാള ഉച്ചത്തില്‍ മുക്രയിട്ടുകൊണ്ട് റോഡില്‍ വീണു. ട്രക്ക് നിര്‍ത്താതെ വേഗത്തില്‍ കടന്നുപോയി.

സിദ്ധുവിന്റെ കൈകാലുകള്‍ തണുത്ത് വിറങ്ങലിച്ചു. ഇനി എന്ത് ചെയ്യും? അവന്‍ പെട്ടെന്ന് മറ്റു കാളകളെ റോഡിനോട് ചേര്‍ന്നുള്ള തുറസ്സായ സ്ഥലത്തേക്ക് തെളിച്ച് ഒരുമിച്ച് നിര്‍ത്തി. തിരികെ റോഡിലേക്കിറങ്ങി. സഹായം അഭ്യര്‍ഥിക്കുന്ന കണ്ണുകളോടെ കാള സിദ്ധുവിനെ ദയനീയമായി നോക്കി. അതിന്റെ പിന്‍ഭാഗത്തെ എല്ലുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ജീവനുണ്ടെന്ന് തെളിയിക്കാനെന്ന പോലെ അത് മുന്‍കാലുകള്‍ ഇളക്കാന്‍ തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ സിദ്ധു അതിനരികില്‍ തരിച്ചിരുന്നുപോയി.

അതുവഴി പോകുന്ന കാല്‍നടയാത്രക്കാര്‍ ഒരു നിമിഷം നിന്ന് സഹതാപത്തോടെ നോക്കിയിട്ട്, അവരവരുടെ പാട്ടിന് പോവുകയാണ്. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഒരു ട്രക്ക് ഡ്രൈവര്‍ വണ്ടി നിര്‍ത്തി, സിദ്ധുവിനെ നോക്കി ഉച്ചത്തില്‍ ആക്രോശിച്ചു: 'അതിനെ ഒരുവശത്തേക്ക് വലിച്ചിട്ടൂടേ. നീ കാണുന്നില്ലേ, ട്രാഫിക്കിന് തടസ്സമായിട്ടാണത് റോഡില്‍ കിടക്കുന്നതെന്ന്?'

വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അച്ഛന്‍ പല പ്രധാന നിര്‍ദേശങ്ങളും നല്‍കിയിരുന്നു. പല കാര്യങ്ങളിലും ജാഗ്രത പാലിക്കണമെന്ന് ദല്ലാളും പറഞ്ഞിരുന്നു. എന്നാല്‍ വഴിയില്‍ വെച്ച് ഇങ്ങനെയൊരു അപകടം സംഭവിച്ചാല്‍ എന്തുചെയ്യണമെന്ന് ആരും സൂചിപ്പിച്ചിരുന്നില്ല.

''അയ്യോ, ഒന്ന് സഹായിക്കണേ...'' വഴിപോക്കരുടെ കൈയും കാലും പിടിച്ച് സിദ്ധു കാളയെ വലിച്ചിഴച്ച് ഒരുവിധം റോഡരികിലേക്കാക്കി. വയറു നിറച്ച് ഭക്ഷണം കിട്ടാത്തതു കൊണ്ടാവണം കാള വെറും അസ്ഥികൂടമായി തോന്നി. എന്നിട്ടും അത്യാവശ്യം ഭാരമുണ്ട്. മൂന്നാളുകള്‍ ചേര്‍ന്ന് വലിച്ചാണ് അതിനെ റോഡരികിലെത്തിച്ചത്. കാളയുടെ ദയനീയമായ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ സിദ്ധുവിന് സങ്കടം തോന്നി. അവന്‍ ഇടംവലം നോക്കി. കുറച്ച്  ദൂരെയൊരു കുടില്‍ കണ്ടു. മറ്റു കാളകളെ റോഡിലേക്കിറങ്ങാന്‍ കഴിയാത്ത രീതിയില്‍ സുരക്ഷിതമായൊരിടത്ത് നിര്‍ത്തി സിദ്ധു അങ്ങോട്ട് നടന്നു. പുറത്തൊരു വൃദ്ധന്‍ ഇരിപ്പുണ്ടായിരുന്നു. സിദ്ധു അയാളോട് കുറച്ച് വെള്ളം ചോദിച്ചു. വഴിയില്‍ കിടക്കുന്ന കാളയ്ക്കുവേണ്ടിയായിരുന്നു ആവശ്യപ്പെട്ടത്. എന്നാലയാള്‍ ഗ്ലാസിലാണ് വെള്ളം കൊടുത്തത്. അത് വാങ്ങിക്കുടിച്ച ശേഷം സിദ്ധു ഉണ്ടായ സംഭവങ്ങള്‍ അയാളോട് വിവരിച്ചു. അയാള്‍ വെള്ളം നിറച്ച ഒരു പ്ലാസ്റ്റിക് കുപ്പി എടുത്തു കൊടുത്തു.

സിദ്ധു കുപ്പിയിലെ വെള്ളം കാളയുടെ വായിലേക്ക് ഒഴിച്ചുകൊടുത്തു. എന്നാല്‍, എത്രമാത്രം അത് കുടിച്ചു എന്ന് പറയാന്‍ ബുദ്ധിമുട്ടായിരുന്നു. കാരണം, കുറേ വെള്ളം പുറത്തേയ്ക്കും ഒഴുകി പോയിരുന്നു.

'ഈ കാളകളെ നീ ഗോവയിലേക്കാണോ കൊണ്ടുപോകുന്നത്?' വൃദ്ധന്‍ അവന്റെ അടുത്ത് വന്നു ചോദിച്ചു. സിദ്ധു തല കുലുക്കി.

'ദല്ലാള്‍ ആരാണ്?'

'കാസിം...'

'ഇനിയെന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് ?'

