യാത്രക്കമ്പക്കാരില്‍ നിന്ന് കേട്ടും വായിച്ചും കണ്ടും മുമ്പ് മനസ്സില്‍ കേറിപ്പറ്റിയതാണ് ജൈസാല്‍മീര്‍. രാജസ്ഥാനില്‍, സ്വര്‍ണനഗരി എന്നറിയപ്പെടുന്ന ഈ സ്ഥലം തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 575 കിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ്. ലോകപൈതൃകസ്ഥാനമുള്ള ഈ നഗരം ഥാര്‍ മരുഭൂമിയുടെ ഹൃദയഭാഗത്താണ്.
നെടുമ്പാശ്ശേരിയില്‍ നിന്ന് ഹൈദരാബാദ് വഴി ജോധ്പൂരിലേക്ക് വിമാന മാര്‍ഗമാണ് സകുടുംബം എത്തിയത്. ട്രാവല്‍സ് വഴി റെഡിയാക്കിയ വാഹനത്തില്‍ 40-കാരന്‍ ഡ്രൈവര്‍ ഗോകുല്‍ കാത്തു നിന്നു. ലോഡ്‌സ് ഇന്നില്‍ ആണ് താമസം. ഫെബ്രുവരിയിലെ സന്ധ്യക്കുളിരില്‍ പുറത്തിറങ്ങി നടന്നു. റോഡിന് വീതിയുണ്ടെങ്കിലും പൊടി കാരണം ഭംഗി കുറവ്. പാതവക്കത്ത് മസാല ചായ കണ്ടപ്പോള്‍ കൊതി, അത്രമേല്‍ വൃത്തിയില്ലെങ്കിലും നായകള്‍ ചുറ്റും നടക്കുന്നുണ്ടെങ്കിലും ചായ ഓര്‍ഡര്‍ ചെയ്തു, തണുപ്പില്‍ എരിവും ചൊടിയും ഉള്ള തേയില രസികന്‍.
300 കിലോമീറ്റര്‍ റോഡ് യാത്ര വേണം ജൈസാല്‍മീറിലേക്ക്. വഴിയില്‍ ഉമൈദ് ഭവന്‍ കൊട്ടാരം സന്ദര്‍ശിച്ചു. 26 ഏക്കര്‍ പൂന്തോട്ടത്തില്‍ 1928-ല്‍ നിര്‍മിച്ച മനോഹര കൊട്ടാരം. ഇപ്പോള്‍ ഒരു ഭാഗം സ്റ്റാര്‍ ഹോട്ടലാണ്. 50,000 രൂപക്കടുത്തേ ദിവസവാടക വരൂ എന്ന് ഗൈഡ്. പൗരാണികതയും കൊത്തുപണികളും പെയിന്റിംഗുകളും നിറഞ്ഞ മനോഹര നിര്‍മിതി. കോട്ടക്ക് മുകളില്‍ നിന്നുള്ള പുറം കാഴ്ച അതി മനോഹരം. ഗൈഡ്, ബാഹുബലി സിനിമ എടുത്ത ലൊക്കേഷന്‍ ദൂരെ കാണിച്ച് തന്നു. കല്ലും മണലും കുന്നും നിറഞ്ഞ നീണ്ടു പരന്നു കിടക്കുന്ന വിശാലത.
മെഹരംഗര്‍ കോട്ടയും ജസ്വന്ത് താഡയും കണ്ടു.
1200 ഏക്കറില്‍ 400 അടി ഉയരമുള്ള കുന്നിന് മുകളില്‍ 1459 മുതല്‍ രജ്പുത്ര രാജാവ് തുടങ്ങിവെച്ച മനോഹര നിര്‍മിതി.
മണിക്കൂറുകള്‍ നീണ്ട വാന്‍ യാത്ര. ഗോകുല്‍ മുറി ഹിന്ദിയില്‍ പറഞ്ഞത് പാതി മനസ്സിലായി. എങ്കിലും ആവശ്യമുള്ള ഒന്നും അറിയാതെ പോയില്ല. നീണ്ട പാത. പൊതുവെ വാഹനം കുറവ്. ചുണ്ണാമ്പ് കല്ലുകള്‍ കേറ്റിയ ട്രാക്ടറുകള്‍.
