മനസ്സു വെച്ചാല്‍ ജീവിതം നിറമുള്ളതാക്കാം

സദ്‌റുദ്ദീന്‍ വാഴക്കാട്
ജൂലൈ 2025
അവരില്ലാതെ ഞാനുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞാല്‍ മതി, മനോഭാവം അല്‍പമൊന്ന് മാറ്റിയാല്‍ മതി, ഹൃദയം ഇത്തിരി വിശാലമാക്കിയാല്‍ മതി, ഇണയാകാന്‍ തീരുമാനിച്ചാല്‍ മതി, ജീവിതത്തില്‍ നിറങ്ങള്‍ നിറയും

രണ്ട് സംഭവങ്ങളും നടക്കുന്നത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മനുഷ്യന്റെ വിഭിന്നമായ സമീപനങ്ങള്‍ രണ്ടിലും തെളിഞ്ഞു കാണാം. ഒന്ന്; വിവാഹ അന്വേഷണം ഉറപ്പിച്ച്, നിശ്ചയത്തിലേക്ക് നീങ്ങുന്ന സന്ദര്‍ഭം. രണ്ടും പേരുകേട്ട തറവാട്ടുകാര്‍. മൊബൈല്‍ ഫോണ്‍ പ്രചാരം നേടിയിട്ടില്ലാത്ത കാലം. ഇരു വീട്ടിലും നമ്പര്‍ തെളിഞ്ഞ് കാണാത്ത ലാന്റ് ലൈനുകള്‍ മാത്രം. ഒരു ദിവസം പ്രതിശ്രുത വധുവിന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ കാള്‍, 'നിങ്ങളുടെ മകള്‍ പ്ലസ്ടുവിന് പഠിക്കുകയാണല്ലോ, അവള്‍ക്ക് തുടര്‍ന്ന് പഠിക്കണമെന്നില്ലല്ലോ? ഭര്‍ത്താവിന് അവളെക്കാള്‍ വിദ്യാഭ്യാസം കുറവായാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?' വലിയ വിശദീകരണത്തിന് കാത്തുനില്‍ക്കാതെ അയാള്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. ആളെപ്പറഞ്ഞില്ലെങ്കിലും, ഫോണ്‍ വിളിച്ചത് പ്രതിശ്രുത വരനാണെന്ന് മനസ്സിലാക്കാന്‍ വലിയ അന്വേഷണമൊന്നും ആവശ്യം വന്നില്ല. വിവാഹം നടന്നു, അവള്‍ തുടര്‍ന്ന് പഠിച്ചില്ല. അവള്‍ വിദ്യാഭ്യാസം തുടര്‍ന്ന് ജോലി നേടിയിരുന്നെങ്കില്‍ എന്ന്, പിന്നീട് ദുരിതപ്പെയ്ത്ത് നിലക്കാത്ത ജീവിതത്തില്‍ പലപ്പോഴും അവളും ബന്ധുക്കളും ചിന്തിച്ചുകൊണ്ടേയിരുന്നു.

രണ്ടാമത്തെ സംഭവത്തിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്: പി.എസ്.എസി പരീക്ഷയ്ക്കായി ഹാളിലേക്ക് പ്രവേശിക്കുമ്പോള്‍ അവള്‍ എട്ടു മാസം ഗര്‍ഭിണിയാണ്. വിവാഹത്തിന് ശേഷമാണ് അവള്‍ ബി.എഡ് പൂര്‍ത്തിയാക്കിയത്, പി.ജി ചെയ്തത്. എം.എ- ബി.എഡുകാരിയായ അവള്‍ പി.എസ്.സി പരീക്ഷക്ക് വേണ്ടി ഒരുങ്ങിയത് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചുകൊണ്ടാണ്. അധ്യാപകനായ ഭര്‍ത്താവ് പരീക്ഷാ ഹാളിന് പുറത്ത്

കാത്തുനില്‍പ്പുണ്ടായിരുന്നു. അവളിപ്പോള്‍ മാതാവും അധ്യാപികയുമാണ്.

