ലോകം അതിവാദത്തിന്റെതാണ്. പഠനവും ജോലിയും സാമൂഹിക പ്രതിബദ്ധതയും
സ്ത്രീകള്‍ക്ക് സാധ്യമാകണമെങ്കില്‍ കുടുംബം, കുട്ടികള്‍ എന്നിവയില്‍നിന്ന്
മോചിതരാകേണ്ടതുണ്ട് എന്നു പറഞ്ഞു വിശ്വസിപ്പിക്കുന്ന സ്വതന്ത്രവാദികള്‍ ഒരുഭാഗത്ത്. മറുഭാഗത്ത്, പേറിനും പോറ്റിനും സുഖിപ്പിക്കാനും മാത്രമായി യന്ത്രമാണവളെന്ന
കണക്കെ സുരക്ഷിതത്വത്തിന്റെയും കരുതലിന്റെയും മതമേലങ്കിയണിഞ്ഞ് ഒതുക്കാന്‍
ശ്രമിക്കുന്നവര്‍. ഇതിനിടയിലും ഇസ്‌ലാമിലെ കുടുംബ ദാമ്പത്യ സങ്കല്‍പങ്ങളെ
യാഥാര്‍ഥ്യമാക്കിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ നമുക്ക് ചുറ്റിലുമുണ്ട്. തന്റെ ഇണയുടെ
താല്‍പര്യത്തെ മനസ്സറിഞ്ഞ് പിന്തുണക്കുന്ന ജീവിതപങ്കാളികള്‍ അനുഭവം പറയുന്നു
ജാവേദ് ഇസ് ലാം
പി.ജി കഴിഞ്ഞപ്പോള്‍ തന്നെ ജോലി ചെയ്യണോ ഉപരിപഠനം തുടരണോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു ഞാന്‍. കൂടെ പഠിച്ചവരില്‍ നല്ലൊരു ശതമാനവും തൊഴിലധിഷ്ഠിത കാര്യങ്ങളിലേക്ക് നീങ്ങി. ചിലര്‍ ഉപരിപഠന ലക്ഷ്യത്തിനായി കോച്ചിങ്ങും മറ്റും തേടിപ്പോയി. ഞാന്‍ കൊച്ചിയിലെ ഒരു പ്രൈവറ്റ് ലാബില്‍ ട്രെയ്‌നിംഗിന് ചേര്‍ന്നു. അവിടെനിന്ന് പഠനത്തോടൊപ്പം CSIR-UGC കോച്ചിംഗിനു പോയെങ്കിലും ലക്ഷ്യം കണ്ടില്ല. പഠനവുമായി ബന്ധപ്പെട്ട് ഒരു ദീര്‍ഘകാല ലക്ഷ്യം വേണമെന്ന് ആ സമയത്താണ് തിരിച്ചറിയുന്നത്. പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി കിട്ടി. ലാബില്‍ രാത്രി ഷിഫ്റ്റുകളും മറ്റും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കുറയുമെന്നും സബ്ജക്ടുമായി ബന്ധം ഉണ്ടാക്കാന്‍ കഴിയുമെന്നും കരുതിയാണ് അവിടെ ജോയിന്‍ ചെയ്തതെങ്കിലും കാര്യങ്ങള്‍ വിചാരിച്ചപോലെ ആയില്ല. ജോലി രാജിവെച്ചു തിരുവനന്തപുരത്ത് വീണ്ടും ഫുള്‍ ടൈം കോച്ചിംഗിനു പോയാണ് CSIR-UGC NET (ലൈഫ് സയന്‍സ്) പാസായത്. ആ സമയത്ത് GATE പരീക്ഷയിലും തരക്കേടില്ലാത്ത സ്‌കോര്‍ ലഭിച്ചു. പക്ഷേ, PhD ക്കു കൊടുത്ത അപേക്ഷകളില്‍ ഒന്നില്‍ പോലും തീരുമാനമായില്ല. ചിലത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തില്ല, ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവ ഇന്റര്‍വ്യൂ ലിസ്റ്റില്‍ വന്നില്ല, ഇന്റര്‍വ്യൂ ചെയ്തതില്‍ ഫൈനല്‍ ലിസ്റ്റില്‍ വന്നില്ല. അപ്പോഴേക്കും ജോലി ഇല്ലാതെ ഒരു വര്‍ഷത്തിന് മുകളിലായി. വീട്ടില്‍ വിവാഹകാര്യങ്ങള്‍ യൂനിവേഴ്‌സിറ്റി ജോലിക്കിടയില്‍ തന്നെ സംസാരിച്ചുവെച്ചിരുന്നു. സമയം വല്ലാതെ മുന്നോട്ട് പോയതോടെ നിക്കാഹ് നടത്താതെ മുന്നോട്ടു പോവാന്‍ നിര്‍വാഹമില്ലാതെയായി. അവള്‍ (അമല്‍ അബ്ദുറഹ്‌മാന്‍) IIT മദ്രാസില്‍ നിന്ന് പിജി കഴിഞ്ഞു, തുടര്‍പഠനം തല്‍ക്കാലം വേണ്ട എന്ന തീരുമാനത്തിലെത്തിയിരുന്നു. നാട്ടില്‍ ഒരു ഓര്‍ഫനേജില്‍ റസിഡന്റ് കൗണ്‍സലറായി ജോയിന്‍ ചെയ്തു. ഞാന്‍ നാട്ടില്‍ തിരിച്ചെത്തി, വീണ്ടും ലാബില്‍ ജോലി ആരംഭിച്ചു. തുടക്കത്തില്‍ നാട്ടിനടുത്ത് ചെറിയ ഒരു ലാബില്‍ ജോയിന്‍ ചെയ്തു. എന്റെ വിവാഹം, ഞങ്ങളുടെ വീട് പുതുക്കിപ്പണിയല്‍ എല്ലാം കൂടെ ആകെ ജഗപൊക. പഠനം പൂര്‍ണമായി നിലച്ചു. വിവാഹത്തിന് ശേഷം ഞാന്‍ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ലബോറട്ടറി വിഭാഗത്തില്‍ ബയോകെമിസ്റ്റ് ആയി ജോലി ആരംഭിച്ചു. അവള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഒരു പ്രൊജക്റ്റ് പൂര്‍ത്തീകരിച്ചതിനു പിന്നാലെ (D4 മീഡിയ) ഉപരിപഠനത്തിനായി കോച്ചിംഗിനു ചേര്‍ന്ന് പഠനം പുനരാരംഭിച്ചു. അവളുടെ യാത്ര കുറക്കാനും പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമായി താമസം മറ്റൊരു വീട്ടിലേക്കുമാറി. 2016-ല്‍ ഞങ്ങള്‍ക്ക് ഒരു മകനുണ്ടായി, മുഹമ്മദ് ജിബ്രാന്‍. പിന്നീട് കോഴിക്കോട് AZA ഡയഗ്‌നോസ്റ്റിക് സെന്ററില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ചുമതലയേറ്റതോടെ എനിക്ക് ലാബ് ജോലിയും മാനേജ്‌മെന്റ് ജോലിയും ഒന്നിച്ചു കൊണ്ടുപോകണമായിരുന്നു.