ഥാര്‍ മരുഭൂമി. ഇരു വശവും മണല്‍ മാത്രം. ഇടക്ക് കുറ്റിച്ചെടികള്‍. ഉയരത്തില്‍ നിന്ന് റോഡിലേക്ക് എത്തി നോക്കുന്ന ഒട്ടകങ്ങള്‍. ആണവ പരീക്ഷണം നടത്തിയ പൊക്രാന്‍ അടുത്താണ് എന്ന് കാണിക്കുന്ന സൈന്‍ ബോര്‍ഡുകള്‍.
ഇടക്ക് ഉച്ചഭക്ഷണം. ഗ്രാമീണ വേഷം ധരിച്ച പെണ്‍കുട്ടി ഓലപ്പുരയില്‍ ലൈവായി പലതരം റൊട്ടി ചുടുന്നു. ഹോട്ടലിന്റെ പരസ്യം കൂടിയാണ് അത്. അടുപ്പിനരികെയിരുന്ന് ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ തലയാട്ടി സമ്മതിച്ചു. തട്ടം കൊണ്ട് മുഖം മൂടി. മുമ്പുള്ളവര്‍ ചെയ്ത പോലെ, പാത്രത്തില്‍ നോട്ട് നിക്ഷേപിച്ചു.
ഗോള്‍ഡന്‍ വില്ല ഡെസര്‍ട്ട് ക്യാമ്പില്‍ എത്തിയപ്പോഴേക്കും രാത്രിയായി. ലഗേജുമായി ടെന്റിലേക്ക്. ചുണ്ണാമ്പ്കല്ലില്‍ പണിത തറ. ഇരുമ്പ് തൂണുകള്‍. വശത്തും മേല്‍ക്കൂരയിലും കട്ടികൂടിയ ടാര്‍പോളിന്‍. ഉള്ളില്‍ ടൈലും ബാത്‌റൂമും എ.സിയും എല്ലാം മേല്‍ത്തരം. തണുപ്പില്‍ എന്തിന് എ സി...?. കിടക്കയും കട്ടിയുള്ള ബ്ലാങ്കറ്റും കണ്ടപ്പോള്‍ കിടക്കാനാണ് തോന്നിയത്.
മരുഭൂമിക്ക് നടുവില്‍ നിരത്തിയ മണല്‍ക്കാട്ടില്‍, ചുറ്റും വേലി കെട്ടി തിരിച്ച് അകത്ത് രണ്ടു നിരയായി രണ്ട് ഡസനോളം ടെന്റുകള്‍. പുറത്ത് നടുക്ക് വലിയ മരത്തടികള്‍ കത്തുന്ന നെരിപ്പോട്. ചുറ്റും വൃത്താകൃതിയില്‍ ചമ്രം പടിഞ്ഞിരിക്കാന്‍ പാകത്തില്‍ സെറ്റ് ചെയ്ത കുഷ്യന്‍ ഇരിപ്പിടങ്ങള്‍. ചാരാന്‍ ഉരുളന്‍ തലയണ. ഉയരം കുറഞ്ഞ ചെറിയ മേശ. ചായ, കടി. തീരും നേരം വീണ്ടും നിറക്കുന്ന സ്റ്റാഫ്.
തദ്ദേശീയ സംഗീത ഉപകരണങ്ങള്‍, പാട്ടുകള്‍. പാട്ടും നൃത്തവും ഭക്ഷണവും നേരിപ്പോടും എല്ലാം ഒരു സ്വപ്ന ലോകത്ത് എത്തിച്ച പോലെ. പലരും അവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നു. മക്കളും കൂടി, കൈപിടിച്ച് വലിച്ചപ്പോള്‍ ഒരു റൗണ്ട് ഞാനും. ഗാനവും ഡാന്‍സും തുടര്‍ന്നപ്പോള്‍, നീണ്ട റോഡ് യാത്ര കണ്ണുകളെ തളര്‍ത്തി. ഹാളില്‍ പോയി ഭക്ഷണം കഴിച്ച് ടെന്റില്‍ ഉറക്കം.