സിദ്ധു ഒന്നും മിണ്ടിയില്ല.

'ഞാന്‍ പറയുന്നത് കേള്‍ക്കൂ.. ഈ കാള ഇവിടെയിരിക്കട്ടെ. ചത്തു പോകും മുമ്പ് തന്നെ ഇതിനെ ഏതെങ്കിലും ഒരു കശാപ്പുകാരന് വില്‍ക്കുകയാണ് നല്ലത്. കുറച്ചെന്തെങ്കിലും കിട്ടും. ഇവിടെനിന്ന് അരമണിക്കൂര്‍ ദൂരെയാണ് കശാപ്പുകാരന്‍ കരീം താമസിക്കുന്നത്. ഞാനവനെ വിളിക്കട്ടെ..?'

അപ്പോഴും സിദ്ധു മറുപടിയൊന്നും പറഞ്ഞില്ല. പാവം കാള.. അത് മണ്ണില്‍ തല ചായ്ച്ച് കിടക്കുകയാണ്. ഈ അവസ്ഥയില്‍ അതിന്റെ കണ്ണുകള്‍ സിദ്ധുവിനോട് യാചിക്കുന്ന പോലെ തോന്നി. 'എന്റെ വേദനകളൊന്ന് തീര്‍ത്തു തരാമോ...?'

''കാസിമിനെ എനിക്കറിയാം. നേരത്തെ ഞാനും കന്നുകാലികളെ കൊണ്ടുപോകുന്ന ജോലിയാണ് ചെയ്തിരുന്നത്. എന്റെ ദല്ലാളിന്റെ പേര്  നബീലെന്നാണ്. അയാളുടെ കൂടെ നിന്നാണ് കാസിം പണി പഠിച്ചത്. ഗോവയില്‍ പോകുമ്പോഴെല്ലാം ഞാനയാളെ കാണാറുണ്ട്. ഇപ്പോഴെനിക്ക് പോവാന്‍ കഴിയാറില്ല.

''അപ്പൂപ്പാ..! ദല്ലോളിനോട് ഇനി ഞാനെന്ത് പറയും? അയാളെന്നെ....'' സിദ്ധു ആശങ്കയോടെ ചോദിച്ചു.

''ദര്‍ഗയിലെ അഷ്‌റൂമിയ പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കാസിമിനെ അറിയിക്കുക. അവന്‍ ഈ വഴി വരാതിരിക്കില്ല. അപ്പോള്‍ ഞാനും അവനോട് പറഞ്ഞോളാം. ഇത് നിന്റെ തെറ്റല്ല. ഇടുങ്ങിയ റോഡുകളില്‍ ഇതൊക്കെ പതിവുള്ളതാണ്. അതവനുമറിയാം.

അഷ്‌റൂമിയയുടെ വാക്കുകള്‍ സിദ്ധുവിന് ധൈര്യം നല്‍കി. കരീം എത്തിയപ്പോഴേക്കും വിളക്ക് തെളിയിക്കാനുള്ള നേരമായിട്ടുണ്ടായിരുന്നു. ഒരു ചെറിയ ഓട്ടോറിക്ഷയുമായാണ് അയാള്‍ വന്നത്. കാളയെ അയാളതില്‍ കുത്തിക്കയറ്റാന്‍ തുടങ്ങി. അതിന് വേദനിക്കുന്നുണ്ടാകും. സിദ്ധുവിന്റെ വേവലാതി കണ്ടിട്ട് ഒരു പരിഹാസച്ചിരിയോടെ കരീം പറഞ്ഞു 'ഞാനിതിനെ പോറ്റാനൊന്നുമല്ല കൊണ്ടുപോകുന്നത്. കശാപ്പ് ചെയ്യാനാണ്.'

കരീം തിരിച്ചുപോകാന്‍ തുടങ്ങിയപ്പോള്‍ സിദ്ധു പതിയെ വൃദ്ധനോട് ചോദിച്ചു: 'കാശിന്റെ കാര്യം...?'

'ഇപ്പോള്‍ കാശ് ചോദിച്ചാല്‍ കാര്യമായൊന്നും കിട്ടില്ല. ഞാനിയാളോട് കാസിമിന് കൊടുക്കാനാണ് പറഞ്ഞത്. കാസിമിനും അതറിയാം. ഞാന്‍ പറഞ്ഞിട്ടാണെന്ന് മാത്രം അറിയിച്ചാല്‍ മതി.''

സിദ്ധുവിന് ആശ്വാസമായി. അന്ന് രാത്രി അവിടെ കഴിച്ചുകൂട്ടേണ്ടിവന്നു. അഷ്്‌റൂമിയയുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഒരു വലിയ പാത്രത്തില്‍ കുറച്ച് പിണ്ണാക്കിട്ട് വെള്ളമൊഴിച്ച് കുതിര്‍ത്തു. യെല്ലമ്മയുടെ പ്രസാദം വിതരണം ചെയ്യുന്ന പോലെ എല്ലാ കാളകള്‍ക്കും കൊടുത്തു. അതേ പാത്രത്തില്‍ വീണ്ടും വെള്ളം നിറച്ച് കാളകളുടെ മുമ്പില്‍ വെച്ച് കൊടുത്തു. പരസ്പരം ഉന്തിത്തള്ളിക്കൊണ്ട് അവ പരമാവധി കുടിച്ചുതീര്‍ത്തു. പിന്നീട് കാളകളെ ഒന്നിച്ചുകൂട്ടി വട്ടത്തിലിരുത്തി. ബുദ്ദു നടുക്കിരുന്ന് അയവിറക്കി കൊണ്ടിരുന്നു.

