അധ്യാപികയായ നൂറ വരിക്കോടന്‍ മലപ്പുറം ജില്ലയിലെ പൊന്മള സ്വദേശിയാണ്.
ആനുകാലികങ്ങളിലും ബ്ലോഗുകളിലും കവിതകള്‍ എഴുതുന്നു. നീലാഴിത്തീരത്ത് എന്ന മ്യൂസിക് ആല്‍ബത്തില്‍ പാട്ടെഴുതിയിട്ടുണ്ട്.
പ്രിയനന്ദനന് സംവിധാനം ചെയ്ത 'ധബാരി ക്യുരുവി എന്ന സിനിമയില്‍ രണ്ട് പാട്ടുകളെഴുതിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് IFFK യില്‍ പങ്കെടുത്തിട്ടുണ്ട്.
'കാക്കപ്പുള്ളികള്‍ മായുന്ന വിധം' എന്ന കവിതക്ക് ലെനിന് ഇറാനി കവിത പുരസ്കാരം, ചെറുളിയില്‍ വാസുദേവന്‍ നമ്പീശന് മാസ്റ്റര്‍ കവിത പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
പേടിയൊരു വെളിച്ചമാണ്
രൗദ്രമുഖങ്ങളെ പ്രത്യക്ഷപ്പെടുത്തുന്ന
വീണുപോയേക്കാവുന്ന താഴ്ചകളെ
ഉയര്‍ത്തിക്കാണിക്കുന്ന
തെളിച്ചമേറിയ ഇരുട്ട്
പേടിയൊരു ശബ്ദമാണ്
മുറിവില്‍ ചൊറിപ്പുഴുക്കളെ തിണര്പ്പിക്കുന്നത്
കനല് വാക്കിനാല്‍ ഉലയിലാക്കുന്നത്
കനപ്പിച്ച് മൂളിയും മുരണ്ടും
ഭ്രാന്തിന്റെ മിന്നലെയ്ത്
ഭൂമിയില്‍നിന്ന് പറിച്ചെറിയുന്നത്
ചിലപ്പോള്‍ വലിയൊരു ശരീരമാവുമത്
ശക്തമായ കൈപ്പത്തിയാലടിച്ചു വീഴ്ത്തി
നെഞ്ചില്‍ കയറിനിന്ന്
മുഖം മാന്തിക്കീറി
കൊമ്പല്ലുകളാഴ്ത്തി
തലകടിച്ചെടുത്തലറുന്ന മൃഗം
പ്രതീക്ഷിക്കാതെ കണ്ണിലേക്കുവന്നു-
കൊത്തുന്ന പക്ഷിയാവും
കാല്‍വിരല്‍ തുമ്പിലെ
കല്ലിന്റെ രക്തചുംബനമാവും
വേദനച്ചുഴിയിലാഴ്ന്നു പോവുമ്പോഴുള്ള
കൊടും മൗനമാവും
മരണത്തിന്റെ തൊട്ടുമുമ്പുള്ള
വിയര്പ്പുകണമുറ്റുന്ന തണുപ്പാവും
ഞാന്‍ നിന്നിലേക്ക് കൂപ്പു കുത്തുന്നതാവും
നീയെന്നില്‍നിന്ന് പറിഞ്ഞു പോകുന്നതാവും
ഇതൊന്നുമല്ലെങ്കില്‍
ഇരുട്ടിന്റെ കടലിലകപ്പെട്ട പത്തേമാരിയില്‍
ഏകാന്തതയുടെ അതിശൈത്യത്തില്‍
തളര്‍ന്നുകൊണ്ടിരിക്കുന്ന യാത്രികന്റെ
ശ്വാസമെടുക്കാനുള്ള വെപ്രാളമാവും
പക്ഷേ ഒന്നുണ്ട്
അത്രമേല്‍ പ്രിയപ്പെട്ടൊരാളുടെ
സ്പര്‍ശനത്താലോ, വാക്കിനാലോ,
നോക്കിനാലോ, മനസ്സുകൊണ്ടോയുള്ള
ഒരു ചേര്‍ത്തുപിടിക്കലില്‍
ഓടിയൊളിക്കുന്ന
കുസൃതിക്കുട്ടി കൂടിയാണ് പേടി.