പ്രഭാതസൂര്യന്റെ വെളിച്ചത്തില്‍ പരിസരം രാത്രിയേക്കാള്‍ മനോഹരം. മണലും കെട്ടിടവും മൊത്തം സ്വര്‍ണവര്‍ണം. അതുകൊണ്ടാണല്ലോ രാജസ്ഥാന്‍ ഥാര്‍ മരുഭൂമിയിലെ ജൈസാല്‍മീറിനെ ഗോള്‍ഡണ്‍ സിറ്റി എന്ന് വിളിക്കുന്നത്...
പ്രഭാത ഭക്ഷണശേഷം ഡെസര്‍ട്ട് സ്റ്റേയോടു യാത്ര പറഞ്ഞിറങ്ങി. ഗോകുല്‍ ഞങ്ങളെ കാത്ത് അക്ഷമനായിരിക്കുന്നു. കുറച്ച് റോഡിലും പിന്നെ റോഡില്ലാതെയും യാത്ര.
മനോഹരമായ മണല്‍കുന്നുകളുടെ ഇടയിലാണ് നിര്‍ത്തിയത്. അത്യാവശ്യം തിരക്ക്. യാത്രികരെ ആവേശത്തേരിലേറ്റാന്‍ ഒട്ടകവും ജീപ്പും, ആകാശത്ത് പറക്കാനുള്ള ഗ്ലൈഡറും കാത്തിരിക്കുന്നു.
ഗോകുലിന്റെ സ്വന്തം ചേട്ടന്‍ രാമയ്യ നിറ ചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്തു. അലങ്കരിച്ച് നിര്‍ത്തിയ ഒട്ടകത്തെ കണ്ടപ്പോള്‍ കൂടെ ഫോട്ടോ എടുക്കാന്‍ കമ്പം. പേടിച്ച് ഇത്തിരി മാറി നിന്നപ്പോള്‍ രാമയ്യ ധൈര്യം നല്‍കി. ചേര്‍ന്നു നിന്ന് ഫോട്ടോ എടുത്തപ്പോള്‍, ഇതെത്ര കണ്ടതാ എന്ന മട്ടില്‍ ഒട്ടകം എന്നെ ഓട്ടക്കണ്ണിട്ട് നോക്കി.
ആദ്യം ജീപ്പ് യാത്ര. ഡ്രൈവര്‍ രാമയ്യ തന്നെ. ടയറുകളിലെ കാറ്റ് ഇത്തിരി പുറത്തേക്ക് കളഞ്ഞു. കാറ്റ് കൂടിയാല്‍ ജീപ്പ് പാളും, അപകടം ഉണ്ടാകും എന്ന് ഞങ്ങളുടെ കണ്ണില്‍ കണ്ട സംശയത്തിന് മറുപടി തന്നു. എന്റമ്മോ, പിന്നൊരു പറക്കല്‍ ആയിരുന്നു. പൊടി പടര്‍ത്തി വളഞ്ഞും പുളഞ്ഞും സ്പീഡ് കൂട്ടിയും കുറച്ചും പൊങ്ങിയും താണും ചാടിയും റോഡ് പോലും ഇല്ലാത്ത കൊച്ചു കൊച്ചു മണല്‍ മലകളില്‍ ചുറ്റിക്കയറിയിറങ്ങി. ഞങ്ങളുടെ കൂക്കുവിളിയും ഒച്ചയും നിലവിളിയും രാമയ്യയുടെ ആവേശം കൂട്ടി. യാത്ര അര മണിക്കൂര്‍ നീണ്ടു. ജീപ്പ് നിറുത്തിയ ശേഷം ഒന്നു കൂടി കറങ്ങണോ എന്ന് ചോദ്യം. ഞാനും ഭാര്യയും മതി എന്ന് പറഞ്ഞെങ്കിലും മക്കള്‍ വിട്ടില്ല. വേഗത കുറച്ച് ആകാം എന്ന ഒത്തുതീര്‍പ്പില്‍ മറ്റേതോ സ്ഥലത്ത് കൂടി കറങ്ങി. താരതമ്യേന കുന്നുകള്‍ കുറഞ്ഞ ഇടമായതു കൊണ്ട് നിലവിളിയും കുറഞ്ഞു.
ജീപ്പില്‍ നിന്നിറങ്ങിയപ്പോള്‍ ക്വാഡ് ബൈക് യാത്രയ്ക്ക് കമ്പം. നാല് ചക്രമുള്ള, മണലില്‍ ഓടാനുള്ള അതില്‍ ഞാന്‍ മടിച്ചെങ്കിലും ഭാര്യയും മക്കളും ധൈര്യത്തോടെ കറങ്ങി വന്നു.