സമയവും സാഹചര്യവും ഒത്തുവന്നതോടെ അവള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവള്‍ യുജിസി നെറ്റ് ഫെല്ലോഷിപ്പോടെ (JRF) പാസായതോടെ PhD ക്ക് കോഴിക്കോട് ഫാറൂഖ് കോളേജില്‍ ജോയിന്‍ ചെയ്തു. നാട്ടില്‍നിന്ന് കോളേജില്‍ പോയിവരുന്നത് ബുദ്ധിമുട്ടായതോടെ ഫറോക്കിലായി താമസം. കോവിഡ് ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് 2020 ലെ റമദാന്‍ മാസത്തില്‍ മകളെ പ്രസവിക്കുന്നത്. അസ്ബ റംസാന്‍. കോവിഡ് ഞങ്ങളുടെ സാഹചര്യങ്ങളെയൊക്കെ മാറ്റിക്കൊണ്ടിരുന്നു. പ്രത്യേകിച്ച്, എന്റെ ലാബ് കേരളത്തിലെ ആദ്യത്തെ കോവിഡ് ടെസ്റ്റ് ചെയ്യുന്ന ICMR അംഗീകാരമുള്ള ലാബുകളില്‍ ഒന്നായതോടെ പോക്കുവരവൊക്കെ ബുദ്ധിമുട്ടായി. ഉറക്കവും ആരോഗ്യവും ജോലിയുടെ സ്വഭാവത്തെ അവലംബിച്ചായി. ഞങ്ങള്‍ കോഴിക്കോട് നഗരത്തിലേക്ക് താമസം മാറ്റി. ഇത്തവണ എന്റെ ഉമ്മയും ഉപ്പയും കൂടെ ഉണ്ടായിരുന്നു. ജിബ്രാനെ അവിടെ സ്‌കൂളില്‍ ചേര്‍ത്തു. ജിബ്രാനെ സ്‌കൂളില്‍ എത്തിക്കുന്നതും കൊണ്ടുവരുന്നതും എന്റെ ഡ്യൂട്ടിയായി. അടുത്ത വര്‍ഷം അസ്ബയും അതെ സ്‌കൂളില്‍ ചേര്‍ന്നു. അവസാന വര്‍ഷമായതിനാല്‍ നല്ല സമയം കോളേജിലും എഴുത്തിലും ഒക്കെയായി അമല്‍ PhD യില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനിടയില്‍ അമലിനു ഹയര്‍ സെക്കന്ററി ടീച്ചിങ് PSC ജോലി ലഭിച്ചു കൊണ്ടുള്ള നിയമന ഉത്തരവ് വന്നു. കഴിഞ്ഞ വര്‍ഷം ജര്‍മനിയിലെ ലിന്‍ഡോയില്‍ നടന്ന നൊബേല്‍ ജേതാക്കളുടെ സംഗമത്തില്‍ പങ്കെടുക്കാന്‍ ഫാറൂഖ് കോളജ് അസ്‌ട്രോ ഫിസിക്‌സ് ഗവേഷകയായിരിക്കെ അമലിന് അവസരം ലഭിച്ചത് വലിയ അനുഗ്രഹമായിരുന്നു.