മൂന്നാമതൊരു അനുഭവം കൂടി ഇവിടെ കുറിക്കേണ്ടതായിട്ടുണ്ട്: ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിനി ആയിരിക്കെയാണ് അവള്‍ക്ക് വിവാഹാലോചന നടക്കുന്നത്. എസ്.എസ്.എല്‍.സി പരാജയപ്പെട്ടയാളാണ് പ്രതിശ്രുത വരന്‍. നല്ല കുടുംബം. പക്ഷേ, വിദ്യാഭ്യാസ യോഗ്യതയിലെ വ്യത്യാസം ഇരു കുടുംബങ്ങളെയും ആശങ്കപ്പെടുത്തുകയുണ്ടായി.

വിവാഹം നടന്നു. പലചരക്ക് കടയിലെ ജോലിക്കാരനായ അയാള്‍, ഭാര്യയെ തുടര്‍ന്ന് പഠിപ്പിച്ചു. ബി.എഡ് എടുത്തു, പി.എസ്.എസി കോച്ചിങ്ങിന് കൊണ്ടുപോയി. മൂന്ന് കുട്ടികളുടെ ഉമ്മയായിരിക്കെ തന്നെ അവളിന്ന് ഗവണ്‍മെന്റ് സര്‍വീസില്‍ നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്നു.

ഈ മൂന്ന് സംഭവങ്ങളും നേരിട്ടറിയാവുന്നവയാണ്. പുതിയ കാലത്ത് ദാമ്പത്യ ജീവിതം നേരിടുന്ന ചില പ്രതിസന്ധികള്‍, പരിഹാരങ്ങള്‍, പ്രതീക്ഷകള്‍ ഈ അനുഭവങ്ങളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം.

വിദ്യാഭ്യാസ വളര്‍ച്ച, വ്യക്തിത്വം, തൊഴില്‍, വരുമാനം തുടങ്ങിയവക്ക് നമ്മുടെ കാലത്ത് പൂര്‍വാധികം സവിശേഷമായ പ്രാധാന്യം കൈവന്നിട്ടുണ്ട്. നമ്മുടെ സാമൂഹിക മണ്ഡലത്തിലും കുടുംബ ജീവിതത്തിലും ഇത് വലിയ നേട്ടങ്ങള്‍ കൊണ്ടുവന്നിട്ടുമുണ്ട്. എന്നാല്‍, കുടുംബ ജീവിതത്തെ പല തലങ്ങളില്‍ പ്രതികൂലമായി ബാധിച്ച ഘടകങ്ങളും ഇവയ്ക്കകത്തുണ്ട് എന്നതാണ് അനുഭവ യാഥാര്‍ഥ്യം. ഇതേക്കുറിച്ച ചില വിചാരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

ദമ്പതികള്‍ പരസ്പരം ഉള്‍ക്കൊള്ളുക, ഉയര്‍ച്ചയില്‍ പിന്തുണക്കുക, പ്രോത്സാഹിപ്പിക്കുക, ശക്തിപകരുക, വളരുംതോറും വിനയം കാണിക്കുക, സ്‌നേഹവും കടപ്പാടും കൂടുതല്‍ പ്രകടിപ്പിക്കുക തുടങ്ങിയവ കുടുംബ ജീവിതത്തിന്റെ സൗന്ദര്യമാണ്. കേവല ഭാര്യാ-ഭര്‍തൃ ബന്ധത്തില്‍ നിന്ന്, അനുഭൂതി പകരുന്ന ഇണകളായി ഇരുവരും ഉയരുന്നത് അപ്പോഴാണ്.

