മൊബൈല്‍ സ്‌ക്രീനുകളുടെ സമാന്തര ലോകത്തില്‍ അധിക നേരവും കഴിഞ്ഞുകൂടല്ലേ എന്നും കളിയിലുണ്ട് കാര്യം എന്നും പറഞ്ഞുകൊണ്ട് കേരളത്തിനകത്തും പുറത്തും സംഘടിപ്പിച്ച മലര്‍വാടി ബാലോല്‍സവം കുട്ടികള്‍ക്ക് പുതിയൊരനുഭവമായിരുന്നു. മൊബൈല്‍ ഗെയിമിനേക്കാള്‍ രസകരമാണ് ഇത്തരം കളികളും മല്‍സരങ്ങളുമെന്ന് അവര്‍ അനുഭവിച്ചറിഞ്ഞു.
സഹകരണ ഗെയിമുകള്‍, ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍, ക്രിയാത്മക വെല്ലുവിളികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന 15 സര്‍ഗാത്മക കളികള്‍ അവതരിപ്പിച്ചു. ഓരോ കളിയിലും ഒളിഞ്ഞിരുന്ന ലക്ഷ്യം കുട്ടികളുടെ സഹകരണബോധം, ശാരീരിക ക്ഷമത, രചനാത്മക ചിന്താശേഷി എന്നിവ വളര്‍ത്തുക എന്നതായിരുന്നു. ഉദാഹരണത്തിന്, 'good and bad' എന്ന ഗെയിമില്‍ വ്യക്തിജീവിതത്തിലും സമൂഹത്തിലും പാലിക്കേണ്ട നന്മകളെക്കുറിച്ച് കുട്ടികള്‍ പഠിച്ചു. 'ടണല്‍ ക്രോള്‍' എന്ന മത്സരത്തിലൂടെ ശരീര നിയന്ത്രണവും സഹനശേഷിയും അവര്‍ വികസിപ്പിച്ചു. സ്‌ക്രീനില്‍ നിന്നുള്ള ഡോപാമിന്‍ റിലീസിന് പകരം, കളിയിലൂടെയുള്ള സാമൂഹ്യവത്കരണത്തിലൂടെ കുട്ടികളെ ബന്ധിപ്പിക്കുന്നതായിരുന്നു ബാലോല്‍സവം.
കേരളത്തിന്റെ പാരമ്പര്യ കളികള്‍, നേതൃ പാടവം, ബുദ്ധി തെളിയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കിയ 15 കോര്‍ണര്‍ ഗെയിമുകള്‍ കുട്ടികളെ ഒരുമിപ്പിച്ചു. പരിസ്ഥിതി ബോധം, ടീം വര്‍ക്ക്, സര്‍ഗാത്മകത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ആധുനിക ഗെയിമുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
'കളിയിലുണ്ട് കാര്യം' എന്ന ആശയം ഒരു ഉത്സവത്തിനപ്പുറം സമൂഹത്തിന് നല്‍കുന്ന സന്ദേശം കൂടിയാണ്. കുട്ടികളുടെ ജീവിതത്തില്‍ നിന്ന് സ്‌ക്രീനുകളുടെ അതിക്രമണം കുറയ്ക്കാന്‍ സാംസ്‌കാരികവും സൃഷ്ടിപരവുമായ മാര്‍ഗങ്ങള്‍ എങ്ങനെ ഉപയോഗിക്കാം എന്ന് ഈ ഉത്സവം വ്യക്തമാക്കി. പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള ഒരു ലക്ഷത്തോളം കുട്ടികള്‍ മൂന്ന് വിഭാഗങ്ങളായി വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. കൂടാതെ, പ്രദേശംതോറും നടന്ന വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും ഘോഷയാത്രകളും ഉത്സവത്തിന് മിഴിവേകി.
യൂണിറ്റ് തലത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയതോടൊപ്പം, സംസ്ഥാനതലത്തില്‍ 'കളിയില്‍ കാര്യമുണ്ട്' തീമുമായി ബന്ധപ്പെട്ട റീല്‍ മത്സരവും സംഘടിപ്പിച്ചു. 'നല്ലതു മാത്രം കുട്ടികള്‍ക്ക്' എക്കാലവും സമര്‍പ്പിക്കുന്ന, മലര്‍വാടി ബാലസംഘം ഈ വേനല്‍ക്കാല അവധിയിലും പുതു തലമുറയുടെ ചിരികള്‍ക്ക് മണ്ണിന്റെ മണവും കുട്ടിക്കൂട്ടങ്ങള്‍ക്കൊരു പുത്തന്‍ വൈബും നല്‍കി. സ്‌ക്രീനുകളുടെ കടന്നുകയറ്റം മറികടന്ന് കളിയുടെ സാന്നിധ്യം തലമുറയെ വീണ്ടും ബന്ധിപ്പിച്ചുവെന്നതില്‍ സംശയമില്ല.