കോവിഡിന്റെ തിരക്കെല്ലാം കഴിഞ്ഞതോടെ എന്റെ പഠന മോഹങ്ങള്‍ വീണ്ടും പുറത്തേക്ക് വന്നു. ഇന്ത്യയിലും വിദേശത്തും ഉള്ള പല സ്ഥാപനങ്ങളിലും അന്വേഷണവും അപേക്ഷകളും കൊടുത്തു തുടങ്ങി. ആയിടക്കാണ് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) PhD ക്കു അപേക്ഷ ക്ഷണിക്കുന്നത്. ഞാനും കൊടുത്തു അപേക്ഷ. എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ട്. ഡല്‍ഹിയില്‍ വെച്ചാണ് എഴുത്തു പരീക്ഷ. ഏകദേശം പത്തുവര്‍ഷത്തെ അക്കാഡമിക് ഇടവേള ഉള്ള എന്നെ സെലക്ട് ചെയ്യാതിരിക്കാന്‍ ഏതു സ്ഥാപനത്തിനും എളുപ്പം കഴിയും എന്നെനിക്കറിയാമായിരുന്നു. പക്ഷേ, ആത്മവിശ്വാസത്തോടെ അല്ലാഹുവില്‍ അര്‍പ്പിച്ചു ഇന്റര്‍വ്യൂ നേരിട്ടു. ആ റമദാനില്‍ ഞാന്‍ അത്രയധികം പ്രാര്‍ഥിച്ചിട്ടുണ്ട് എന്ന് ഞാനിപ്പോഴും അമലിനോട് പറയാറുണ്ട്. അവളാണ് എനിക്ക് റിസള്‍ട്ട് കാണിച്ച് സെലക്്ഷന്‍ ആയിട്ടുണ്ടെന്നു പറഞ്ഞത്. അങ്ങനെ ഒരു മാറ്റത്തെ കുറിച്ച് അതുവരെ കാര്യമായി ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലായിരുന്നു. കുറഞ്ഞ ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ എത്തി അഡ്മിഷന്‍ കൗണ്‍സലിംഗില്‍ പങ്കെടുത്ത് അഡ്മിഷന്‍ ഉറപ്പു വരുത്തണം. Ak ലാബിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചിറങ്ങി. ഞാനും അമലും ഒന്നിച്ചാണ് എയിംസിലേക്ക് പോയത്. ആ യാത്ര ഞങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടതായിരുന്നു. ആദ്യമായാണല്ലോ പിരിഞ്ഞു നില്‍ക്കേണ്ടിവരുന്നത്. പല കാര്യങ്ങളും തീരുമാനിക്കേണ്ടതുണ്ടായിരുന്നു. രണ്ടു പേര്‍ക്കും നല്ല ആശങ്കയും ഉത്കണ്ഠയുമുണ്ട്. ഞാന്‍ എയിംസില്‍ PhD-ക്ക് ജോയിന്‍ ചെയ്തു. കോളേജ് പഠനത്തിനായി വീടും നാടുമൊക്കെ വിടുന്നത് പോലെ എളുപ്പമായിരുന്നില്ല, വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും വീടും കുടുംബവുമൊക്കെ വിട്ടു പോവുന്നത്. മാനസികമായി തയ്യാറെടുത്തെങ്കിലും ഇപ്പോഴും അത് എന്നെ അലട്ടാറുണ്ട്.
അതിനിടക്ക് അവളുടെ നിയമന ഉത്തരവ് വന്നു. കോട്ടയം എടക്കുന്നം സ്‌കൂളിലായിരുന്നു. ജോയിന്‍ ചെയ്തു. പഠനത്തിലായിരുന്നതിനാല്‍ ലീവ് കിട്ടി. PhD കഴിയുന്നത് വരെ മാത്രം. എന്റെ വരുമാനം നിലച്ചതിനാല്‍ ചെറിയ സാമ്പത്തിക ഞെരുക്കങ്ങളും ഞങ്ങളെ അലട്ടാന്‍ തുടങ്ങി. PhD സബ്മിഷന്‍ കഴിഞ്ഞു ഉടനെ തന്നെ ജോലിയില്‍ കയറി. ഇപ്പോള്‍ കിട്ടിയത് കാസര്‍ഗോഡ് ജില്ലയില്‍. ഞങ്ങള്‍ കോഴിക്കോട്ടെ താമസം വീണ്ടും നാട്ടിലേക്ക് മാറ്റി. ജിബ്രാനെ നാട്ടിലെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്തു. തൊട്ടടുത്തുള്ള നഴ്സറിയില്‍ മകളെയും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവളുടെ അഞ്ചു വര്‍ഷത്തെ അധ്വാനം സഫലമായി. അതിനിടയില്‍ ഒരു കാര്യം പറയാം, ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നത് ഇഷ്ടമാണ്. ചിലതൊക്കെ നടക്കും, ചിലതു പരാജയപ്പെടും. അങ്ങനെ ഒന്ന് ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. നാട്ടിലെ കിഡ്സ് സ്‌കൂള്‍ കാര്യമായി നോക്കാന്‍ ആരുമില്ലാത്തപ്പോള്‍ ഞങ്ങള്‍ അതേറ്റെടുത്തു. അസ്ബ അവിടെ തന്നെയാണ്. പരമ്പരാഗത പഠനരീതികളില്‍നിന്ന് കുറച്ചെങ്കിലും വ്യതിചലിച്ചു, ക്ലാസ്സ്മുറികള്‍ക്ക് അകത്തും പുറത്തും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിച്ച് ഹൈബ്രിഡ് പഠനരീതിയാണ് ഇവിടെ അവലംബിക്കുന്നത്. പ്രകൃതിയോടിണങ്ങിയതും സംവേദനാത്മകവുമായ പഠനാനുഭവങ്ങളിലൂടെ കുട്ടികളുടെ സര്‍ഗാത്മകതയും അന്വേഷണത്വരയും പ്രോത്സാഹിപ്പിക്കുക എന്നതൊക്കെയാണ് ഞങ്ങളുടെ മനസ്സില്‍. അതിനു കുറച്ചു സമയവും ധനവും ചെലവഴിക്കുന്നതിലൂടെ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നു.
ഒന്നിച്ചുണ്ടാവുമ്പോള്‍ ഉണ്ടാവുന്ന എളുപ്പങ്ങളൊന്നും ഇപ്പോള്‍ ഞങ്ങള്‍ക്കില്ല. എങ്കിലും കഴിയാവുന്ന സമയങ്ങളില്‍ ഞാന്‍ നാട്ടിലേക്കോ അവരെല്ലാം ഡല്‍ഹിയിലേക്കോ യാത്ര തിരിക്കും.
ഫിറോസ് എന്‍.എന്‍ ഉളിയില്‍
വിജയവും പ്രസിദ്ധിയും സമ്പത്തും ഒരു സുപ്രഭാതത്തില്‍ വെറുതെ ലഭിക്കുന്നതല്ല. നിരന്തര പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് അവ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്.
