കേരളീയ മുസ്ലിം നവോത്ഥാനത്തില്‍ സ്ത്രീപക്ഷ രചനകള്‍

പി.ടി കുഞ്ഞാലി
ജൂലൈ 2025
എം. അഹമ്മദ്കണ്ണിന്റെ 'കുമാരി സഫിയാ' എന്ന നോവലിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന ഒരന്വേഷണ പഠനം

കടുത്ത അജ്ഞതയിലും വിശ്വാസ വ്യതിചലനങ്ങളിലും ആസകലം പെട്ടു കിടക്കുന്ന ഒരു സമൂഹമായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ ആദ്യപാദം വരേയും മലയാളി മുസ്ലിം സമാജം. അര്‍ദ്ധവിജ്ഞാനികളായ പുരോഹിതന്മാരുടെ മതവ്യാഖ്യാനങ്ങളും വ്യാജ പ്രഭാഷണങ്ങളും മാത്രം ആധാരമാക്കിയ നിരക്ഷരരും നിഷ്‌കളങ്കരുമായ വിശ്വാസികള്‍  വഴിപിഴപ്പിക്കപ്പെടുക സ്വാഭാവികം. വാസ്‌കോഡ ഗാമയുടേയും കങ്കാണി സംഘത്തിന്റെയും അധിനിവേശത്തിനെതിരേ മുസ്ലിം ജനത വിമോചന പോരാട്ടം ആരംഭിച്ചതോടെ സാമൂഹിക ജീവിതത്തില്‍ നിന്നും തുരത്തപ്പെട്ട മുസ്ലിം ജനത കേവല ആത്മീയതയുടെ നാനാവഴികളിലേക്ക് ചിതറപ്പെട്ടതും ഇതിനൊരു കാരണമാവാം. അങ്ങനെ മതത്തിനകത്ത്  കഴിയുമ്പോഴും മതത്തിന്റെ  മൂല്യങ്ങളില്‍ നിന്ന് എത്രയോ വിദൂരതയിലായിരുന്നു ഇവരുടെ ജീവിതവും വ്യവഹാരങ്ങളും.

ഇടതേട്ടവും ബദരീങ്ങളുടെ പോരിശയും മാലയും മൗലിദും കാതുകുത്തും നാല്‍പത് കുളിയും അഗ്രചര്‍മ പരിച്ഛേദനവും കത്തപ്പുരകളും മരണാനന്തര സദ്യകളും മതത്തിന്റെ തെറ്റാന്‍ പാടില്ലാത്ത പ്രമാണങ്ങളായി  സമൂഹം കൊണ്ടുനടക്കും കാലം. വിശുദ്ധ ഖുര്‍ആന്‍ അവര്‍ക്ക് വെറുമൊരു പാരായണ സാമഗ്രി മാത്രമായി. അതിനകത്തെ മഹാസത്യങ്ങളെ ഒരിക്കലും സ്വന്തം വിനിമയ ഭാഷയില്‍ തിരിച്ചറിയാന്‍ അവര്‍ക്കായില്ല. ആണ്ടും നേര്‍ച്ചയും തൗബക്കയറും കുത്ത് റാത്തീബും മാരണക്രിയകളും ശ്രദ്ധയോടെ  അവര്‍ ആചാരമാക്കുകയും ചെയ്തു. സ്ത്രീകളെ അവര്‍ ഗാര്‍ഹിക തടവറകളിലെ കാണാ കയറില്‍ നിഷ്‌കരുണം ബന്ധിച്ചിട്ടു. പള്ളിയും പള്ളിക്കൂടങ്ങളും അക്ഷര സുകൃതങ്ങളും അവര്‍ക്ക് മുന്നില്‍ പുരോഹിതന്മാര്‍  കൊട്ടിയടച്ചു. പതിയെ കേരളീയ മുസ്ലിംകള്‍ ഒരു അടഞ്ഞ സമാജമായി സ്തംഭിച്ചു നിന്നു.

