എല്ലാ മേഖലകളിലും എന്നപോലെ ദാമ്പത്യ ജീവിതത്തിലും ഇസ്ലാമികമായ നിലപാടുകള്‍ മനസ്സിലാക്കേണ്ടത് ഭൂമിലോകത്തെയും പരലോകത്തെയും വിജയത്തിനും സന്തോഷത്തിനും വേണ്ടിയുള്ള അന്വേഷണത്തിലൂടെയാണ്
വിവാഹിതയായ എനിക്ക് ഭര്‍ത്താവിനെ അല്ലാതെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ അനുസരിക്കാനും സേവിക്കാനും പരിചരിക്കാനും ഇസ്ലാമികമായി ബാധ്യതയുണ്ടോ?
വിവാഹിതയായ സ്ത്രീ ഭര്‍ത്താവിനോടുള്ള ബാധ്യതകള്‍ക്കാണോ മാതാപിതാക്കളോടുള്ള ബാധ്യതകള്‍ക്കാണോ മുന്‍ഗണന നല്‍കേണ്ടത്?
ഭാര്യയെ അവളുടെ മാതാപിതാക്കളെ പരിചരിക്കുന്നതില്‍നിന്ന്തടയാന്‍ ഭര്‍ത്താവിന് അവകാശമുണ്ടോ?
വിവാഹ ശേഷമുള്ളസമകാലിക മുസ്ലിം കുടുംബജീവിത പശ്ചാത്തലത്തില്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഉയര്‍ത്തേണ്ടി വരുന്ന ചോദ്യങ്ങളില്‍ ചിലതാണ് ഇവ. ഇത്തരം ചോദ്യങ്ങള്‍ക്ക് ഫത് വ തേടിപലരും പണ്ഡിതന്മാരുടെ മുന്നില്‍ വരാറുണ്ട്. ഫത് വകള്‍ ഫത് വ തേടുന്നയാളുടെ സാഹചര്യങ്ങളെ പരിഗണിച്ചാണ് രൂപപ്പെടുക. അതുകൊണ്ടുതന്നെ ഫത് വകള്‍ ഒരു വിഷയത്തിലെ അടിസ്ഥാനപരമോ പൊതുവോ ആയ ഇസ്ലാമിക നിലപാടുകളെ പ്രതിനിധീകരിക്കുന്നില്ല. ഇസ്ലാമിക വിശ്വാസ സിദ്ധാന്തങ്ങള്‍, അടിസ്ഥാന പൊതു തത്ത്വങ്ങള്‍, ധാര്‍മിക മൂല്യങ്ങള്‍, ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ (മഖാസ്വിദുശ്ശരീഅഃ) എന്നിവയെ പരിഗണിച്ചാണ് ഏത് വിഷയത്തിലും ഇസ്ലാമിന്റെ പൊതു നിലപാടുകള്‍ രൂപം കൊള്ളുന്നത്. സമൂഹത്തിലെ ചിലയാളുകളുടെ പ്രത്യേക ജീവിത സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ എല്ലാവര്‍ക്കും ബാധകമായ നിയമങ്ങളോ നിലപാടുകളോ ആയി മനസ്സിലാക്കാവതല്ല. ചുരുക്കത്തില്‍, വിവാഹശേഷം ഒരാള്‍ക്ക് - സ്ത്രീയായാലും പുരുഷനായാലും - നേരത്തെയുള്ളതും പുതിയതുമായ മനുഷ്യബന്ധങ്ങളോടുള്ള സമീപനങ്ങളും ബാധ്യതകളും നിര്‍ണയിക്കേണ്ടതും മനസ്സിലാക്കേണ്ടതും ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനങ്ങളില്‍ നിന്നാണ്. ശാഖാപരമായ കര്‍മശാസ്ത്ര മസ്അലകളില്‍ നിന്നല്ല.
മനുഷ്യ ജീവിതത്തിന്റെ സാമൂഹികതയെക്കുറിച്ചും അതിനകത്തെ മനുഷ്യ ബന്ധങ്ങളെക്കുറിച്ചുമുള്ള ഇസ്ലാമിക സമീപനം വളരെ വ്യതിരിക്തമാണ്. ബന്ധങ്ങളെ പൊതുവില്‍ തന്നെ ഊഷ്മളമായി കൂട്ടിയിണക്കാനും അവ മുറിഞ്ഞു പോകുന്നതിനെ ജാഗ്രതയോടെ തടയാനുമാണ് ഇസ്ലാമിന്റെ കര്‍ശന നിര്‍ദേശം. കുടുംബ ബന്ധങ്ങളെ വിശേഷിച്ചും.