മനസ്സില്‍ ഒരുപാട് ചോദ്യങ്ങളും ആശങ്കകളും നിറച്ചായിരുന്നു മൂന്നര വര്‍ഷങ്ങള്‍ക്കു മുമ്പ് തറവാട്ടില്‍നിന്ന് മാറിത്താമസിച്ചത്. അതുവരെ എന്റെ ഭാര്യ സുബൈറത്തിന്റെ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. അതിനാല്‍ മക്കളുടെ സംരക്ഷണവും ഞങ്ങളുടെ ജോലിയും ആശങ്കയേതുമില്ലാതെ നല്ല രീതിയില്‍ മുന്നോട്ടു പോയിരുന്നു. കുട്ടികളുടെ പരിപാലനവും പഠനവും രണ്ടുപേരുടെയും ജോലിയും കുടുംബവും എങ്ങനെ മുന്നോട്ടുപോകും എന്ന ആധിയായിരുന്നു. എന്റെ ഇണ ആറ് വര്‍ഷമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ചരിത്രാധ്യാപികയായി ജോലി ചെയ്യുന്നു. അതിനുമുമ്പ് അവള്‍ സര്‍ സയ്യിദ് കോളേജില്‍ ചരിത്രാധ്യാപികയായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ എം.ഫില്‍ പഠിക്കുമ്പോള്‍ തന്നെ യു.ജി.സി നെറ്റ് എക്സാം പാസ്സാവുകയും ആ വര്‍ഷംതന്നെ ഹിസ്റ്ററി അസി. പ്രഫസറായി തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ ജോലി ലഭിക്കുകയും ചെയ്തു. വിവാഹ ശേഷം എന്നെ അത്ഭുതപ്പെടുത്തിയത് നാല് പ്രശസ്ത സ്ഥാപനത്തില്‍ (ഫാറൂഖ് കോളേജ്, പി.എസ്.എം.ഒ കോളേജ്, സര്‍ സയ്യിദ് കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്) ഇന്റര്‍വ്യൂവിന് പങ്കെടുത്തപ്പോള്‍ നാലിലും സ്ഥിരം ജോലി കിട്ടി എന്നുള്ളതാണ്. അതില്‍ സര്‍ സയ്യിദ് കോളേജ് തെരഞ്ഞെടുക്കുകയും പിന്നീട് കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും എന്റെ ജോലിയും മുന്‍നിര്‍ത്തി മലബാര്‍ ക്രിസ്ത്യന്‍ കോളേജിലേക്ക് മാറുകയുമാണുണ്ടായത്. അതിനുമുമ്പ് രണ്ട് വര്‍ഷവും കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ദിവസവും ട്രെയ്നിലായിരുന്നു യാത്ര. നമുക്കൊന്നും മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പോസ്റ്റിംഗ് കിട്ടാന്‍ സാധ്യതയില്ലെന്നു പറഞ്ഞ് അവള്‍ അപേക്ഷ കൊടുക്കാന്‍ മടിച്ചു. അവസാനം ഞാന്‍ തന്നെ കോളേജ് ഓഫീസില്‍ പോയി അപേക്ഷാ ഫോം വാങ്ങിച്ചു വന്ന് അപേക്ഷ സമര്‍പ്പിക്കുകയാണ് ചെയ്തത്. ഞങ്ങള്‍ പ്രാര്‍ഥനയോടെ കാത്തിരുന്നു. കോളേജില്‍നിന്ന്, നിയമനം ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്ത വന്നതോടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ആദ്യ മുസ്‌ലിം അധ്യാപികയായി അവള്‍.
ഞങ്ങള്‍ക്ക് അഞ്ച് മക്കളുണ്ട്. മൂത്ത കുട്ടി അഞ്ചാം ക്ലാസില്‍. രണ്ടാമത്തെ മകന്‍ നാലാം ക്ലാസില്‍. മൂന്നാമത്തെ മകള്‍ അംഗനവാടിയില്‍. നാലാമത്തെ മകള്‍ക്ക് രണ്ടര വയസ്സ്. അഞ്ചാമത്തെ മകന് നാല് മാസമാണ് പ്രായം. മക്കളുടെ സ്വഭാവ രൂപീകരണവും അവരുടെ ധാര്‍മികവും ഭൗതികവുമായ വിദ്യാഭ്യാസവും മെച്ചപ്പെട്ടതാവണം എന്നതാണ് സദാസമയവുമുള്ള പ്രാര്‍ഥന. അവരുടെ ഇമോഷണല്‍ ബാലന്‍സ് ലക്ഷ്യം വെച്ചും സമൂഹവുമായി ഇടപഴകാനും സാമൂഹിക ഉത്തരവാദിത്വ ബോധം കൈവരിക്കാനും അവരെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സമയം മാറ്റിവെക്കാറുണ്ട്. എത്ര തിരക്കുണ്ടെങ്കിലും മക്കളുടെ സ്‌കൂള്‍ മീറ്റിംഗിന് രണ്ട് പേരും ലീവെടുത്ത് പങ്കെടുക്കും.
വീട്ടില്‍ ഇസ്‌ലാമികാന്തരീക്ഷം സൃഷ്ടിക്കാന്‍ എന്നും മഗ്‌രിബിന് ശേഷം ഒന്നിച്ചിരുന്ന് ഞങ്ങളും മക്കളും ഖുര്‍ആന്‍ പാരായണം നടത്തുകയും ഖുര്‍ആന്‍ ക്ലാസുകള്‍ മക്കളെ കേള്‍പ്പിക്കുകയും ചെയ്യാറുണ്ട്. രണ്ട് വര്‍ഷമായി മകനും മകളും (മൂന്നാം ക്ലാസ്, നാലാം ക്ലാസ്) മുഴുവന്‍ നോമ്പും അനുഷ്ഠിച്ചു. നാല് മക്കളുമായി മുഴുവന്‍ തറാവീഹിനും കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ പങ്കെടുത്തു. റമദാനിലെ അവസാന പത്തില്‍ ഞങ്ങള്‍ രണ്ടുപേരും അല്ലാഹുവിന്റെ ഭവനത്തില്‍ രാപാര്‍ക്കുന്നതിനും സമയം മാറ്റിവെച്ചിരുന്നു. മക്കള്‍ ഒരിക്കലും ഒന്നിനും തടസ്സമായി തോന്നാറില്ല. മീറ്റിംഗിലും പ്രസംഗത്തിലും ക്ലാസുകളിലും മക്കളെ കൂടെ കൂട്ടാറുണ്ട്. അതിനായി മക്കള്‍ക്ക് നിര്‍ദേശങ്ങളും പരിശീലനവും പ്രത്യേകം നല്‍കാറുണ്ട്.