ഇവര്‍ അകപ്പെട്ട അബോധത്തിന്റെ അന്ധ മേഖലകളിലേക്ക് സത്യജ്ഞാനത്തിന്റെ ചൂട്ടും പന്തവുമായെത്തിയ ഒരു കൂട്ടം പരിഷ്‌കരണ വാഞ്ഛയുള്ള വിമോചന ത്യാഗികളുണ്ട്. സ്വന്തം ജീവിതം ബലിയാക്കി അവര്‍ നടത്തിയ  ഉത്സാഹങ്ങളാണ് ഇന്ന് നാം കാണുന്ന കേരളീയ മുസ്ലിം സാമൂഹികതയെ നിര്‍മിച്ചെടുത്തത്. സനാഉല്ല മക്തി തങ്ങള്‍, ശൈഖ് ഹമദാനി, വക്കം മൗലവി,  ചാലിലകത്തു കുഞ്ഞഹമ്മദ് ഹാജി, അബുസ്സബാഹ് മൗലവി, ഹാജി സാഹിബ്, കെ.സി അബ്ദുല്ല മൗലവി തുടങ്ങി ആ മഹാ ജീവിതങ്ങളുടെ ദീര്‍ഘനിര തന്നെ നമ്മുടെ മുന്നിലുണ്ട്.

പത്രപ്രവര്‍ത്തനങ്ങളും പ്രബോധന സംഘാടങ്ങളും മതപ്രഭാഷണങ്ങളും നൂതന മദ്രസാ പഠനമാതിരികളും കൊണ്ട് ഈ ത്യാഗികള്‍ നിരന്തരം മുസ്ലിം സമൂഹത്തെ  നവീകരിച്ചു. ബഹിഷ്‌കരണങ്ങള്‍ കൊണ്ടും മതഭ്രഷ്ട് കൊണ്ടും മരണാനന്തര ചടങ്ങുകള്‍ അലങ്കോലമാക്കിയും മാത്രമല്ല, ഉന്‍മൂലന ഭീഷണികള്‍ കൊണ്ടും ശാരീരിക മര്‍ദനങ്ങള്‍ കൊണ്ടുപോലുമാണ്  പുരോഹിതന്മാരും അവരുടെ പരികര്‍മി സേനകളും ഈ നവോത്ഥാന ജീവിതങ്ങളെ നേരിട്ടത്. ഒടുവില്‍ പക്ഷേ മുസ്ലിം ജനസാമാന്യം പുരോഹിതപ്പടയെ വകഞ്ഞ് സാമൂഹിക നവോത്ഥാനത്തിന്റെ പാതയില്‍ ഉന്മേഷത്തോടെ സഞ്ചാരികളായി. എന്നാല്‍ നമ്മുടെ പരിഷ്‌കരണ പരിശ്രമത്തില്‍ ഇത്തരം പണ്ഡിത ശ്രേഷ്ഠന്മാരുടേതല്ലാത്ത  മറ്റൊരു മണ്ഡലം കൂടിയുണ്ട്. അത് നവോത്ഥാനത്തെ ത്വരിപ്പിച്ച സര്‍ഗാത്മക രചനകളും ഈദൃശ പ്രവര്‍ത്തനങ്ങളുമാണ്. ഇതില്‍ നമ്മുടെ നേര്‍ ശ്രദ്ധയില്‍ ആദ്യം വരിക മിക്കവാറും മാപ്പിളപ്പാട്ട് ലോകമായിരിക്കും. ദുരാചാരമര്‍ദനവും കാതു കുത്തുമാലയും ലോക നീതിമാലയും ജമീലയും തുടങ്ങി നിരവധി പാട്ടുകള്‍ രൂക്ഷമായ വിമര്‍ശനങ്ങളിലൂടെ സമൂഹത്തില്‍ ഗുണാത്മകമായി ഇടപെട്ടിരുന്നതാണ്. ബാവക്കുട്ടി താനൂര്, കോടഞ്ചേരി മരക്കാര്‍ മുസ്ല്യാര്‍, പുലികോട്ടില്‍ ഹൈദര്‍, യു.കെ അബൂസഹ്ല തുടങ്ങിയ കവികള്‍ ഈ ഗണത്തില്‍ നിസ്തുലമായ സംഭാവനകള്‍ ചെയ്തവരാണ്.