ഇസ്ലാമിക മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനം തന്നെ, ബന്ധങ്ങള്‍ നന്നാക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്യുകയെന്നതാണ്. അതില്‍ ഒന്നാമതായി മനുഷ്യനും അവന്റെ നാഥനും തമ്മിലുള്ള ബന്ധം ഗാഢമായും ദൃഢമായും നിലനിര്‍ത്താനുള്ള മാര്‍ഗദര്‍ശനമാണുള്ളത്. വിശ്വാസം, സ്‌നേഹം, ഭയഭക്തി, ബഹുമാനം തുടങ്ങിയവയില്‍ അധിഷ്ഠിതമാണ് ആ ബന്ധം. അതിന്റെ സാക്ഷാത്കാരത്തിനായുള്ളതാണ് ഇസ്ലാമിക ശരീഅത്തിലെ ആരാധനാ നിയമങ്ങള്‍ അഥവാ ഇബാദത്തുകള്‍. ആരാധനാ നിയമങ്ങള്‍ കഴിച്ചാല്‍ പിന്നെ ശരീഅത്തിലുള്ളത് മനുഷ്യര്‍ക്കിടയിലെ പരസ്പര ഇടപാടുകളെ നിര്‍ണയിക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്യുന്ന നിയമങ്ങളാണ്. മുആമലാത്ത് എന്നാണ് അതിന് പറയുക. മനുഷ്യര്‍ക്കിടയില്‍ തര്‍ക്കവും വിദ്വേഷവും ശത്രുതയും സംഘര്‍ഷവും കലഹവും ഉടലെടുക്കാത്ത വിധം അവര്‍ക്കിടയില്‍ മാനവികവും ഇസ്ലാമികവുമായ സാഹോദര്യ ബന്ധം സദാ നിലനിര്‍ത്തുക എന്നതാണ് അവയുടെ അടിസ്ഥാന ലക്ഷ്യം. എല്ലാതരം മനുഷ്യബന്ധങ്ങളും ദൈവിക മാര്‍ഗനിര്‍ദേശങ്ങളില്‍ അധിഷ്ഠിതമായി നന്മയിലും പരസ്പര സഹകരണത്തിലും നിലകൊള്ളണമെന്നതാണ് ഇസ്ലാമിക വീക്ഷണം.
തെറ്റായ വിചാരങ്ങളും ശത്രുതയും പരസ്പര ബന്ധങ്ങളുടെ അടിസ്ഥാനമായി വര്‍ത്തിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല.
മനുഷ്യബന്ധങ്ങളെ ഊഷ്മളമാക്കി നിലനിര്‍ത്തുന്ന സ്‌നേഹം, കാരുണ്യം, വിശ്വസ്തത, സത്യസന്ധത, പരസ്പര ബഹുമാനം തുടങ്ങിയ ശ്രേഷ്ഠ ഗുണങ്ങളും മൂല്യങ്ങളും തന്നെയാണ് എല്ലാത്തരം ബന്ധങ്ങളുടെയും അടിസ്ഥാനം. അത് രക്തബന്ധം, വിവാഹബന്ധം, സുഹൃദ്ബന്ധം, സമുദായാന്തര ബന്ധം തുടങ്ങി ഏതുതരം ബന്ധമായാലും ശരി.
വിവാഹത്തെ തുടര്‍ന്ന് രൂപപ്പെടുന്ന ബന്ധങ്ങളില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തില്‍ മാത്രമല്ല, ഭര്‍ത്താവും ഭാര്യയുടെ ബന്ധുക്കളും തമ്മിലുള്ള ബന്ധത്തിലും, ഭാര്യയും ഭര്‍ത്താവിന്റെബന്ധുക്കളും തമ്മിലുള്ള ബന്ധത്തിലും മേല്‍പ്പറഞ്ഞത് തന്നെയാണ് അടിസ്ഥാനം.