ഒരിക്കല്‍ ക്രിസ്ത്യന്‍ കോളേജിലെ പരിപാടിയില്‍ മകളെ കൊണ്ടുപോയിരുന്നു. അവള്‍ സംസാരിക്കാന്‍ സ്റ്റേജിലേക്ക് നടന്നപ്പോള്‍ മകളും പിറകിലോടി. അവള്‍ സംസാരിച്ച് കഴിയുന്നത് വരെ മകള്‍ സ്റ്റേജില്‍ അടങ്ങി ഇരുന്നു. ഞങ്ങള്‍ ഒന്നിച്ച് ഒരു വര്‍ഷത്തെ അക്യുപങ്ചര്‍ കോഴ്സ് പഠിച്ചപ്പോള്‍ ആ ക്ലാസുകളിലെ നിറ സാന്നിധ്യമായിരുന്നു മക്കള്‍. മക്കളോടും ഇണയോടുമൊപ്പമുള്ള സമയം ക്വാളിറ്റേറ്റീവ് ആയി ചെലവഴിക്കാന്‍ ശ്രമിക്കാറുണ്ട്. എത്ര തിരക്കുകളുണ്ടെങ്കിലും അവള്‍ നല്ല ഭക്ഷണം ഞങ്ങള്‍ക്ക് ഉണ്ടാക്കിത്തരും. ചിലപ്പോള്‍ രണ്ട് പേരും ഒരുമിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നതും മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നതും. പരസ്പരമുള്ള സഹകരണമാണ് വീടുകളില്‍ സ്നേഹവും കരുതലും വര്‍ധിപ്പിക്കുന്നതെന്നത് ഞങ്ങളുടെ അനുഭവപാഠമാണ്.
എന്റെ ജോലിയില്‍ സമയക്രമീകരണം വരുത്തി ഞാനും ഇണയും തന്നെയാണ് മക്കളെ പരിപാലിക്കുന്നത്. അഞ്ചുപേരില്‍ ഒരാളെയും ഡെ-കെയര്‍ സെന്ററില്‍ ആക്കേണ്ടിവന്നില്ല, കാരണം, നന്നെ ചെറിയ പ്രായത്തില്‍ അവരെ സംരക്ഷിക്കാന്‍ അവളുടെ മാതാപിതാക്കളും വലിയുമ്മയും പൂര്‍ണ പിന്തുണയുമായി ഞങ്ങളോടൊപ്പമുണ്ടായിരുന്നു.
സാമൂഹിക പ്രവര്‍ത്തനത്തിനും അവള്‍ സമയം കണ്ടെത്താറുണ്ട്. കോളേജിലെ Student initiative pain and Palliative care unit ന്റെ കോര്‍ഡിനേറ്ററാണ്. ജീവനി കൗണ്‍സലിംഗ് സെന്ററിന്റെ സ്റ്റാഫ് കോഡിനേറ്ററായും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍ കോഴിക്കോട് കളക്ടറായ സാംബശിവ റാവുവിന്റെ കാലം (2019) മുതല്‍ എല്ലാ കോളേജുകളെയും ഉള്‍പ്പെടുത്തി Happy hill Project എന്ന പ്രോഗ്രാം ആരംഭിച്ചിരുന്നു. ഇതില്‍ ക്രിസ്ത്യന്‍ കോളേജിന് ലഭിച്ചത് വൃദ്ധസദനം വെള്ളിമാട്കുന്നായിരുന്നു. ഹാപ്പി ഹില്‍ പ്രൊജക്ടിന്റെ ക്രിസ്ത്യന്‍ കോളേജിന്റെ കോഡിനേറ്ററായിട്ടും അവള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഉത്തരവാദിത്വങ്ങളുടെ ഭാഗമായി വരുന്ന മീറ്റിംഗിനും മറ്റും ചിലപ്പോഴൊക്കെ ഞാനും കൂടെ പോവാറുണ്ട്. കഴിഞ്ഞ മാസം, അതായത് അഞ്ചാമത്തെ കുഞ്ഞിന് 60 ദിവസമായപ്പോള്‍ കളക്ടറേറ്റില്‍ വെച്ച് ഹാപ്പി ഹില്‍ പ്രൊജക്ടിന്റെ മീറ്റിംഗിന് കളക്ടര്‍ വിളിച്ചു വരുത്തിയിരുന്നു. എങ്ങനെയാണ് കുഞ്ഞിനെ കൊണ്ടുപോവുക എന്ന ആശങ്കയിലായിരുന്നു അവള്‍, ഒടുവില്‍ ഞാന്‍ അവളെയും കുഞ്ഞിനെയും കൊണ്ടുപോയി മീറ്റിംഗില്‍ പങ്കെടുപ്പിച്ചു.
സ്നേഹമൂറുന്ന കൊച്ചു കൊച്ചു കാരുണ്യ പ്രവൃത്തികള്‍ നാം ചെയ്യുമ്പോള്‍ അത് അനേകര്‍ക്ക് ജീവിതത്തിലേക്കുള്ള പിന്‍വിളിയായിരിക്കും. ഇതിനൊക്കെ സര്‍വശക്തന്‍ പിന്നീട് നൂറിരട്ടിയായി ഫലം തിരിച്ചു തരട്ടെ എന്നാണ് പ്രാര്‍ഥന.