എന്നാല്‍, നവോത്ഥാനത്തെ പ്രത്യേകിച്ച് മുസ്ലിം സ്ത്രീ ജീവിതത്തെ ഉണര്‍ത്തിയെടുക്കാന്‍ പ്രേരകമായ മറ്റൊരു സര്‍ഗാത്മക മണ്ഡലം കൂടിയുണ്ട്. അതാരും പൊതുവേ മുഖ്യധാരയില്‍ ചര്‍ച്ചക്കെടുക്കാറില്ല. അക്കാലത്തിറങ്ങിയ മുസ്ലിം എഴുത്തുകാരുടെ  നോവലുകളും കഥാഖ്യാനങ്ങളും ഉള്‍പ്പെടുന്ന ആഖ്യാനങ്ങളും ആത്മകഥാരൂപങ്ങളുമാണ് സ്വാതന്ത്ര്യപൂര്‍വങ്ങളിലും തൊട്ട് ശേഷവും പ്രസാധിതമായതും  വ്യാപകമായി വായിക്കപ്പെട്ടതും അബലയുടെ പ്രതികാരം, ധീരവനിത ആസൂറ, അവളാണ് പെണ്ണ്, സഹോദരി, സമുദായം കൊലക്കയറില്‍, കണ്ണീരും പുഞ്ചിരിയും, ഹിളിര്‍ നബിയെ കണ്ട നഫീസ, ഹിയാലിലകത്ത് സൈനബ തുടങ്ങി നിരവധിയായ കൃതികള്‍ ഇങ്ങനെ കേരളീയ മുസ്ലിം സ്ത്രീ ജീവിതത്തെ മാത്രം സംബോധന ചെയ്ത സര്‍ഗാത്മക രചനകളാണ്. നമ്മുടെ സാമൂഹിക നവോത്ഥാനത്തെ ശീഘ്രത്തില്‍ ത്വരിപ്പിച്ച ഇത്തരം കൃതികള്‍ ഇതു വരേയാരും അക്കാദമിക ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയിട്ടുമില്ല. എല്ലാ വായനയും സംവാദങ്ങളും ചന്ദുമേനോന്റെ ഇന്ദുലേഖയിലും പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീ വിജയത്തിലും മാത്രം കറങ്ങി നിന്നു. ഈ രാശിയില്‍ ഏറ്റവും സവിശേഷതയാര്‍ന്നൊരു രചനാസ്വരൂപമാണ് എം. അഹമ്മദ് കണ്ണിന്റെ കുമാരി സഫിയാ.