യാത്രയ്ക്കിടയില്‍ കഴിക്കാനായി കുറേ ഭക്ഷണം അമ്മ തുണിയില്‍ പൊതിഞ്ഞ് തന്നിരുന്നു. അത് ബുദ്ദുവിന്റെ കൊമ്പിലാണ് തൂക്കിയിട്ടിരുന്നത്. സിദ്ധു ചെന്ന് അതെടുത്തു. നേരത്തെ കാളയ്ക്ക് വെള്ളം കൊടുത്ത കുപ്പിയെടുത്ത് അതില്‍ വെള്ളം നിറച്ച് കൊണ്ടുവന്നു. അടുത്തുള്ള ഗോഡ്ഗ മരത്തിന് ചുവട്ടില്‍ ചെന്നിരുന്നു. നല്ല വിശപ്പ്. വയറ്റില്‍ ആരോ വലിയൊരു കുഴി കുഴിച്ചതുപോലെ. വെളുത്തുള്ളി ചമ്മന്തിയും കൂട്ടി മൂന്ന് ചപ്പാത്തി കഴിച്ചിട്ടും മതിയാവാത്ത പോലെ. ഒന്ന് കൂടി കഴിക്കണമെന്ന ആഗ്രഹം ഉള്ളിലൊതുക്കി പൊതി കെട്ടിവെച്ചു. അമ്മ തന്നതില്‍ കുറച്ചേ കഴിച്ചുള്ളൂ. ഇനിയും ബാക്കിയുണ്ട്. തിരിച്ചുവരുമ്പോള്‍ കഴിക്കാനായി കരുതിവെക്കണമല്ലോ. വെള്ളം കുടിച്ച് ഏമ്പക്കമിട്ടുകൊണ്ട് അവന്‍ മരത്തിന്റെ ചുവട്ടില്‍ കിടന്നു.

ഇതേപോലെ ഒരു മരം സിദ്ധുവിന്റെ വീട്ടുമുറ്റത്തും ഉണ്ടായിരുന്നു. ഇതിനേക്കാള്‍ അല്‍പ്പം വലുത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ശരത്കാലത്തില്‍ ഇലകളെല്ലാം കൊഴിഞ്ഞുപോയി. ഇപ്പോള്‍ പത്ത് മാസം കഴിഞ്ഞു. ഇതുവരെ പുതിയ ഇലകളൊന്നും കിളിര്‍ത്തിട്ടില്ല. മഴ പെയ്യാഞ്ഞാലെന്ത് ചെയ്യും? അതില്‍ ആയിരക്കണക്കിന് ചില്ലകളുണ്ടായിരുന്നു. എല്ലാം കരിഞ്ഞുണങ്ങിപ്പോയി. വരള്‍ച്ചയില്‍ എല്ലാം നശിച്ചു. ഈ മരത്തില്‍ എത്ര നല്ല പച്ച ഇലകളാണുള്ളത്! എല്ലാവരും പറയുന്നു ഗോവയിലും എല്ലായിടത്തും പച്ചപ്പ് തന്നെയായിരിക്കുമെന്ന്.

വലുതാകുമ്പോള്‍ ഗോവയില്‍ പോയി മനുഷ്യനെപ്പോലെ ജീവിക്കണം. സിദ്ധുവിനോട് അച്ഛന്‍ എപ്പോഴും പറഞ്ഞിരുന്ന കാര്യമാണിത്. തനിക്ക് ചെയ്യാന്‍ കഴിയാത്തത് മകന് ചെയ്യാനാകണം. ഈ ഒരാഗ്രഹമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

ഖാനാപൂര്‍ പിന്നിട്ട് ഹൈവേയില്‍ നിന്ന് ഏഴ് മൈല്‍ ഉള്ളിലേക്കാണ് അവരുടെ ഗ്രാമം. മുമ്പവിടെ ഒരു സ്‌കൂള്‍ പോലുമുണ്ടായിരുന്നില്ല. മുത്തച്ഛന്‍ ബാബാസാഹെബ് അംബേദ്കറുടെ പ്രസംഗങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. അദ്ദേഹം അച്ഛനോട് പറഞ്ഞിരുന്നത് 'പഠിക്കൂ മനുഷ്യനാകൂ' എന്നായിരുന്നു. അച്ഛന്‍ സ്‌കൂളില്‍ പോയി പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നു. എന്നിട്ടും മനുഷ്യനാവാന്‍ പറ്റിയില്ല. പിന്നീട് മഹാര്‍ കോളനിയിലെ നിരവധി കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങി. ഹൈസ്‌കൂളിലും പഠിച്ചു. പക്ഷേ, ഗ്രാമത്തില്‍ തന്നെ നില്‍ക്കേണ്ടി വന്നു. അവര്‍ക്കാര്‍ക്കും മനുഷ്യരാകാന്‍ സാധിച്ചില്ല.  ഖാനാപൂരിലും ബെല്‍ഗാമിലുമെത്തിയവര്‍ ഗ്രാമത്തില്‍ താമസിക്കുന്നവരേക്കാള്‍ പുരോഗതി നേടി. പക്ഷേ, അച്ഛന്‍ അതിലും വ്യത്യസ്തമായൊരു ലോകമായിരുന്നു കണ്ടിരുന്നത്. അച്ഛന് പരിചയമുള്ള മൂന്ന്-നാല് പേര്‍ ഗോവയില്‍ താമസിച്ചിരുന്നു. അവരെ കാണാനെന്ന പേരില്‍ രണ്ടുമൂന്നു തവണ ഗോവയില്‍ പോയിരുന്നു. അവിടത്തെ ജീവിതത്തെ കുറിച്ച് അദ്ദേഹം സിദ്ധുവിനോട് പറഞ്ഞിരുന്നു. 'കുറേ പഠിക്കാന്‍ പറ്റിയില്ലെങ്കിലും സാരമില്ല സിദ്ധൂ... വലുതാകുമ്പോള്‍ എന്തായാലും നീ ഗോവയില്‍ പോയി താമസിക്കണം, എന്നിട്ട് മനുഷ്യനാകണം.'