കുടുംബപരിപാലനത്തിനും ജോലിക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്നതിനോടൊപ്പം പഠനം അവസാനിപ്പിക്കാന്‍ തുനിഞ്ഞില്ല. ഒരു വിദ്യാര്‍ഥിയെപ്പോലെ വീണ്ടും വീണ്ടും പഠിക്കുക എന്നതായിരുന്നു സുബിയുടെ ആഗ്രഹം. രണ്ട് മക്കളായ ശേഷമാണ് പി.എച്ച്.ഡിക്ക് പാര്‍ട്ട് ടൈം ആയി കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ പി.എച്ച്.ഡി വര്‍ക്കിന്റെ അവസാന ഘട്ടത്തിലാണ്. ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കി തിസീസ് സമര്‍പ്പിക്കാനാണ് ആഗ്രഹം. പി.എച്ച്.ഡിക്ക് വേണ്ട ഡാറ്റാ കളക്ഷനുവേണ്ടി തിരുവനന്തപുരത്ത് പോയി താമസിച്ച് ആര്‍ക്കൈവ്സില്‍നിന്ന് ഡാറ്റകള്‍ സ്വരൂപിക്കാന്‍ ഞാനും കൂടെ പോയിട്ടുണ്ട്. അന്നവള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. ശേഷം തമിഴ്നാട്ടിലും കാലിക്കറ്റ് യൂനിവേഴ്സിറ്റി ആര്‍ക്കൈവ്സിലും മറ്റും ഡാറ്റ കളക്്ഷനുവേണ്ടി കൂടെ പോയി. അവള്‍ എം.ഫില്‍ പഠിക്കുന്ന കാലത്ത് പഞ്ചാബ് യൂനിവേഴ്സിറ്റി, Ravesha, ബോംബെ യൂനിവേഴ്സിറ്റി, ഒഡിഷ, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് നടത്തിയ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസില്‍ പങ്കെടുത്ത് പേപ്പര്‍ പ്രസന്റേഷന്‍ നടത്തിയിട്ടുണ്ട്.
പഠന സമയത്തും പിന്നീട് ജോലി കിട്ടിയപ്പോഴും അവളുടെ മാതാപിതാക്കളുടെയും വല്യുമ്മയുടെയുമൊക്കെ സപ്പോര്‍ട്ടും അവളുടെ കരിയര്‍ നേടിപ്പിടിക്കാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇസ്‌ലാമിക വിദ്യാര്‍ഥിനി പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ഫാറൂഖ് കോളേജില്‍ പി.ജി, ചെയ്യുന്ന കാലഘട്ടത്തിലായിരുന്നു.
നല്ല ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് എന്റെ ഇണ. പി.ജി ഡിപ്ലോമ കൗണ്‍സലിംഗ് കോഴ്സ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവളുടെ പ്രേരണയാല്‍ രണ്ട് വര്‍ഷം മുമ്പ് എന്‍.എല്‍.പി കോഴ്സ് ഞങ്ങള്‍ രണ്ട് പേരും പഠിച്ചു. കൂടാതെ ഞാനും ഒരു കൗണ്‍സലിംഗ് കോഴ്സ് പഠിച്ചു.
ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഗസ്റ്റ് ലക്ചററായി ഒരു വര്‍ഷം ഗവ. ലോ കോളേജ് കോഴിക്കോടും പി.എസ്.എം.ഒ കോളേജിലും യൂനിറ്റി വിമന്‍സ് കോളേജ് മഞ്ചേരിയിലും ഐ.സി.റ്റി പബ്ലിക് സ്‌കൂള്‍ മൂഴിക്കലും പഠിപ്പിച്ചിട്ടുണ്ട്.
റിസ്‌ക് ഏറ്റെടുക്കാനും സഹനവും ക്ഷമയും ത്യാഗവും വിട്ടുവീഴ്ചയും മുഖമുദ്രയായി കൊണ്ടുനടക്കാനും പറ്റുകയാണെങ്കില്‍ ജോലിയും കുടുംബവും കുട്ടികളും പഠനവും ഒട്ടും റിസ്‌കാവില്ല.
നിശ്ചദാര്‍ഢ്യവും സ്നേഹവും എന്നും ഊര്‍ജം പകര്‍ന്നിട്ടുണ്ട്. സ്നേഹം ശക്തമാണ്, ഉത്തരവാദിത്വമാണ്, വിശ്വാസമാണ്, സമര്‍പ്പണമാണ്, പങ്കുവെക്കലാണ്. നല്ല ഉദ്ദേശ്യത്തോടെ നാം എന്ത് ആഗ്രഹിച്ചാലും പ്രപഞ്ചം നമ്മോടൊപ്പം നില്‍ക്കും. ആത്മാര്‍ഥതയും കഠിനാധ്വാനവും തികഞ്ഞ ആത്മ സമര്‍പ്പണവുമുണ്ടെങ്കില്‍ നമുക്ക് ഉയരങ്ങള്‍ എത്തിപ്പിടിക്കാം.
ഡോ. തസ്‌നീം എ.ആര്‍
ചെറുപ്പ കാലത്ത് പഠിച്ചതൊക്കെ അറിവ് നേടാനായിരുന്നു. പ്രപഞ്ചവും അതിലെ ഓരോ വസ്തുക്കളും എത്ര അത്ഭുതകരമായാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് അക്കാലത്ത് കൗതുകപ്പെട്ടിരുന്നു. ധവളപ്രകാശം പല നിറങ്ങളായി പിരിഞ്ഞാണ് ലോകത്തെ വര്‍ണ്ണപ്രപഞ്ചമാക്കുന്നത്. ഭൂമിയിലും ആകാശത്തിലുമുള്ള ഇത്തരം പ്രതിഭാസങള്‍ എന്നെ ഭൗതിക ശാസ്ത്രത്തിന്റെ ലോകത്തേക്ക് അടുപ്പിച്ചു.