ദേശീയ പ്രസ്ഥാനം കൊടുമ്പിരിക്കൊള്ളുന്ന നാല്‍പതുകളിലാദ്യത്തിലെപ്പോഴോ ആവണം ആത്മകഥാരൂപത്തിലെഴുതിയ ഈ ആഖ്യാനം പ്രസാധിതമായത് . ഇങ്ങനെയൊരു കാലം ഗണിച്ചെടുക്കാന്‍ സാധിക്കുന്ന ധാരാളം സൂക്ഷ്മ ന്യായങ്ങള്‍ പുസ്തകത്തിലുണ്ട്. തെക്കന്‍ തിരുവിതാംകൂറില്‍ ഏതോ ഒരു കടലോര ഗ്രാമമാണ് കഥാപ്രദേശം. അത് മിക്കവാറും എഴുത്തുകാരന്റെ സ്വന്തം ഗ്രാമമായ 'തിരുവിതാംകോട്' തന്നെയാവണം. അവിടത്തെ പെരുമയുള്ള പൂങ്കുഴി തറവാട്ടിലാണ് അബ്ദുല്ല ജനിക്കുന്നത്, അയാള്‍ക്കൊരു സഹോദരിയും. അധ്വാനിച്ചും കഷ്ട മാര്‍ന്നും അബ്ദുല്ല അഭ്യസ്ത വിദ്യനായി. ഒപ്പമയാള്‍ ആഴത്തിലുള്ള മതപഠനവും  സ്വായത്തമാക്കി. അക്കാലത്ത് ഈജിപ്തില്‍ നിന്നുമിറങ്ങുന്ന നവോത്ഥാന പ്രസിദ്ധീകരണങ്ങള്‍ അബ്ദുള്ളയെ ആവേശിതനാക്കുന്നുണ്ട്. മുഹമ്മദ് അബ്ദുവും റഷീദ് റിദയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നതായി പുസ്തകത്തില്‍ സൂചനകളുണ്ട്. നാടും പ്രാന്തങ്ങളും അകപ്പെട്ട അനിസ്ലാമിക വിശ്വാസങ്ങള്‍ യുവാവായിരിക്കെ അബ്ദുല്ലയെ നിരന്തരം അലോസരപ്പെടുത്തി. വായനയിലൂടെ കൈവന്ന സാമൂഹിക പരിഷ്‌കരണ വജ്ര ബോധ്യങ്ങള്‍ അയാളുടെ ജീവിതത്തെ നിര്‍ണയിച്ചപ്പോള്‍ നാട്ടുകാര്‍ അബ്ദുല്ലയെ 'പിഴച്ച ഒഹാബി' എന്ന് തെറി വിളിച്ചു. അബ്ദുല്ലയുടെ വിവാഹം പോലും പ്രതിസന്ധിയിലായി. എന്നാല്‍ പുതുതായി മതവിശ്വാസം പുല്‍കിയ ഒരു സാധാരണ സ്ത്രീയെ തന്റെ ജീവിതസഖിയാക്കാന്‍ ആ യുവാവ് ധീരത കാട്ടി.  അതോടെ അക്കാര്യമായി പുരോഹിതക്കൂട്ടങ്ങളുടെ പരിഹാസ കാരണം. അവരുടെ പിന്തുണയോടെ നാട്ടുജനത അദ്ദേഹത്തിന്റെ ഭാര്യ അലീമയോടു പോലും അമാന്യമായി മാത്രം പെരുമാറുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്തു.

വിധിക്കാലമൊത്തു വന്നപ്പോള്‍ അവര്‍ക്കൊരു പെണ്‍കുഞ്ഞു പിറന്നു. അവള്‍ക്ക് പേര് വെച്ചത് സഫിയാ. പള്ളി മഹല്ലിലെ മുസ്ലിയാക്കന്മാരുടെയും നേര്‍ച്ചക്കാരുടെയും സാന്നിധ്യമില്ലാതെ സ്വന്തം നിലക്ക് മകള്‍ക്ക് പേര് വെച്ചാല്‍ അത് വഹയാകുമോ എന്ന് നാട്ടുകൂട്ടം മുഷിഞ്ഞു പറഞ്ഞു നടന്നു. ഭാര്യയുടെ പ്രസവ സമയത്ത് നഫീസത്ത്മാലയും ബൈത്തുകളുമൊന്നും ഓതിത്തീര്‍ക്കാതെ അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിച്ച അബ്ദുല്ലയെ നിഷേധിയാക്കാന്‍ മറ്റു കാരണങ്ങളൊന്നും അവര്‍ക്ക് വേണ്ടതില്ല. ഇതോടെ അബ്ദുല്ലയുടെ നേര്‍ സഹോദരിയും പിണങ്ങിപ്പോയി, ഒപ്പം നാട്ടുകാരും പിന്നെ പുരോഹിതപ്പരിഷകളും.