ഒരു പുരുഷന് തന്റെ ഭാര്യയുടെ മാതാപിതാക്കള്‍ അടക്കമുള്ള ഭാര്യാ വീട്ടുകാരോട് ഉണ്ടാകേണ്ട ബന്ധത്തിന്റെയും സമീപനത്തിന്റെയും അടിസ്ഥാനം ഉത്തമ സ്വഭാവങ്ങളും മൂല്യങ്ങളും തന്നെയാണ്. നമ്മുടെ സമൂഹത്തില്‍ പ്രായോഗിക തലത്തില്‍ ഒരളവ് വരെ അത് നടപ്പിലാവുന്നത് കൊണ്ടോ മറ്റോ മറിച്ചുള്ള സംഭവങ്ങളും പ്രവണതകളും വലിയ അളവില്‍ ചര്‍ച്ചയാവാറില്ല. പക്ഷേ, സ്ത്രീകളുടെ കാര്യം പൊതുവില്‍ അങ്ങനെയല്ല. ഒരു സ്ത്രീക്ക് തന്റെ ഭര്‍തൃ വീട്ടുകാരോട് പൊതുവിലും ഭര്‍ത്താവിന്റെ മാതാപിതാക്കളോട് പ്രത്യേകിച്ചും ഉണ്ടാവേണ്ടുന്ന സമീപനം സ്വാര്‍ത്ഥതയുടേതോ അകല്‍ച്ചയുടേതോ വെറുപ്പിന്റേതോ ശത്രുതയുടേതോ ആണെന്ന പൊതുബോധമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അനിസ്ലാമിക സംസ്‌കാരങ്ങളുടെയും സങ്കല്പങ്ങളുടെയും സൃഷ്ടിയായ അത്തരം പൊതുബോധത്തിന്റെ സ്വാധീന ഫലം കൂടിയാണ് ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ചോദ്യങ്ങള്‍.
ഇസ്ലാമിക സങ്കല്പമനുസരിച്ച്, സ്‌നേഹത്തിലും കാരുണ്യത്തിലും പരസ്പരം ശാന്തി പകരലിലും അധിഷ്ഠിതമായ ദാമ്പത്യത്തില്‍ തന്റെ ഇണയുടെ ഇഷ്ടങ്ങള്‍ അറിയുകയും പരിഗണിക്കുകയും ചെയ്യുകയെന്നത് പ്രധാനമാണ്. ഒരാള്‍ തനിക്ക് ഇഷ്ടപ്പെടുന്നതെല്ലാം മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെടുക എന്നത് ഈമാനിന്റെ അനിവാര്യതയാണ്. ജനനം കൊണ്ട് തുടങ്ങി മരണത്തിലൂടെ കടന്നുപോയി സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ അനശ്വരമായി ഒഴുകുന്ന ജീവിതമാണ് ഓരോ മനുഷ്യനുമുള്ളത്. ശാശ്വതമായ യഥാര്‍ഥ ജീവിതം അഥവാ പരലോക ജീവിതം നരകമായിത്തീരാതിരിക്കാനുള്ള അധ്വാനത്തിലും പ്രയത്‌നത്തിലുമാണ് ഓരോ വിശ്വാസിയും. അതില്‍ സ്വയം വിജയിക്കുകയും കൂടെ ജീവിക്കുന്ന കുടുംബത്തെ വിജയിപ്പിക്കുകയും ചെയ്യുന്നതിലാണ് ജീവിതത്തിന്റെ ആവേശവും വെല്ലുവിളിയും. ഭൂമിയില്‍ വെച്ച് ബലിഷ്ഠമായ വിവാഹ ഉടമ്പടിയാല്‍ കൂട്ടിയിണക്കപ്പെടുകയും പരലോകത്ത് സ്വര്‍ഗീയാരാമങ്ങളുടെ തണലുകളില്‍ ഒരുക്കിവെക്കപ്പെട്ട ചാരുമഞ്ചങ്ങളിലെ ഉല്ലാസ-സല്ലാപങ്ങളിലേക്ക്അനശ്വരമായി പരന്നൊഴുകുകയും ചെയ്യുന്നതായാണ് ദമ്പതികളുടെ / ഇണകളുടെ ജീവിതത്തെ ഖുര്‍ആന്‍ സങ്കല്‍പ്പിക്കുന്നത് (36: 55-58).
