'നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നേടിത്തരാന്‍ വേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും'- പൗലോ കൊയ്‌ലോയുടെതാണ് ജീവിതത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക് നല്‍കാനായി എന്നും ആവര്‍ത്തിച്ചുപയോഗിക്കുന്ന ഈ വാക്കുകള്‍.
ഉത്തരവാദിത്വങ്ങളുടെയും കടമകളുടെയും ജീവിതവഴിയേ നീങ്ങുമ്പോള്‍ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും മേല്‍ സ്വയം കടിഞ്ഞാണിടേണ്ടി വരുന്നവരാണ് ഓരോരുത്തരും. ആണിന്റെയും പെണ്ണിന്റെയും ജീവിതങ്ങള്‍ ബാധ്യതാ നിര്‍വഹണത്തിന്റെയും ഉത്തരവാദിത്വ ബോധത്തിന്റെയും കൂടുതല്‍ തലങ്ങളിലേക്ക് ശ്രദ്ധയോടെ നീങ്ങുന്നത് ഓരോ വ്യക്തിയും കുടുംബമായി ജീവിക്കാന്‍ തുടങ്ങുന്നതോടെയാണ്. ഒറ്റക്ക് തുഴഞ്ഞ ഒരു ജീവിത തോണി രണ്ടാളും കൂടി തുഴയാന്‍ തുടങ്ങുന്നതോടെ പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും കടലോരത്തുനിന്ന് മാറി അത് ശാന്തമായൊഴുകാന്‍ തുടങ്ങും. പങ്കുവെക്കലിന്റെയും കരുതലിന്റെയും സമാധാന തീരത്താണവര്‍ ഒന്നിച്ച് അണയുന്നത്. ആഗ്രഹിച്ച ജീവിതമെത്തിപ്പിടിക്കാന്‍ കൂടെയൊരാള്‍ ഉണ്ടെന്ന ധൈര്യത്തില്‍ മറന്നുവെച്ചതും ബാക്കിവെച്ചതുമായ കാര്യങ്ങളോരോന്നും ധൈര്യസമേതം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാകും. 'നിങ്ങള്‍ പരസ്പരം വസ്ത്രങ്ങളാണ് എന്ന' ഖുര്‍ആനിക ഉപമ ദാമ്പത്യത്തില്‍ അന്വര്‍ഥമാക്കുന്ന വിശ്വാസികളുടെ ചാരുതയാര്‍ന്ന ജീവിതം ഇങ്ങനെയാണ്. പാതിവെച്ച പഠനം പൂര്‍ത്തിയാക്കാനും തൊഴിലിന്റെ അനന്ത സാധ്യതകളിലേക്ക് ഇറങ്ങിച്ചെല്ലാനും സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ നടത്താനും മക്കളൊരു ബാധ്യതയോ ഇണയൊരു അലോസരമോ അല്ല, കുടുംബജീവിതത്തിന് എക്കാലത്തെയും മാതൃകയായ പ്രവാചക ജീവിതത്തെ മനസാ സ്വീകരിച്ചവര്‍ക്ക്.
ഒന്നിനു വേണ്ടി മറ്റൊന്ന് മാറ്റിവെക്കാതെ, പ്രതിസന്ധികളും പ്രതിബന്ധങ്ങളും മനോഹരമായി നേരിട്ട് സമൂഹമധ്യേ ഉയര്‍ന്നുനില്‍ക്കുന്ന സത്വബോധമുള്ള ആണും പെണ്ണും സമുദായത്തിനു മുതല്‍ക്കൂട്ടായി ഉയര്‍ന്നുവരികയാണ്. വ്യവസ്ഥിതിക്കെതിരെ ഇസ്്‌ലാമിന്റെ മൂല്യബോധത്തില്‍ നിന്നുകൊണ്ടു തന്നെ പുരയിടവും പുറം ഇടവും വിസ്തൃതമാക്കുന്നവര്‍ പറയുന്ന അനുഭവങ്ങള്‍ ആരാമം വായനക്കാര്‍ക്ക് മുതല്‍ക്കൂട്ടാണ്. അവരെ പരിചയപ്പെടുത്തുന്നതോടൊപ്പം, നടപ്പു ശീലങ്ങള്‍ക്കെതിരെ ഉറച്ച കാല്‍വെപ്പുമായി നടക്കാന്‍ സമുദായത്തെ പ്രാപ്തമാക്കിയ ഇസ്്‌ലാമിക പ്രസ്ഥാനത്തിന്റെ പുതിയ മീഖാത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ സാരഥിക്കും ആരാമം വായനക്കാരോടും ചില കാര്യങ്ങള്‍ ഉണര്‍ത്താനുണ്ട്.
മുഹര്‍റം ഓര്‍മപ്പെടുത്തലാണ്. പലായനങ്ങള്‍ക്കു സാക്ഷിയായ മാസം. പിന്തിരിഞ്ഞോടാനല്ല; കൂടുതല്‍ ശക്തിയോടെ വിജയിച്ചു തിരിച്ചുവരാന്‍ വിശ്വാസി സമൂഹത്തിന് ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ പറഞ്ഞുവെച്ച മാസം. വിശ്വാസിയുടെ ജീവിതത്തുടര്‍ച്ച വിജയത്തിന്റെതാവട്ടെ.