എതിര്‍പ്പുകള്‍ വകഞ്ഞ് അബ്ദുല്ലയൊരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അതോടെ അദ്ദേഹം അബ്ദുല്ല മാഷായി. അവിടെ വെച്ച് നാട്ടുകാരായ വിദ്യാര്‍ഥികളെ ഭാഷയും വ്യാകരണവും ഒപ്പം മതത്തിന്റെ ധര്‍മശാസ്ത്രങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി. ഗ്രാമത്തിലൊരു വായനശാലയും മാഷ് സമാരംഭിച്ചു. തന്റെ കുടിപ്പള്ളിക്കൂടത്തില്‍ മകള്‍ സഫിയയേയും  പഠിപ്പിന് ചേര്‍ത്തു. ഇക്കഥകളൊക്കെയും നമ്മോട് പറയുന്നത് സഫിയയാണ്. സഫിയായുടെ ഇരമ്പിമറിഞ്ഞ ജീവിതം പില്‍ക്കാലത്ത് അവര്‍ തന്നെ എഴുതുകയാണ്. അവരുടെ ആത്മകഥാ രൂപത്തിലാണ് ആഖ്യായിക ഉടനീളം വികസിക്കുന്നത്.  സഫിയ തന്റെ പിതാവിന്റെ  ജീവിതം ആത്മകഥയില്‍ ഓര്‍ത്തെടുക്കുന്നതാണീ ഭാഗം.

തന്റെ ഗ്രാമമായ തിരുവിതാംകോടില്‍ സഫിയാക്ക് ആത്മ സൗഹൃദമുള്ള രണ്ടു കളിക്കൂട്ടുകാരികളുണ്ട്. സുന്ദരിയും എന്നാല്‍ ദരിദ്രയുമായിരുന്ന മീരയും സമ്പന്നയായ നൂര്‍ജഹാനും. നിത്യം കുളിക്കുകയും  വെടിപ്പുള്ള വസ്ത്രങ്ങളുടുക്കുകയും മാനക മലയാളം സംസാരിക്കുകയും ചെയ്യുന്ന തന്റെ പിതാവ് നരകത്തിനു വിറകാവുമെന്ന് പുരോഹിതന്മാര്‍ പറഞ്ഞത് സങ്കടത്തോടെ സഫിയാ അനുസ്മരിക്കുന്നുണ്ട്. അവള്‍ പിതാവിനോടിക്കാര്യം ഉത്കണ്ഠയോടെ അന്വേഷിക്കുന്നതും വളരെ സമചിത്തതയോടെ അടിസ്ഥാന മത പ്രമാണങ്ങള്‍ വ്യാഖ്യാനിച്ച് എന്താണ് ഇസ്ലാം മതമെന്ന് പറഞ്ഞ് പഠിപ്പിച്ച് പിതാവ് മകളെ സാന്ത്വനിപ്പിക്കുന്നതും ആത്മകഥയില്‍ വായിക്കുമ്പോള്‍ ഒരു കാലവും അക്കാല മനുഷ്യരുമാണ് നമ്മിലേക്കിറങ്ങിവന്ന് സംസാരിക്കുന്നത്. ആ വര്‍ത്തമാനങ്ങള്‍ സത്യത്തില്‍ മുസ്ലിം സാമൂഹിക നവോത്ഥാന പ്രവര്‍ത്തകന്റെ ആവേശകരമായ  സത്യവാങ്മൂലങ്ങളാണ്.

നാലാം തരം ജയിച്ചു വന്നതോടെ സമ്പന്ന കുമാരിയായ നൂര്‍ജഹാനും ഒപ്പം സഫിയായും മേല്‍ പഠിപ്പിന് വിദൂര ഗ്രാമത്തിലെ പള്ളിക്കൂടത്തിലേക്ക് യാത്രയാവുന്നു. പക്ഷേ, പരമ ദരിദ്രകുമാരിയായ മീര അതോടെ പഠിപ്പ് നിര്‍ത്തി നിര്‍ബന്ധിത വിവാഹത്തിന് നിന്നുകൊടുക്കേണ്ടി വരുന്നു. അവളുടെ പിതാവ് ഒരു വെറും കടത്തുകാരന്‍. സാമൂഹ്യ ശ്രേണ ബന്ധങ്ങളില്‍ വളരേ താഴേയുള്ള ഒരു നിര്‍ധനന്‍. ഇതും സഫിയായില്‍ ഉള്‍ക്കിടിലമുണ്ടാക്കിയ അനുഭവങ്ങളാണ്. എന്തുകൊണ്ട് മീര ഉപരിപഠനത്തില്‍ നിന്ന് പുറത്തായി. ഇക്കാര്യം നിരന്തരമവളെ വേട്ടയാടുന്നത് വായനക്കാര്‍ക്ക് ബോധ്യമാവും. നേരത്തേ നിരവധി വിവാഹങ്ങള്‍ ചെയ്ത നാല്‍പതിലേറെ പ്രായമുള്ള സാമൂഹ്യ തിന്മകളുടെ കേദാരമായ ഒരാളാണ് ഇളം മീരയുടെ മണവാളനായെത്തിയത്. ദാരിദ്ര്യമാണീ വിവാഹത്തിന്റെ നിമിത്തം. മീര സുന്ദരിയായിരുന്നു.