അല്ലാഹുവിനോടുള്ള ബന്ധത്തിലെ വീഴ്ചകള്‍ പോലെ തന്നെ അപകടകരമാണ് മനുഷ്യബന്ധങ്ങളിലെ അകല്‍ച്ചകളും. അതിനാല്‍, ഭാര്യക്ക് തന്റെ മാതാപിതാക്കളുമായും മറ്റു കുടുംബ ബന്ധുക്കളുമായും ഉള്ള ബാധ്യതകളും കടപ്പാടുകളും നിറവേറ്റാനുള്ള പരിശ്രമത്തില്‍ ഭര്‍ത്താവ് പിന്തുണയും സഹകരണവും നല്‍കുകയെന്നതാണ് യഥാര്‍ഥത്തില്‍ ജീവിതത്തിന്റെ സുന്ദര രസതന്ത്രം. നേരെ തിരിച്ച് ഭര്‍ത്താവിന് ഭാര്യയും.
ഇസ്ലാമികമായ അടിസ്ഥാനങ്ങളില്‍ നിന്നുകൊണ്ടാണ് വിവാഹ ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളിലും ഓരോ മുസ്ലിമും നിലപാടുകള്‍ സ്വീകരിക്കേണ്ടത്.
വിവാഹിതയായ എനിക്ക് ഭര്‍ത്താവിനെയല്ലാതെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ അനുസരിക്കാനും സേവിക്കാനും പരിചരിക്കാനും ഇസ്ലാമികമായി ബാധ്യതയുണ്ടോ? എന്നതാണ് ഒന്നാമത്തെ ചോദ്യം
എല്ലാ മനുഷ്യരോടും നന്മയിലും സ്‌നേഹത്തിലും സഹകരണത്തിലും ആദരവിലും വര്‍ത്തിക്കുകയെന്ന ഇസ്ലാമിന്റെ അടിസ്ഥാനം തന്നെയാണ് ഇവിടെയും പ്രാഥമികമായി ബാധകമാവുക. അതിനാല്‍ ഏതൊരു മുസ്ലിം സ്ത്രീയും തന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കളോട് മേല്‍ അടിസ്ഥാനത്തില്‍ വര്‍ത്തിക്കല്‍ നിര്‍ബന്ധമാണ്. കൂടാതെ, മുതിര്‍ന്നവര്‍ എന്ന പരിഗണനയും അവര്‍ക്ക് നല്‍കണം. അതിലുമുപരിയായി താന്‍ ജീവിതം പങ്കുവെക്കുന്ന തന്റെ ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന് അനുസരിക്കാനും സേവിക്കാനും പരിചരിക്കാനും കരുണ കാണിക്കാനും വിനയപ്പെടാനും ഏറ്റവും കൂടുതല്‍ ബാധ്യതയുള്ള മാതാപിതാക്കളാണവര്‍. ആ നിര്‍ബന്ധ ബാധ്യതയുടെ നിര്‍വഹണത്തില്‍ ഭര്‍ത്താവിനെ പിന്തുണച്ചും സഹായിച്ചും കൂടെ നില്‍ക്കണം ജീവിതപങ്കാളിയായ ഭാര്യ. അതിനാല്‍ ഭര്‍ത്താവിനോടൊപ്പം ഭര്‍ത്താവിന്റെ മാതാപിതാക്കളെയും നന്മയില്‍ അനുസരിക്കാനും അവരെ മാന്യമായി സേവിക്കാനും പരിചരിക്കാനും ഒരു ഭാര്യക്ക് ധാര്‍മിക ബാധ്യതയുണ്ട്.
അതേസമയം, ഭര്‍തൃവീട്ടുകാരില്‍ നിന്ന് അവഗണനയും ആക്ഷേപവും വിവേചനവും അന്യായവും അക്രമ മര്‍ദനങ്ങള്‍ വരെയും അനുഭവിക്കേണ്ടിവരുന്ന പെണ്‍കുട്ടികളുണ്ടാകും. അവര്‍ തങ്ങള്‍ക്ക് ഭര്‍ത്താവിന്റെ മാതാപിതാക്കളടക്കമുള്ളവരോട് മാന്യമായ സഹവര്‍ത്തിത്വം സാധ്യമാവാത്തതിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് ഉയര്‍ത്തുന്ന ചോദ്യമാണെങ്കില്‍ അതിനുള്ള മറുപടി നേരെ തിരിച്ചാണ്. അഥവാ, അത്തരമൊരു സാഹചര്യത്തില്‍ തങ്ങളുടെ ബാധ്യത നിര്‍വഹിക്കാത്തതിന്റെ പേരില്‍ അവര്‍ കുറ്റക്കാരാവില്ല.