ഗോവയില്‍ ചെന്ന്  മനുഷ്യനാകണമെന്ന സ്വപ്നം കണ്ടാണ് സിദ്ധു വളര്‍ന്നത്. എന്നാല്‍ ഇത് യാഥാര്‍ഥ്യമാകുന്നതിന്റെ സൂചനകളൊന്നും കണ്ടില്ല.

ഒരു ദിവസം ദല്ലാള്‍ കാസിം ഗ്രാമത്തിലെത്തി. അന്നാണ് സിദ്ധുവിന്റെ പ്രതീക്ഷകള്‍ പൂവണിഞ്ഞത്.

വരള്‍ച്ച കാരണം ഗ്രാമത്തിലെ കര്‍ഷകരാകെ വിഷമത്തിലായി. പട്ടിണി കിടക്കേണ്ട അവസ്ഥ വന്നു. പണക്കാരുടെ വീടുകളില്‍ പോലും ഒരു നേരത്തെ ആഹാരത്തിനുള്ള വകയേ ഉണ്ടായിരുന്നുള്ളൂ. മനുഷ്യരുടെ അവസ്ഥ ഇതാണെങ്കില്‍ പിന്നെ കന്നുകാലികളുടെ കാര്യം പറയാനുണ്ടോ? അവരെക്കുറിച്ച്  ആരോര്‍ക്കാന്‍..? പ്രായം ചെന്ന കന്നുകാലികളുടെ കാര്യം പോട്ടെന്ന് വയ്ക്കാം. ഇളം പ്രായത്തിലുള്ള ആടുമാടുകളുടെ ശരീരത്തില്‍ വാരിയെല്ലുകള്‍ പൊന്തി, എണ്ണിയെടുക്കാന്‍ തക്ക രീതിയിലായിരുന്നു. മഴ പെയ്യുമെന്ന പ്രതീക്ഷയില്‍ കാളകളുടെ മുതുകില്‍ നുകം വെച്ച് പാടം ഉഴുതു നോക്കി. ശോഷിച്ച കാളകളുടെ മുതുകില്‍ നുകമുരഞ്ഞ് മുറിവുകളുണ്ടായത് മിച്ചം. കര്‍ഷകര്‍ സ്വന്തം മക്കളെ പോലെ വളര്‍ത്തിയ കന്നുകാലികള്‍ ഇപ്പോഴവര്‍ക്ക് ഭാരമായി മാറി.

കര്‍ഷകരുടെ ഈ നിസ്സഹായാവസ്ഥ ദല്ലാളുമാര്‍ക്ക് സന്തോഷം നല്‍കുന്നതായിരുന്നു. തങ്ങളുടെ കന്നുകാലികളെ തുച്ഛമായ വിലയ്ക്ക് വില്‍ക്കാന്‍ പാവം ഉടമകള്‍ നിര്‍ബന്ധിതരായി. ഇവയെ ദൂരസ്ഥലങ്ങളില്‍നിന്നുള്ള കശാപ്പുകാര്‍ക്ക് കൂടുതല്‍ വിലയ്ക്ക് വില്‍ക്കുക മാത്രമാണ് ദല്ലാളുമാരുടെ ജോലി. തലപ്പാവ് ധരിച്ച താടിക്കാരന്‍ കാസിം വലിയ പത്രാസിലായിരുന്നു ഗോവയില്‍ നിന്ന് മോട്ടോര്‍ സൈക്കിളില്‍ ഗ്രാമത്തിലേക്ക് വന്നത്. ആദ്യമയാള്‍ ഗ്രാമത്തിലെ ദരിദ്രരായ കര്‍ഷകരുടെ അവസ്ഥ വിലയിരുത്തി. ശേഷം കാളകളുടെ വില നിശ്ചയിച്ചു. എന്ത് കിട്ടിയാലും വേണ്ടില്ലെന്ന് കരുതി അവര്‍ വില്‍പ്പനക്ക് തയ്യാറായി.

സിദ്ധുവിന്റെ പക്കല്‍ ബുദ്ദു എന്ന കാളയുണ്ടായിരുന്നു. അതിനെ കൊടുക്കാന്‍ അവന് മനസ്സ് വന്നില്ല. പക്ഷേ, പോറ്റാന്‍ അച്ഛനനുവദിക്കില്ലെന്നും അവനറിയാമായിരുന്നു. എന്നാല്‍, കാളയെ വില്‍ക്കുന്നില്ലെന്ന് അച്ഛന്‍ തന്നെ പറഞ്ഞതാണ് അതിശയിപ്പിക്കുന്ന കാര്യം.

കന്നുകാലികളെ തെളിച്ച് ഗോവയിലെത്തിക്കാന്‍ ദല്ലാളിന് ഒരാളെ ആവശ്യമായിരുന്നു. കാസിം ഗ്രാമത്തില്‍ വന്നപ്പോഴാണ് അച്ഛനിക്കാര്യം മനസ്സിലാക്കിയത്.

''ഇവനാണ് ഹല്‍സിദ്ധപ്പ! ഇവന്റെ ചുറുചുറുക്കും ആരോഗ്യവും നോക്കൂ... കാളകളെ കൊണ്ടുപോകുന്ന ജോലി ഇവന്‍ ഏറ്റെടുത്തോളും.''