പ്രപഞ്ച കണികകളെയും അവയെ പിടിച്ചു നിര്‍ത്തുന്ന കാണാശക്തികളെയും അവയ്ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഊര്‍ജവും അടുത്തറിയുമ്പോള്‍ മനുഷ്യര്‍ വിനയാന്വിതരായി വളരും.
പക്ഷെ, ഈ അറിവിന്റെ വിഹായസ്സിലേക്ക് പറക്കുന്ന വിദ്യാര്‍ത്ഥി ഘട്ടം കഠിനമാണ്, പ്രത്യേകിച്ച് വിവാഹശേഷം. അത് സ്ത്രീക്കും പുരുഷനും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പഠനം ഒരു തപസ്സാണ്. കൃത്യമായ പ്ലാനിംഗ് ഇല്ല എങ്കില്‍ പഠനം പെരുവഴിയിലുമായേക്കാം.
ഇത് ഭയപ്പെട്ട് കുടുംബ ജീവിതം വേണ്ടെന്ന് വെച്ച് പഠനത്തിലും ജോലിയിലും വ്യാപൃതരാവുന്നതും ഇന്ന് കാണാം. നല്ല കാലത്ത് ജീവിക്കാന്‍ മറന്നു പോയെന്ന ദുഃഖം കൊണ്ടു നടക്കുന്നവരുമുണ്ട്.
മൂന്നു കുട്ടികളുടെ മാതാവായ ഞാന്‍ 2024 ല്‍ ആണ് ഫാറൂഖ് കോളേജില്‍ നിന്ന് PhD നേടിയത്. എന്റെ പ്രിയതമന്‍ ഡോ. ഷാഹിദ് ടി.പി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജനറല്‍ മെഡിസിന്‍ പിജി വിദ്യാര്‍ത്ഥിയാണ്. കുടുംബത്തിലെ 5 പേര്‍ വിദ്യാര്‍ത്ഥികളായ കാലം ബുദ്ധിമുട്ടേറിയത് ആണെങ്കിലും രക്ഷിതാക്കളും കുട്ടികളും അവരാല്‍ കഴിയുന്ന പങ്കാളിത്തം കുടുംബത്തില്‍ ഉറപ്പുവരുത്തുമ്പോള്‍ അത് എളുപ്പമുള്ളതായി മാറും.
കുട്ടികളാണ് വീടിന്റെ വെളിച്ചവും ഊര്‍ജവും. രക്ഷിതാക്കളുടെ ഓട്ടത്തിന്റെ വേഗത കൂട്ടുന്നത് അവരാണ്. കുട്ടികളെ എത്രയും നേരത്തെ സ്വയം പര്യാപ്തരാക്കുക എന്നത് വളരെ പ്രധാനമാണ്. സ്വന്തമായി പാഠഭാഗങ്ങള്‍ പഠിക്കാനും വേണ്ട ഭക്ഷണങ്ങള്‍ പാകം ചെയ്ത് കഴിക്കാനും വീട്ടിലെ അവരുടെ പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍ കിടപ്പുമുറികള്‍ കഴിക്കുന്ന പാത്രങ്ങള്‍ ഇവയെല്ലാം വൃത്തിയായി സൂക്ഷിക്കാനും കടയില്‍ പോയി അവശ്യ സാധനങ്ങള്‍ വാങ്ങാനുമൊക്കെ അറിയുന്നവരാക്കി അവരെ മാറ്റിയെടുത്താല്‍ വീട്ടിലെ ജോലികള്‍ ഒരാള്‍ക്ക് മാത്രം ഭാരമായി തോന്നില്ല. ഈ രീതി പഠനകാലത്ത് ഞങ്ങള്‍ക്ക് ഏറെ ഗുണകരമായിട്ടുണ്ട്.
വിവാഹ ശേഷം ഒരു break ഉം ഇല്ലാതെ പഠനമോ ജോലിയോ തുടരുക എന്നത് വളരെ സൂക്ഷിക്കേണ്ട കാര്യമാണ്. ഒരിക്കല്‍ തുടങ്ങിയാല്‍ അത് തുടരാനുള്ള വഴികള്‍ മുന്നില്‍ തെളിഞ്ഞു വരും. ഒരിക്കല്‍ മുടങ്ങിയാല്‍ അത് തുടരാനുള്ള പ്രതിസന്ധികളും മുന്നില്‍ വന്നുകൊണ്ടിരിക്കും. അതിനിടയില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ലീവ് അല്ലെങ്കില്‍ ചെറിയ ഗ്യാപ് എടുക്കുകയും ഉടനെ തിരിച്ച് ട്രാക്കില്‍ കയറുകയും ചെയ്യുക എന്നതും പ്രധാനമാണ്.
ഒരു കയത്തിലിറങ്ങിയാല്‍ എങ്ങനെയെങ്കിലും കരയ്ക്കണയും. അതിന്റെ ക്വാളിറ്റിയുടെയോ പെര്‍ഫെക്ഷന്റെയോ പിറകെ പോയി കാര്യങ്ങള്‍ അനന്തമായി നീട്ടിവെക്കരുത്.
എന്റെ പിജി പഠനത്തിന്റെ തുടക്കത്തില്‍ ആണ് ഞാന്‍ വിവാഹിതയായത്. തുടക്കത്തില്‍ ഞാനും ഭർത്താവും കോട്ടയം താമസമാക്കിയെങ്കിലും ഭർത്താവിന് ജോലി ആവശ്യാര്‍ത്ഥം വയനാട്ടിലേക്ക് പോയി. നമുക്ക് സ്വന്തമായി ഒരാളുണ്ട് എന്നത് പഠനകാലത്ത് ഒരു വലിയ ഊര്‍ജ്ജമായിരുന്നു. പരമാവധി എല്ലാ ശനി ഞായറുകളിലും എത്ര risk എടുത്താണെങ്കിലും ഞങ്ങള്‍ ഒരുമിക്കാന്‍ ശ്രമിക്കുമായിരുന്നു. സത്യം പറഞ്ഞാല്‍ പ്രോട്ടോണ്‍ - ഇലക്ട്രോണ്‍ പോലെ.