ആണിന്റെ ജീവിതം കുടുസ്സായി, ഭാരമായിത്തീരുന്ന ഏര്‍പ്പാടല്ല വിവാഹം. പെണ്ണിന്റെ സ്വപ്നങ്ങള്‍ക്ക് അന്ത്യം കുറിക്കുന്ന ബന്ധനമല്ല ദാമ്പത്യം. ഞങ്ങള്‍ പരസ്പരം ശക്തി പകരും, ഒരാള്‍ മറ്റൊരാളെ സഹായിക്കും, മുന്നോട്ടുള്ള കുതിപ്പില്‍ താങ്ങായും തണലായും വര്‍ത്തിക്കും എന്ന കരാറാണത്. ഇണയുടെ ജീവിത വിജയത്തിന്റെ ഉത്തരവാദിത്വമാണ് വിവാഹക്കരാറിലൂടെ ഇണകള്‍ രണ്ട് പേരും ഏറ്റെടുക്കുന്നത്. വിവാഹത്തിന് മുമ്പേ, ദാമ്പത്യത്തിന്റെ മുന്നൊരുക്കങ്ങളിലൂടെ ഉണ്ടായിത്തീരേണ്ട തിരിച്ചറിവാണിത്.

ഇക്കാര്യം ബോധ്യപ്പെട്ട് ഉയര്‍ന്ന നിലപാടോടെ ദാമ്പത്യത്തെ സമീപിക്കുന്ന ഇണകള്‍ ധാരാളമുണ്ട്. അവിടെ കുടുംബ ജീവിതം നിറമുള്ളതായിരിക്കും. തുടക്കത്തില്‍ ഉദ്ധരിച്ച രണ്ടും മൂന്നും സംഭവങ്ങള്‍ ഉദാഹരണം.

ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരന്‍. പല കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ച്, സ്വന്തം സംരംഭങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നു. ആദ്യഘട്ടത്തില്‍ പ്രയാസങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു.

ജീവിതം കുടുസ്സായിത്തീര്‍ന്ന ഘട്ടത്തില്‍ പ്രിയതമ പിന്തുണയുമായെത്തുന്നു: 'നിങ്ങള്‍ മുന്നോട്ട് പൊയ്‌ക്കൊള്ളൂ, മോന്റെ സ്‌കൂള്‍ ഫീസും മറ്റും ഞാന്‍ നോക്കിക്കൊള്ളാം...!' പ്രിയതമനെ അറിയുന്ന, അവന്റെ കഴിവില്‍ വിശ്വാസമുള്ള, കാര്യബോധമുള്ള ഇണയുടെ പിന്തുണ ഇന്ന് അവനെ ഒരുപാട് വളര്‍ത്തിയിരിക്കുന്നു. യാഥാര്‍ഥ്യബോധത്തോടെ, ശരി-തെറ്റുകള്‍ വേര്‍തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം ഇത്തരം നിലപാടുകള്‍ എന്നുകൂടി സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ!

ഏറെ സന്തോഷം പകര്‍ന്നൊരു വാര്‍ത്ത എന്റെ നാട്ടില്‍ നിന്നു തന്നെ ഈയിടെ കേള്‍ക്കുകയുണ്ടായി; ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ,

പത്തൊന്‍പതാം വയസ്സില്‍ വിവാഹിതയായ മാഹിറ. ഡിഗ്രി പൂര്‍ത്തിയാക്കും മുമ്പേ പ്രസവം. പക്ഷേ, പഠനം നിലക്കുന്നില്ല, കോളേജിലെ ടോപ്പറായി ഒന്നാം റാങ്കോടെ ഡിഗ്രി പൂര്‍ത്തിയാക്കുന്നു. JAM എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്ക്, കാലിക്കറ്റ് NIT-യില്‍ പി.ജി പഠനം. അതിനിടയില്‍ GATE, CSIR-NET തുടങ്ങി യ പ്രശസ്ത ദേശീയ പരീക്ഷകളില്‍ മികച്ച മാര്‍ക്കോടെ യോഗ്യത നേടുന്നു, പി.ജി പഠനം അവസാനിക്കുമ്പോള്‍ യൂനിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കോടെ ഗോള്‍ഡ് മെഡല്‍. GRE, IELTS തുടങ്ങിയ പരീക്ഷകളില്‍ യോഗ്യത, ഇതിനിടയില്‍ രണ്ടാമത്തെ കുഞ്ഞ് പിറക്കുന്നു.