വിവാഹിതയായ സ്ത്രീ ഭര്‍ത്താവിനോടുള്ള ബാധ്യതകള്‍ക്കാണോ മാതാപിതാക്കളോടുള്ള ബാധ്യതകള്‍ക്കാണോ മുന്‍ഗണന നല്‍കേണ്ടത്?
ഒന്നാമത്തെ കാര്യം, ഒരു സ്ത്രീക്ക് ഭര്‍ത്താവിനോടുള്ള ബാധ്യതകള്‍ തുടങ്ങുന്നിടത്ത് അവസാനിപ്പിക്കാവുന്നതല്ല മാതാപിതാക്കളോടുള്ള ബാധ്യതകള്‍. അവ രണ്ടും എല്ലാ തലങ്ങളിലും പരസ്പര വിരുദ്ധങ്ങളല്ല. അവ തമ്മില്‍ എല്ലായ്‌പ്പോഴും പരസ്പരം ഏറ്റുമുട്ടുന്നവയുമല്ല. മറിച്ച്, ഒരുമിച്ച് കൊണ്ടുപോകേണ്ടവയാണ്. ഇക്കാര്യം ജീവിതപങ്കാളികള്‍ ശരിയാംവിധം ഉള്‍ക്കൊള്ളണം. മാതാപിതാക്കളോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍ ഭാര്യയെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് ഭര്‍ത്താവിനുണ്ടാവേണ്ടത്. അതിനാവശ്യമായ അളവില്‍ ഭര്‍ത്താവ് തന്റെ അവകാശങ്ങളിലും സൗകര്യങ്ങളിലും ത്യാഗത്തിന് സന്നദ്ധമാകുന്നതാണ് ദാമ്പത്യത്തിലെ 'ജീവിത പങ്കാളിത്തം' എന്നതിന്റെ സൗന്ദര്യം.
ഭര്‍ത്താവിനോടുള്ള ബാധ്യതകളും സ്വന്തം മാതാപിതാക്കളോടുള്ള ബാധ്യതകളും തമ്മിലെ ഒത്തു പോകായ്മയല്ല യഥാര്‍ഥത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. മറിച്ച്, അവ രണ്ടിനോടും ഭാര്യക്കോ ഭര്‍ത്താവിനോ ഉണ്ടാകുന്ന സന്തുലിതമല്ലാത്ത സമീപനങ്ങളാണ്. മാതാപിതാക്കളോടുള്ള ബാധ്യതാ നിര്‍വഹണത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും അവകാശങ്ങളെ അവഗണിക്കുന്ന ഭാര്യയോട് ഭര്‍ത്താവിനോടുള്ള ബാധ്യതകള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്ന് പറയേണ്ടിവരും. തന്റെ സൗകര്യങ്ങളുടെ പേരില്‍ ശാഠ്യം പിടിച്ച് ഭാര്യയെ മാതാപിതാക്കളോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍നിന്ന് തടയാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനോട് തനിക്കതിന് അനുവാദവും അവകാശവുമില്ല എന്നും പറയേണ്ടിവരും.
എല്ലാ മേഖലകളിലും എന്നപോലെ ദാമ്പത്യ ജീവിതത്തിലും ഇസ്ലാമികമായ നിലപാടുകള്‍ മനസ്സിലാക്കേണ്ടത് ഇസ്ലാമിലെ വിശ്വാസപരമായ അടിസ്ഥാനങ്ങള്‍, ധാര്‍മികത, ഉദാത്ത മൂല്യങ്ങള്‍, ഉത്തമ ലക്ഷ്യങ്ങള്‍, ക്രിയാത്മക സല്‍ഫലങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ചു കൊണ്ടുള്ള ഭൂമിലോകത്തെയും പരലോകത്തെയും വിജയത്തിനും സന്തോഷത്തിനും വേണ്ടിയുള്ള അന്വേഷണത്തിലൂടെയാണ്.