മരുഭൂമിയിലെ കപ്പലില്‍ മണല്‍കടലില്‍ ആടിയുലഞ്ഞു കുറെ ദൂരം സഞ്ചരിച്ചു. ഒട്ടകപ്പുറത്ത് നിന്ന് ഇറക്കവും പ്രയാസകരം.
മണല്‍ക്കുന്നിന്‍ ചരിവില്‍ I Love Jaisalmer ബോര്‍ഡ് വെച്ചത് ഓര്‍ത്തു. രാമയ്യയോട് ഫോട്ടോ എടുക്കണം എന്ന് പറഞ്ഞപ്പോഴേ റെഡി, ഒട്ടും മടിക്കാതെ ഞങ്ങളെ ജീപ്പില്‍ കയറ്റി അങ്ങോട്ട് കൊണ്ടു പോയി. അവിടെ രാജസ്ഥാനി വേഷം ധരിച്ച് പടമെടുക്കാനും അവസരമുണ്ട്. ബോര്‍ഡ് പക്ഷേ, സ്വകാര്യ സംരംഭമാണ്. കാശ് കൊടുക്കണം. ഡ്രസ്സ്, ഫോട്ടോ ഒക്കെയായി ഒരാള്‍ക്ക് ആയിരം രൂപക്ക് മേല്‍ ആവശ്യപ്പെട്ടപ്പോള്‍ കണ്ണ് തള്ളി. ചിരിയോടെ രാമയ്യ ഉടമയാം പയ്യനോടു പല തവണയായി സംസാരിച്ച് തുക കുറപ്പിച്ചു. ഒടുക്കം എല്ലാവര്‍ക്കും കൂടി 1500 രൂപക്ക് ഉറപ്പിച്ചു. ഫോട്ടോ ഞങ്ങളുടെ ക്യാമറയില്‍ എടുക്കാം എന്നും ധാരണ. വെള്ള പൈജാമയും കുര്‍ത്തയും നിറമുള്ള തലേക്കെട്ടും ആണുങ്ങളെ ധരിക്കാന്‍ അവര്‍ സഹായിച്ചു. വനിതകളുടേത് കുറേക്കൂടി വര്‍ണമനോഹരമായിരുന്നു. പാവാടയും നീളമുള്ള ബ്ലൗസും, തട്ടവും കൈയിലും കാതിലും കഴുത്തിലും മാച്ച് ചെയ്യുന്ന ആഭരണങ്ങള്‍ വേറെയും. ആ വഴി കടന്നുപോയ പ്രായമുള്ള വനിതകള്‍ ഭാര്യയെ ഉടുപ്പിക്കാന്‍ സന്തോഷത്തോടെ സഹായിച്ചു.
ശേഷം കുല്‍ദാര വില്ലേജിലേക്ക്. പഴയ കെട്ടിടങ്ങളുടെ ശേഷിപ്പുകള്‍. ഗ്രാമത്തിലെ പെണ്‍കുട്ടിയെ രാജകുടുംബത്തിലെ ആള്‍ ബലമായി കല്യാണം കഴിക്കും എന്നറിയിച്ചപ്പോള്‍ ആരോരുമറിയാതെ ഒറ്റ രാത്രികൊണ്ട് മുഴുവന്‍ ഗ്രാമീണര്‍ മൊത്തം സ്ഥലം വിട്ട് അനാഥമായ ഇടം എന്ന് ചരിത്രം.