പിരിഞ്ഞിരിക്കുന്നതിന്റെ ക്ഷീണം മാറ്റാന്‍ പിജി കഴിഞ്ഞ് ഒരു കുഞ്ഞു ബ്രേക്ക് ഞാന്‍ എടുത്തത് ശകലം കൂടിപ്പോയിരുന്നു. താമസം വയനാട് കൂടി ആയത് കൊണ്ട് കരിയര്‍, ജോലി സാധ്യതകള്‍ വളരെ കുറവുമായിരുന്നു. പങ്കാളി തിരക്കു പിടിച്ച ഡോക്ടര്‍ ആയതിനാല്‍ വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് എന്റെ ചുമതലയായി പതുക്കെ മാറി. പി. ജി കഴിഞ്ഞ് 10 വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ഒരു സ്വപ്നമായി കൊണ്ടു നടന്ന PhDക്ക് അഡ്മിഷന്‍ എടുക്കുന്നത്. ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ കുട്ടികളെ പരിചരിക്കുന്നതില്‍ പതിവില്‍ കൂടുതല്‍ ശ്രദ്ധ ഭര്‍ത്താവ് നല്കിയിരുന്നു. തിരക്കുകള്‍ക്കിടയില്‍ വീട്ടില്‍ എപ്പോഴും ഒരു സഹായിയെ നിര്‍ത്താന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.
ഇടയിലെ 10 വര്‍ഷത്തിനിടയില്‍ മൂന്ന് കുട്ടികള്‍, മൂന്ന് അബോര്‍ഷന്‍, BEd, DPharm, Guest lecture, NET coaching, വീട്ടില്‍ ഒരു Tution centre, വീടിനോട് ചേര്‍ന്ന് ഒരു ഫാര്‍മസി, മെഡിക്കല്‍ ലാബോറട്ടറി ഇതെല്ലാമാണ് സമ്പാദ്യം. അതിനിടയില്‍ വെളുത്തതും കറുത്തതും പല നിറങ്ങളിലും ജീവിതം കടന്നുപോയിട്ടുണ്ട്.
ഇപ്പോള്‍ PhD കൂടി കഴിഞ്ഞ് ഡോ തസ്‌നീം എ.ആര്‍ ആവുമ്പോള്‍ ജീവിതവും പഠനവും സമാന്തരമായി മുന്നോട്ട് കൊണ്ടു പോയതിന്റെ ചാരിതാര്‍ത്ഥ്യം മനസ്സിലുണ്ട്.
വയനാട്ടിലെ മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം ഡോ: ഷാഹിദിന് പി.ജി അനസ്‌തേഷ്യ ചെയ്യാനായി ചുരമിറങ്ങേണ്ടി വന്നു. പി. ജി പഠനകാലം ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം രാവും പകലും ജോലിയുള്ള സമയമാണ്. രണ്ട് കുട്ടികളടങ്ങിയ കുടുംബം, പഠനം, സാമ്പത്തിക പിരിമുറുക്കം, ഇക്കാലത്ത് കുടുംബനാഥന്‍ എന്ന നിലയില്‍ മാനസിക സമ്മര്‍ദ്ദങ്ങളേറെയാണ്. അത് കഴിഞ്ഞ് വീണ്ടും ചുരം കയറി മേപ്പാടിയില്‍ സേവന നിരതനായി. പുത്തുമല ദുരന്തമുണ്ടാവുന്നത് മേപ്പാടിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്യുമ്പോള്‍ ആയിരുന്നു. ആ സമയം മായാത്ത ഓര്‍മകളായി ഒപ്പമുണ്ട്.
ഡോ ഷാഹിദ് ജോലിക്കിടയില്‍ കിട്ടുന്ന എല്ലാ ഇടവേളകളിലും വായന തുടരുമായിരുന്നു. ഇരുത്തത്തിലും നടത്തത്തിലും Tab ല്‍ medical books വായിക്കുക പതിവായിരുന്നു. എല്ലാ വര്‍ഷവും പി.ജി നീറ്റ് എഴുതുന്നതും പതിവാക്കി. 2 വര്‍ഷത്തിന് മുമ്പ് നടന്ന പി.ജി നീറ്റ് പരീക്ഷയില്‍ സര്‍വീസ് ക്വാട്ടയില്‍ MD General Medicine ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചു.
ഇത് ഒട്ടും പ്രതീക്ഷിച്ചതല്ല. മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ മുന്നില്‍ കണ്ടെങ്കിലും പഠനത്തിനായി തിരുവനന്തപുരത്തേക്ക് തിരിച്ചു. MD General medicine എന്നത് ഏറ്റവും തിരക്ക് പിടിച്ച പിജി ആയതിനാല്‍ രാത്രി ഉറങ്ങാനുള്ള സമയം മാത്രമാവും ഫ്രീ ആയി ലഭിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ പി.ജി വിദ്വാര്‍ഥിയുടെ തിരക്കും മാനസിക സമ്മര്‍ദ്ദവും മറ്റേത് മേഖലയുമായും താരതമ്യം പോലും ചെയ്യാനാവാത്തതാണ്. ഇപ്പോള്‍ പഠനം പൂര്‍ത്തിയാവാന്‍ മാസങ്ങള്‍ മാത്രം. അത് കഴിഞ്ഞ് കൂടുതല്‍ നല്ല ഡോക്ടര്‍ ആയി വീണ്ടും രോഗികള്‍ക്ക് ആശ്വാസമാവണം.