കാളകളെ തെളിച്ചു കൊണ്ടുപോകുന്ന ജോലിക്ക് വേണ്ടി മറ്റു നാലുപേര്‍ കൂടി നോട്ടമിട്ടിരുന്നു. എന്നാല്‍ യുവാവായ സിദ്ധുവിന്റെ ആരോഗ്യവും ആവേശവും കണ്ടപ്പോള്‍ കാസിമിന് അവനെ ഇഷ്ടമായി. അതിനുശേഷം അച്ഛന്‍ തന്റെ പദ്ധതികള്‍ സിദ്ധുവിനോട് വിശദീകരിച്ചു: ''ആ ദല്ലാളിന് നമ്മുടെ ബുദ്ദുവിനെ വില്‍ക്കുന്നതിനു പകരം അയാള്‍ വാങ്ങിയ പന്ത്രണ്ട് കാളകളോടൊപ്പം അതിനെയും ഗോവയിലേക്ക് കൊണ്ടുപോകണം. കാസിമിന് പന്ത്രണ്ട് കാളകളെ ഏല്‍പ്പിച്ച ശേഷം, വാങ്ങാന്‍ നല്ലൊരാളെ കിട്ടിയാല്‍ ബുദ്ദുവിനെ കൂടി വില്‍ക്കാം. അവിടെ ഇരട്ടി വില കിട്ടാന്‍ സാധ്യതയുണ്ട്. അച്ഛന്റെ ബുദ്ധി അപാരം തന്നെ. സിദ്ധുവിന് വളരെ സന്തോഷം തോന്നി. ദല്ലാള്‍  മൃഗഡോക്ടറില്‍ നിന്ന് പന്ത്രണ്ട് കാളകള്‍ക്കുള്ള രേഖകളാണ് തയ്യാറാക്കിയത്. അപ്പോള്‍ അച്ഛന്‍ പറഞ്ഞു: ''പന്ത്രണ്ടായാലും പതിമൂന്നായാലും, അതൊന്നും ആരും ശ്രദ്ധിക്കാന്‍ പോണില്ല .''

കാളകളുടെ കുളമ്പില്‍ കയറുകള്‍ ചുറ്റല്‍, കൊമ്പുകളില്‍ തിരിച്ചറിയാനായി പച്ചച്ചായം തേയ്ക്കല്‍, വെറ്ററിനറി സര്‍ട്ടിഫിക്കറ്റ് തയാറാക്കല്‍, ഇതെല്ലാം ചെയ്തത് ദല്ലാളിന്റെ ആള്‍ക്കാരായിരുന്നു. കാളകളെ കൈമാറുന്നതിന് മുമ്പ് കര്‍ഷകര്‍ അവയുടെ കഴുത്തിലെ മണികളും കിങ്ങിണികളും മറ്റും അഴിച്ചുമാറ്റിയിരുന്നു. എന്നാല്‍ സിദ്ധു ബുദ്ദുവിന്റെ കഴുത്തിലെ മണി അഴിക്കാതെ വെച്ചു. വില്‍പ്പനക്ക് ശേഷം അഴിച്ചുമാറ്റാമെന്ന് കരുതി.

അമ്മ യവത്തിന്റെ ചപ്പാത്തിയും എരിവും പുളിയുമുള്ള വെളുത്തുള്ളി ചമ്മന്തിയും ഉണ്ടാക്കുമ്പോള്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു: ''സൗന്ദത്തി യെല്ലമ്മയുടെ അമ്പലത്തിലെ ഉത്സവം അടുക്കാറായി. ഉത്സവത്തിന് അന്‍ഷിയേയും കൂട്ടി പോയിട്ട് യെല്ലമ്മദേവിയുടെ അനുഗ്രഹം വാങ്ങണം. നീ തിരികെ വരാന്‍ വൈകരുത്. ഈ യാത്ര കൊണ്ട് കുറച്ചു പണം സമ്പാദിക്കാനായാല്‍ പിന്നെ ഉത്സവശേഷം അന്‍ഷിയെ കല്യാണം കഴിച്ച് കൊണ്ടുവരാമല്ലോ.

ഏതായാലും അമ്മയ്ക്കും അച്ഛനും അന്‍ഷി മരുമകളായി വരുന്നത് സമ്മതമാണ്. ഇതേക്കുറിച്ചോര്‍ത്തപ്പോള്‍ സിദ്ധു ഉള്ളില്‍ സന്തോഷിച്ചു. കഴിഞ്ഞവര്‍ഷത്തെ യെല്ലമ്മ ഉത്സവത്തിന്റെ തലേ ദിവസം മാംഗ് കോളനിയില്‍ ചെന്നപ്പോഴാണ് അവനാദ്യമായി അന്‍ഷിയെ കണ്ടത്. അവള്‍ രണ്ടു കൈകള്‍ കൊണ്ടും ചാണകം കുഴച്ച് വറളി ഉണ്ടാക്കുകയായിരുന്നു. പാവാട കാലുകള്‍ക്കിടയിലൂടെ പിന്നിലേക്ക് വലിച്ച് അരയില്‍ തിരുകി വെച്ചിരുന്നു. ചാണകം പുരണ്ട കൈകള്‍ കൊണ്ട് നെറ്റിയില്‍ വീണ മുടിയിഴകള്‍ ഒതുക്കാന്‍ ശ്രമിച്ചു. കുറച്ച് ചാണകം അവളുടെ കവിളിലുമായി. ഇത് കണ്ട് സിദ്ധുവിന് ചിരി വന്നു. അവള്‍ നാണത്തോടെ ചിരിച്ചു.

യെല്ലമ്മ ഉത്സവക്കാലത്ത് താവളമടിച്ചിരുന്നത് ഒരു ചെറിയ കുന്നിന്മുകളിലായിരുന്നു. അവിടെ വെച്ച് അന്‍ഷിയെ അവന്‍ വീണ്ടും കണ്ടു. അവനവളോട് പറഞ്ഞു- 'നീ നിന്റെ അമ്മയോട് പറയണം... ഞാനും വീട്ടില്‍ പറയും.'