ജൈസാല്‍മീര്‍ നഗരമധ്യത്തില്‍ ഇപ്പോഴും കുറേ കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന, യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടമുള്ള ജൈസാല്‍മീര്‍ കോട്ടയിലേക്ക്. വളഞ്ഞു പുളഞ്ഞ കരിങ്കല്‍ പതിച്ച വഴിയിലൂടെ നടന്നു കേറി. വഴിയില്‍ പാരമ്പര്യ വേഷമണിഞ്ഞ രണ്ട് പേര്‍ ഹാര്‍മോണിയം, മദ്ദളം പോലുള്ള പ്രാദേശിക ഉപകരണങ്ങളുമായി പാടി രസിച്ച് തകര്‍ക്കുന്നു. ഞങ്ങളെ കണ്ടപ്പോള്‍ വിളിച്ചു എവിടെ നിന്ന് എന്ന ചോദ്യത്തിന് കേരളം എന്നു പറഞ്ഞതോടെ പാട്ട് മാറി. 'കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളെ...' എന്നായി. പിന്നെ കൂടെ പാടാന്‍ ക്ഷണവും. ഒന്ന് പാടാന്‍ ശ്രമിച്ച്, ഒപ്പം ഫോട്ടോ എടുക്കാന്‍ മറക്കാതെ വീണ്ടും നടന്നു. അകത്ത് ജൈനരുടെ അമ്പലമുണ്ട്. ഇടുങ്ങിയ വഴിയിലേക്ക് നീണ്ട വീടുകള്‍. മിക്കതും മുന്നില്‍ കടയായി മാറിയിരിക്കുന്നു. അതിനിടയിലൂടെ സ്‌കൂട്ടറില്‍ മുതിര്‍ന്നവരും സൈക്കിളില്‍ കുട്ടികളും പായുന്നു. വര്‍ണ വസ്ത്രങ്ങള്‍ ധരിച്ച പ്രായമുള്ള സ്ത്രീകള്‍ കുട്ടികളെ സ്‌നേഹത്തോടെ വഴക്ക് പറയുന്നു. കോട്ടയുടെ ഉയരത്തില്‍ ഓരോ പീരങ്കിസ്ഥാനത്ത് നിന്നുള്ള നഗര കാഴ്ച മനോഹരം. സമീപത്തുള്ള റെസ്റ്റോറന്റില്‍ നിന്ന്, ദൂരക്കാഴ്ച കണ്ട് കാപ്പി കുടിക്കുന്നതിന്റെ രസമൊന്നു വേറെ...
പിന്നീട് ബഡാബാഗിലേക്ക്. ചേതോഹരമായ കൊത്തുപണികളും സ്തൂപങ്ങളും ഉള്ള കൊച്ചു കൊട്ടാരങ്ങളും എടുപ്പുകളും മനോഹരം. വെയിലിനു ചൂടും കാലുകള്‍ക്ക് തളര്‍ച്ചയും തോന്നിയപ്പോള്‍ ഞാനും നല്ല പാതിയും അവയിലൊന്നില്‍ രാജകീയമായി വിശ്രമിച്ചു. മക്കള്‍ കുന്ന് കേറി കണ്ട് തിരികെ വന്നു.
280-ലേറെ കിലോമീറ്റര്‍ റോഡ് യാത്ര ബാക്കി കിടക്കുന്നു. ട്രിപ്പ് ഒരുക്കിത്തന്ന കൊച്ചി റോയല്‍ ഒമാനിയ സുഹൃത്ത് ഡേവിഡ് വിളിച്ച് യാത്രാ വിശേഷങ്ങള്‍ അന്വേഷിക്കുന്നു. വിമാന യാത്രാ സമയം ഓര്‍മിപ്പിക്കുന്നു. നീണ്ട യാത്ര. സമയത്ത് എത്തില്ലേ എന്ന സംശയത്തിന് ഗോകുലിന്റെ ആത്മ വിശ്വാസം. നഗരത്തില്‍ എത്താറായെങ്കിലും റോഡില്‍ തിരക്ക്. ഊടുവഴികളിലൂടെ സിഗ്‌നല്‍ ഒഴിവാക്കി വാഹനം പറക്കുന്നു. കൃത്യ സമയത്ത് എയര്‍പോര്‍ടില്‍ വാഹനം കിതച്ച് നിന്നു. ഗോകുലിന്റെ മുഖത്ത് യുദ്ധം ജയിച്ച യോദ്ധാവിന്റെ ഭാവം. ആദ്യം കൊടുത്ത ടിപ് വാങ്ങാന്‍ മടിച്ച ഗോകുല്‍ പിന്നെ വാങ്ങിയ പണം എത്ര എന്ന് പോലും നോക്കാതെ ധൃതിയില്‍ വിട ചൊല്ലി. നാല് നാള്‍ ഞങ്ങള്‍ അവന്റെ കരുതലില്‍ സുരക്ഷിതരായിരുന്നു.