ഈ വിവാഹം തടയാനും മീരയെ മെട്രിക്കുലേഷന്‍ പഠിപ്പിനയക്കാനും സഫിയായുടെ പിതാവ് ആവതും ശ്രമിച്ചു നോക്കി. മീരയുടെ ഉമ്മയായ ഹഫ്‌സയുടെ പൊള്ളുന്ന സാമ്പത്തിക ചോദ്യങ്ങളെ താങ്ങാനാവാതെ ഒടുവില്‍ അബ്ദുല്ല മാഷും  നിശ്ശബ്ദനായി. ഈ പ്രശ്‌നം സ്വന്തമായേറ്റെടുക്കാന്‍ അയാള്‍ക്ക് പാങ്ങ് പോരായിരുന്നു. പക്ഷേ, ഇനി വരുന്ന മീരമാരെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോവാനുള്ള പരിശ്രമത്തിലാണയാള്‍. നിലവിലെ സാമൂഹിക സാഹചര്യം അത്രയ്ക്കും പരിതാപകരം തന്നെയായിരുന്നു. പുരോഹിതന്മാരുടെ പിന്തുണയോടെ മീരയുടെ ഉമ്മ മകളെ വിവാഹം ചെയ്തയച്ചു. ഈ സമയത്ത് മീരയുടെ ഉമ്മയോട് സഫിയായുടെ സാന്നിധ്യത്തില്‍ വെച്ച് പിതാവ് അബ്ദുല്ല മാഷ് നടത്തുന്ന ദീര്‍ഘമായൊരു സംവാദമുണ്ടീ ആത്മകഥയില്‍. സത്യത്തില്‍ ഇതൊരു  സാമൂഹിക നവോത്ഥാന ആഹ്വാനവും അതിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളൊരു സാംസ്‌കാരിക എഞ്ചുവടിയുമാണ്.

എന്തു ചെയ്യാം; ആഖ്യായികയിലെ മീര ദുഷ്ടനായ മധ്യവയസ്‌കന്റെ കിടപ്പറയില്‍ ഉരുപ്പടിയായി. കണ്ണീരോടെയായിരുന്നു ഈ ബാലിക ക്രൂരനും മദ്യപനുമായ മണവാളന്റെ മൂന്നാം ഭാര്യയായി പോകേണ്ടി വന്നത്. മീരയെ സമൂഹത്തില്‍ ആരും പിന്തുണയ്ക്കുകയോ സഹായിക്കുകയോ ചെയ്തില്ല. എന്നാല്‍ മെട്രിക്കുലേഷന്‍ പഠിപ്പ് തേടി വിദൂര നഗരത്തിലേക്ക് പോയ സഫിയായെ അതിന്റെ പേരില്‍ തന്നെ നാട്ടുകൂട്ടം മതത്തില്‍നിന്ന് പടിയടച്ചു. മെട്രിക്കുലേഷന്‍ ജയിച്ച് തിരിച്ചെത്തിയ സഫിയായും നൂര്‍ജഹാനും ബിരുദത്തിന് പഠിക്കാന്‍ പ്രാപ്തി നേടി. പക്ഷേ, അബ്ദുല്ല മാഷിന്റെ കൈവശം ദമ്പടിയില്ല. അതോടെ സഫിയായുടെ ബിരുദപഠന വ്യാമോഹം വാടിക്കരിഞ്ഞു.