എന്നാല്‍ ഇക്കാര്യം വീട്ടില്‍ സൂചിപ്പിച്ചപ്പോള്‍ തന്നെ അച്ഛന്‍ എതിര്‍ത്തു: ''അതെങ്ങനെ പറ്റും? അവര്‍ മാംഗ് ജാതിക്കാരാണ്. നമ്മള്‍ മഹര്‍ അല്ലേ...''

അമ്മയും അതേറ്റുപറഞ്ഞു: ''ശരിയാണ്. മാംഗ് താഴ്ന്ന ജാതിക്കാരാണ്.''

സിദ്ധുവും വിട്ടുകൊടുത്തില്ല: 'ബാബാ സാഹബ് ഇതാണോ നമ്മെ പഠിപ്പിച്ചത്?'

അങ്ങനെ ബന്ധം ഉറപ്പിച്ചു. കുറച്ച് കാശ് കൈയില്‍ വന്നാലുടന്‍ വിവാഹം നടത്താമെന്ന് തീരുമാനിച്ചു.

ട്രക്ക് കാളയെ ഇടിച്ചപ്പോള്‍ അവന്‍ വിചാരിച്ചു ദല്ലാളിന് പൈസ അങ്ങോട്ട് കൊടുക്കേണ്ടി വരുമെന്ന്. അഷ്‌റൂമിയയെ കണ്ടതേതായാലും നന്നായി. ദര്‍ഗയിലെ അഷ്‌റൂമിയ..! നാളെ അതിരാവിലെ എഴുന്നേറ്റാലുടന്‍ ദര്‍ഗയില്‍ പോയി മുട്ടുകുത്തി പ്രാര്‍ഥിക്കണം... വിവാഹം വേഗം നടക്കട്ടെ. എന്നിട്ട്  അന്‍ഷിയുമായി ചെന്ന് ആശീര്‍വാദം വാങ്ങണം.

ആ രാത്രി അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. പിന്നെ കാലുകള്‍ രണ്ടും മടക്കി വയറിനോടടുപ്പിച്ച് ചുരുണ്ട് കിടന്നു. കൈകള്‍ രണ്ടും തുടകള്‍ക്കിടയില്‍ തിരുകി ഉറങ്ങാന്‍ ശ്രമിച്ചു.

കണ്ണു തുറന്നപ്പോള്‍ മാനത്ത് ചന്ദ്രന്‍ തിളങ്ങുന്നുണ്ടായിരുന്നു. അയവിറക്കിക്കൊണ്ടിരുന്ന കാളകളെ എഴുന്നേല്‍പ്പിച്ചു. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും രൂക്ഷഗന്ധം മൂക്കിലേക്ക് തുളച്ചുകയറി. ഗ്രാമത്തിലായിരുന്നെങ്കില്‍ ഇത്രയും ചാണകം കുഴച്ച് ഇരുപത്തഞ്ചോ മുപ്പതോ ചാണകവറളി ഉണ്ടാക്കാമായിരുന്നു. വെള്ളകീറും മുമ്പ് തന്നെ അവന്‍ കാളകളെ തെളിച്ച് മുന്നോട്ട് നീങ്ങി.

ഗോവ എത്താറായെന്ന് തോന്നുന്നു. ചുറ്റും പച്ചപ്പ് കാണായി. സിദ്ധുവിനെ പോലെ കാളകള്‍ക്കും ഗോവയിലെത്താന്‍ തിടുക്കമുള്ളതുപോലെ. അവയും തിരക്കിട്ട് നടക്കാന്‍ തുടങ്ങി. റോഡിലെ ഓരോ വളവ് തിരിയുമ്പോഴും വളരെ ശ്രദ്ധിച്ച് സിദ്ധു കാളകളെ റോഡരികിലൂടെ നടത്തി. എന്നിട്ടും ചില ട്രക്ക്‌ഡ്രൈവര്‍മാര്‍ വാഹനത്തിന്റെ വേഗത കുറച്ച് പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ചീത്ത വിളിച്ചുകൊണ്ട് കടന്നുപോയി.

ഉച്ചയായപ്പോഴേക്കും നിരത്ത് ചുട്ടുപൊള്ളാന്‍ തുടങ്ങി. അച്ഛന്‍ നല്‍കിയ ഒരു ജോഡി ചെരിപ്പ് കാളയുടെ കൊമ്പില്‍ തൂക്കിയിട്ടിരുന്നു. സിദ്ധു അതെടുത്ത് കാലിലിട്ടു. അവനും കാളകള്‍ക്കും ടാറിട്ട റോഡിലൂടെ നടന്ന് ശീലമില്ല. കാളകളുടെ കാലുകള്‍ വഴുതിപ്പോകാതിരിക്കാന്‍ കുളമ്പുകളില്‍ ചരടുകള്‍ ചുറ്റിയിരുന്നു. സിദ്ധുവിന് ചെരിപ്പിട്ട് ശീലമില്ലായിരുന്നു. തുകലിന്റെ ഒരു ജോഡി ചെരിപ്പ്. അച്ഛനത് ഏതോ ക്ഷേത്രത്തില്‍നിന്ന് അടിച്ചു മാറ്റിയതാണ്. കാലിലിടാറില്ലെങ്കിലും മുറയ്ക്ക് പൊടിതട്ടി, തുടച്ച്, എണ്ണതേച്ച് മിനുക്കി വയ്ക്കും. വര്‍ഷത്തിലൊരിക്കല്‍ അതിട്ട് ഗമ കാണിക്കുമായിരുന്നു. സിദ്ധു പലതവണ ചോദിച്ചിട്ടും  കൊടുത്തിരുന്നില്ല. എന്നാലിപ്പോള്‍ അദ്ദേഹം തന്നെയാണ് അതവന്  കൊടുത്തത്. നിരത്ത് ചൂടാകുമ്പോള്‍ ഇടാന്‍. പക്ഷേ, ഒരു മണിക്കൂര്‍ നടന്നപ്പോഴേക്കും ചെരിപ്പ് പൊട്ടി. പിന്നെ ശ്രദ്ധ മുഴുവന്‍ ചെരുപ്പിലായി. കാളകളെ ശ്രദ്ധിക്കാനാവുന്നില്ല. ചെരിപ്പഴിച്ച് പ്ലാസ്റ്റിക് കവറിലിട്ട് സിദ്ധു കാളയുടെ കൊമ്പില്‍ വീണ്ടും തൂക്കി.

കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ രേഖകള്‍ പരിശോധിച്ചു.

'ഇവ ആരുടേതാണ്? കാസിം ദല്ലാളിന്റെയാണല്ലേ? പന്ത്രണ്ടെണ്ണമുണ്ട് അല്ലേ? ശരി, പൊയ്‌ക്കോളൂ..'

ഗോവ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ഓരോ കാളയ്ക്കും കുത്തിവെപ്പ് നല്‍കി. കാളകളെ ഓരോന്നായി എണ്ണി നോക്കി. കാസിം പന്ത്രണ്ട് കാളകളുടെ രേഖകള്‍ തയാറാക്കി വെച്ചിരുന്നു. പതിമൂന്ന് കാളകളായിരുന്നെങ്കില്‍, പ്രശ്‌നമായേനെ. ഒരു കാള ചത്തത് ഏതായാലും നന്നായി.

ഹാവൂ.. ഗോവയെത്തിയല്ലോ. ഇനിയിവിടെ എന്തെങ്കിലും ജോലി കണ്ടെത്തണം. ഒരു വീട് നോക്കണം. മനുഷ്യനായി മാറണം. ദല്ലാള്‍ തരുന്ന കാശ് വാങ്ങി വെറുംകൈയോടെ മടങ്ങരുതെന്ന് അച്ഛന്‍ പ്രത്യേകം പറഞ്ഞിരുന്നു. 'തിരികെ വരുമ്പോള്‍ ആ പണം കൊണ്ട് മദ്യം കൊണ്ടുവരണം. ഗോവയില്‍ മദ്യത്തിന് വില കുറവാണ്. ഖാനാപൂരില്‍ കൊണ്ടുപോയി വിറ്റാല്‍ ഇരട്ടി പണം ലഭിക്കും.'

അച്ഛന്റെ പ്രായോഗിക ബുദ്ധി കണ്ടു പഠിക്കേണ്ടതാണ്. ഇവിടുത്തെ കാര്യങ്ങള്‍ക്കും കുറച്ച് പണം ചെലവഴിക്കേണ്ടിവരും. അച്ഛനുമമ്മയ്ക്കും അന്‍ഷിക്കും ഗോവയില്‍ നിന്ന് എന്തെങ്കിലും വാങ്ങിക്കണം.

കാസിം ദല്ലാള്‍ നഗരാതിര്‍ത്തിയില്‍ വെച്ച് കാണാമെന്ന് പറഞ്ഞിരുന്നു. ഇനിയും നാല് മണിക്കൂര്‍ യാത്രയുണ്ട്. അന്തി മയങ്ങിത്തുടങ്ങി. കുറച്ചു സമയത്തിനകം ഇരുട്ട് വീഴാന്‍ തുടങ്ങും. രാത്രി ഇവിടെയെവിടെയെങ്കിലും തങ്ങുന്നതാണ് നല്ലത്. അതിരാവിലെ പുറപ്പെട്ടാല്‍ ഉച്ചയ്ക്ക് മുമ്പങ്ങെത്തുകയും ചെയ്യാം.

നിരത്തിനോട് ചേര്‍ന്ന് ഒരു തുറസ്സായ സ്ഥലം കണ്ടെത്തി സിദ്ധു കാളകളെയെല്ലാം അവിടെ ഒന്നിച്ച് നിര്‍ത്തി. ബുദ്ദുവിനെ നടുക്കിരുത്തി. ഭക്ഷണപ്പൊതി തുറന്ന് കഴിച്ചു. അന്‍ഷിയെ കുറിച്ചോര്‍ത്ത് കാലുകള്‍ മടക്കി ചുരുണ്ട്  കിടന്നുറങ്ങി.

നേരം പുലര്‍ന്നു. ബുദ്ദുവിന്റെ നടത്തത്തിന്റെ താളത്തിനനുസരിച്ച് കഴുത്തിലെ മണികള്‍ കിലുങ്ങി. എങ്ങും പച്ചപ്പ്. റോഡില്‍ പലയിടത്തും വെള്ളമുണ്ട്. ഓരോ തെരുവിലും പൊതു പൈപ്പ് വെള്ളം. അന്‍ഷിക്ക് ഇവിടെയൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇവിടെയുള്ളവര്‍ വളരെ നല്ലവരാണെന്നാണ് കേട്ടത്. ഇവിടെ താമസിച്ച് മനുഷ്യനായി മാറണം..!

ഒരു അമ്പലത്തിനടുത്ത് യോഗം നടക്കുന്നുണ്ടായിരുന്നു. കുര്‍ത്ത ധരിച്ച ഒരു നേതാവ് ആവേശത്തോടെ പ്രസംഗിക്കുന്നുണ്ട്. ആളുകള്‍ കൈയടിക്കുന്നുമുണ്ട്. സിദ്ധു നടത്തത്തിന്റെ വേഗത കുറച്ചു. ഇളംവെയില്‍ കണ്ണുകളിലേക്ക് അടിക്കുന്നുണ്ടായിരുന്നു. വിശന്നിട്ട് വയ്യ. ഭക്ഷണപ്പൊതി തുറന്ന് ഒന്ന്-രണ്ട് ചപ്പാത്തിയെടുത്ത് കഴിച്ചാലോ? അതോ അവിടെ ചെന്നിട്ട് കഴിച്ചാല്‍ മതിയോ..