ശേഷം, യു.എ.ഇയിലെ ഖലീഫ യൂനിവേഴ്‌സിറ്റിയില്‍ പ്രവേശനം. 29-ാം വയസ്സില്‍ അബുദാബിയിലെ ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ്. നിരവധി ദേശീയ, അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളിലെ പങ്കാളിത്തം, മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അവാര്‍ഡുകള്‍!

ഇതെങ്ങനെ സാധ്യമായി? പല ഘടകങ്ങളുണ്ട്: ദൈവാനുഗ്രഹം, ബൗദ്ധിക ശേഷി, നിശ്ചയദാര്‍ഢ്യം, നിരന്തര പരിശ്രമം. ഇണയുടെ, മക്കളുടെ, മാതാപിതാക്കളുടെ പിന്തുണ, സഹായം, പ്രോത്സാഹനം തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. ഇണയാവുക എന്നതിന്റെ പ്രയോഗ മാതൃകയുണ്ട് ഈ വിജയത്തില്‍. ഇണകള്‍ പരസ്പരം വസ്ത്രമാകുന്നു എന്ന സത്യവേദപാഠത്തിന്റെ സുന്ദരമായ വിശദീകരണമുണ്ട് ഈ ദാമ്പത്യത്തില്‍.

ആലോചിക്കുക; നാം ഇണകളാണോ, നാം പരസ്പരം വസ്ത്രങ്ങളാണോ?

ഈ അനുഭവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ആദ്യം ഉദ്ധരിച്ച സംഭവം. ഭാര്യ തന്നെക്കാള്‍ വിദ്യാഭ്യാസം നേടുന്നതും ജോലി ചെയ്യുന്നതും പണം സമ്പാദിക്കുന്നതും സ്വന്തമായൊരു വ്യക്തിത്വം ഉണ്ടാകുന്നതും അസഹ്യമായി കാണുന്ന ഭര്‍ത്താക്കന്‍മാരും സമൂഹത്തിലുണ്ട്. ഈ ജനുസിന്റെ പ്രതിനിധിയാണ് ഒന്നാമത്തെ സംഭവത്തിലെ നായകന്‍. ഭാര്യമാരുടെ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും കാരണം ജീവിതം കുടുസ്സായിത്തീര്‍ന്ന ഭര്‍ത്താക്കന്‍മാരും കുറവല്ല എന്നും കൂട്ടിച്ചേര്‍ക്കട്ടെ! വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ പിതാവ്, തന്റെ മകളെ പി.ജി, ഡോക്ടറേറ്റ് പഠനത്തിന് വേണ്ടി പരമാവധി പരിശ്രമിക്കുകയും അത് നേടിക്കഴിയുമ്പോള്‍ ലോകം മുഴുവന്‍ ഘോഷിക്കുകയും ചെയ്യുന്നു. അതിനു വേണ്ടി എന്തെല്ലാം കഷ്ടപ്പാടുകളാണ് അയാള്‍ സഹിച്ചത്! സ്വന്തം മകള്‍ തന്നെക്കാള്‍ യോഗ്യത നേടുന്നതില്‍ അഭിമാനിക്കുന്ന പുരുഷനും തന്റെ ഇണ തന്നെക്കാള്‍ വിദ്യാഭ്യാസ യോഗ്യത കൈവരിക്കുന്നതില്‍ അസ്വസ്ഥനാകുന്ന വൈരുധ്യവും നമ്മുടെ അനുഭവങ്ങളിലുണ്ട്.

കുടുസ്സാര്‍ന്ന ചിന്താഗതിയാണിത്. മറിച്ച്, തന്റെ ഇണ തന്നെക്കാള്‍ ഉയരുന്നത് അഭിമാനപൂര്‍വം ആസ്വദിക്കാന്‍ കഴിയുന്ന മാനസികാവസ്ഥ ദമ്പതികള്‍