കശുവണ്ടി മുതലാളിയുടെ മകള്‍ നൂര്‍ജഹാന്‍ ബിരുദം പഠനത്തിന് നഗരത്തിലെ കോളേജിലേക്ക് പോയി. അവള്‍ അതോടെ മതം വിട്ട് പരിഷ്‌കാരിയായി. തന്റെ സ്വത്വവും തനത് സംസ്‌കാരവും ഉപേക്ഷിച്ച നൂര്‍ജഹാനെ തിരുത്താനോ മതത്തിന്റെ ലാവണ്യ പരിസരത്തേക്ക് ഇവരെ പരിചരിക്കാനോ പുരോഹിതന്മാര്‍ക്ക് നേരം കിട്ടിയില്ല. കാരണം, പൗരോഹിത്യവും സമ്പന്നതയും അക്കാലത്ത് പരസ്പരം പൂരിപ്പിച്ചു നിന്ന സവിശേഷതകളായിരുന്നു. ഈയൊരു പ്രവണതയെ തന്റെ ആത്മകഥയില്‍ സഫിയാ നിര്‍ദയം വിശകലനം ചെയ്യുന്നുണ്ട്.

ഒരുനാള്‍ മെലിഞ്ഞൊട്ടി കീറിപ്പറിഞ്ഞ ഉടുപുടകളുമായി ഒരു സ്ത്രീ സഫിയായുടെ വീട്ടിലേക്ക് കയറിവരുന്നു. സഫിയാക്ക് പോലും തിരിച്ചറിയാന്‍ ആവാത്തവിധം ആ സ്ത്രീരൂപം ദുരിത ദയനീയതയിലായിരുന്നു. ഒരുകാലത്ത് തന്റെ 'സുന്ദരി'യായ കളിക്കൂട്ടുകാരിയായിരുന്ന മീരയായിരുന്നു അത്. അവളിപ്പോള്‍ കയറു പിരിശാലയില്‍ തൊണ്ടു തല്ലാന്‍ പോയാണ് അഷ്ടി നികത്തുന്നത്. ഇന്ന് മീരാ വന്നത് സഫിയായുടെ ഉമ്മയെ കാണാന്‍ മാത്രമല്ല, തന്റെ ദുരിത ജീവിതം വിവരിച്ചൊന്ന് വാവിട്ട് കരയാന്‍ കൂടിയാണ്. സഫിയായുടെ ഉമ്മ ദീനക്കിടക്കയിലാണ്. വന്ന് കയറിയപ്പോള്‍ വളരേ ഗദ്ഗദത്തോടെ മീര പറയുന്നൊരു വാക്യം കേട്ട് ആത്മകഥാ വായനക്കാര്‍ സത്യമായും വിതുമ്പിപ്പോവും: 'സഫിയാ എന്തുണ്ട് നിന്റെ വര്‍ത്തമാനങ്ങളൊക്കെ. ഉമ്മ എവിടെ കാണിച്ചു താ. അത് കഴിഞ്ഞ്  നമുക്ക് എന്റെ കഥ പറഞ്ഞു കരയാം''. അപ്പോള്‍ ആ മിഴിക്കോണുകളില്‍ സങ്കടമഴ ഇടികുത്തി പെയ്തു. അന്നാ പെണ്‍കൊടി പറഞ്ഞു കരഞ്ഞ കഥ തന്നെയായിരുന്നു അക്കാലത്തെ ഏത് മുസ്ലിം സ്ത്രീകളുടേയും സാധാരണ ജീവിതം. മീര ഇക്കഥ പറയുമ്പോള്‍ സ്ത്രീ ജീവിത പ്രതിസന്ധികളെ നിതാന്തം വിശകലനം ചെയ്യുകയാണ് സഫിയാ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media