ഈ യോഗം എന്തിനെക്കുറിച്ചായിരിക്കും? തെരഞ്ഞെടുപ്പിന്റെയായിരിക്കുമോ..?

'എല്ലാ ജീവികളെയും സ്‌നേഹിക്കുക. മൃഗങ്ങളെ ഉപദ്രവിക്കരുത്. മറ്റാരെങ്കിലും ഉപദ്രവിക്കുന്നതായി കണ്ടാല്‍ അവരെ തടയുക. നിയമം നിങ്ങളുടെ കൂടെയുണ്ട്. രഹസ്യമായി മൃഗങ്ങളെ വേട്ടയാടുന്നവരെ കുറിച്ച് അറിയിക്കുക. കന്നുകാലികളുടെ നാക്ക് ഒടിക്കുമ്പോള്‍ അവയ്ക്ക് വേദനിക്കുമെന്ന കാര്യം നാം മറക്കുന്നു. കോഴി, ആട് എന്നിവയെ ബലി കൊടുക്കുന്നത് നിര്‍ത്തലാക്കണം. പശുവിനെയും ആടിനെയും കൊന്ന് തിന്നുന്നവരെയും തടയേണ്ടിവരും.'

'അതാ അങ്ങോട്ട് നോക്കൂ... കന്നുകാലികളെ കശാപ്പുശാലയിലേക്ക് കൊണ്ടുപോകുന്നത് കണ്ടില്ലേ..?' സമ്മേളനത്തിനെത്തിയ ആരോ ഒരാള്‍ വഴിയിലേക്ക് ചൂണ്ടി, തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിളിച്ചുപറഞ്ഞു.

മൈക്കില്‍ സംസാരിച്ചുകൊണ്ടിരുന്ന നേതാവ് കൂടുതല്‍ ആവേശഭരിതനായി.

'നോക്കൂ.. ഗോമാതാവിനെ നമ്മള്‍ ദേവിയെ പോലെയാണ് കാണുന്നത്. കാളകളെ നന്ദി എന്നാണ് വിളിക്കുന്നത്. ഈ കാളകളാണ് നമ്മുടെ വയലുകള്‍ ഉഴുതുമറിച്ച്  കൃഷിയോഗ്യമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് നമുക്ക് വയറു നിറച്ച് കഴിക്കാന്‍ ആഹാരം കിട്ടുന്നത്. എന്നിട്ടോ? നമ്മളെന്താണ് ഇവയോട് ചെയ്യുന്നത്? അതാ... കാളകളെ കശാപ്പുചെയ്യാനാണ് കൊണ്ടുപോകുന്നത്. എന്താ... നിങ്ങളെല്ലാവരും കൈയും കെട്ടി മിണ്ടാതെയിരിക്കുകയാണോ?'

അവരുടെ ഭാഷ സിദ്ധുവിന് മനസ്സിലായിരുന്നില്ല. യോഗത്തിനെത്തിയവര്‍ രോഷാകുലരായി നിരത്തിലേക്ക് ഓടിവരുന്നത് കണ്ടു. ചിലര്‍ വടികൊണ്ടും മറ്റു ചിലര്‍ ഉച്ചത്തില്‍ ബഹളം വെച്ചുകൊണ്ടും കാളകളെ ഓടിക്കാന്‍ തുടങ്ങി. ബുദ്ദുവും കൂട്ടത്തില്‍ ഓടി. വളരെ പണിപ്പെട്ട് സിദ്ധു അവരെ തടയാന്‍ തുനിഞ്ഞു. അപ്പോഴേക്കും കൂടുതലാളുകള്‍ ഓടിവന്ന് അവനെ ഒരു വശത്തേക്ക് വലിച്ചിട്ട് കാളകളെ തുരത്തിയോടിച്ചു. ബുദ്ദു ഓടിയപ്പോള്‍ അവന്റെ കൊമ്പിലെ ഭക്ഷണപ്പൊതി താഴെ വീണു. അതെടുക്കാനായി സിദ്ധു മുന്നോട്ടോടി. അപ്പോള്‍ ആളുകള്‍ അവനെ പിടികൂടി.

'കാളകളെ കശാപ്പിന് കൊണ്ടുപോവുകയാണല്ലേ?  നിന്നെ ഞങ്ങളൊരു പാഠം പഠിപ്പിക്കും.' അപ്പോഴേക്കും ഒരാള്‍ കൈവീശി സിദ്ധുവിന്റെ കവിളത്ത് ആഞ്ഞടിച്ചു.

'പശുക്കളെയും കാളകളെയും കൊല്ലാനോ..? എന്നാല്‍ നിന്നെ തന്നെ ആയിക്കോട്ടെ ആദ്യം...'

ആരോ ഒരാള്‍ സിദ്ധുവിനെ ചവിട്ടി. പിന്നെ മറ്റൊരാള്‍.. കൂടിളകിയ തേനീച്ചകളെപ്പോലെ ആളുകള്‍ കൂട്ടത്തോടെ അവനെ മര്‍ദിക്കാന്‍ തുടങ്ങി. മൃഗങ്ങളെ സ്നേഹിക്കുന്ന ഇക്കൂട്ടര്‍ സിദ്ധുവിനെ പൊതിരെ തല്ലിച്ചതച്ചു.

എന്നാല്‍ ഈ 'മനുഷ്യര്‍' തന്നെ തല്ലിയതെന്തിനാണെന്ന് എത്രയാലോചിച്ചിട്ടും സിദ്ധുവിന് മനസ്സിലായില്ല...  

 

വിവ : സഫിയ നരിമുക്കില്‍

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media