വളര്‍ത്തിയെടുക്കണം. ഇണ എന്ന ബോധവും ഹൃദയവിശാലതയുമാണ് ഇതിന് ഒന്നാമതായി വേണ്ടത്. രണ്ടാമതായി, വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരമായ വളര്‍ച്ചയും വരുമാനക്കൂടുതലും ഉണ്ടാകുമ്പോള്‍, വിനയവും കടപ്പാടും പരസ്പര സ്‌നേഹവും വര്‍ധിക്കുകയും ഇണയോട് കൂടുതല്‍ ഇഴയടുപ്പം കാണിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ രൂപപ്പെടുത്തണം. വ്യക്തിത്വത്തിന്റെ ഔന്നത്യത്തില്‍ നിന്നാണ്, മനസ്സിന്റെ തെളിമയില്‍ നിന്നാണ്, സ്‌നേഹത്തോട് ചേരുന്ന കാരുണ്യത്തില്‍ നിന്നാണ് ഇതെല്ലാം ഉണ്ടാകുന്നത്.

ദാമ്പത്യത്തിന്റെ അടിസ്ഥാനമാകേണ്ട ഈ മഹദ് ഗുണങ്ങള്‍ അന്യം നിന്നാലോ? ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരം പിന്തുണക്കില്ല, താങ്ങും തണലുമാകില്ല. വ്യക്തിഗതമായ നേട്ടങ്ങളും ഉയര്‍ച്ചകളും അവരവരെ അഹങ്കാരികളാക്കും, തന്നിഷ്ടങ്ങള്‍ തണലാക്കും. പങ്കാളിയെ അവഗണിക്കാനും ഇടിച്ചുതാഴ്ത്താനുമുള്ള ഇന്ധനമാക്കും. ഈഗോ എന്ന കാന്‍സര്‍ വ്യക്തികളെ കീഴ്‌പ്പെടുത്തുമ്പോള്‍, ബന്ധങ്ങളെ അത് കാര്‍ന്ന് തിന്നും. വിദ്യാഭ്യാസവും ജോലിയും പണവും കഴിവുകളും സോഷ്യല്‍ മീഡിയ ആവിഷ്‌കാരങ്ങളും അനുകരണഭ്രമവും മായാലോകജീവിതവും പലരെയും തന്നിഷ്ടക്കാരാക്കുന്നതാണ് ദാമ്പത്യ ജീവിതത്തില്‍ ഇന്ന് ദുരന്തങ്ങള്‍ വിതയ്ക്കുന്നത്. ഒരു ജോലി കിട്ടുകയോ, അല്‍പ്പം പണം കൈയില്‍ വരികയോ, സോഷ്യല്‍ മീഡിയയിലൂടെ തന്നെ നാലാള്‍ അറിയുകയോ ചെയ്താല്‍, പിന്നെ താനെന്ന ഭാവമാണ് മുഴച്ച് വരുന്നത്, പങ്കാളിയുടെ പോരായ്മകളാണ് പരതിപ്പിടിക്കുന്നത്, ഭാവനാ ലോകത്താണ് പിന്നെ ജീവിതം!

ഏതാണ്ട് 30-40 പ്രായക്കാര്‍ക്കിടയില്‍, ദാമ്പത്യ വിരക്തിയും വിവാഹമോചനവും കൂടിക്കൂടി വരാന്‍ ഇങ്ങനെ പല കാരണങ്ങളുമുണ്ട്. ബന്ധങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് അല്‍പകാലം കഴിയുമ്പോള്‍, ജീവിതത്തോട് തന്നെ വിരക്തി തോന്നും, സമാധാനം തകര്‍ന്ന് നിരാശക്ക് അടിപ്പെട്ട് പലവിധത്തില്‍ കാലം കഴിക്കേണ്ടി വരും. ഇത്തരം അനുഭവങ്ങള്‍ നമുക്ക് ചുറ്റും കുറവല്ലല്ലോ! എന്നാല്‍, അവരില്ലാതെ ഞാനുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞാല്‍ മതി, മനോഭാവം അല്‍പമൊന്ന് മാറ്റിയാല്‍ മതി, ഹൃദയം ഇത്തിരി വിശാലമാക്കിയാല്‍ മതി, ഇണയാകാന്‍ തീരുമാനിച്ചാല്‍ മതി, ജീവിതത്തില്‍ നിറങ്ങള്‍ നിറയും!

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media