മാറ്റത്തിന്റെ മാസമാണ് റമദാന്‍. ആകാശഗ്രന്ഥങ്ങളെല്ലാം അവതരിച്ചത് റമദാനില്‍. സബൂര്‍, തൗറാത്ത്, ഇഞ്ചീല്‍, പരിസമാപ്തിയായി ഖുര്‍ആനും റമദാനില്‍ പിശാച് ചങ്ങലകളില്‍ ബന്ധിക്കപ്പെടും. നരകവാതിലുകള്‍ അടയ്ക്കും, സ്വര്‍ഗ കവാടങ്ങള്‍ തുറക്കും. ആകാശത്തുനിന്ന് വിളംബരം മുഴങ്ങും. 'നന്മ തേടുന്നവനേ വരൂ, തിന്മ തേടുന്നവനേ നിനക്ക് നാശം ഭവിക്കട്ടെ.' റമദാനില്‍ ഹൃദയങ്ങള്‍ക്ക് മാറ്റമുണ്ടാകും. സ്വഭാവം മാറും, സഹനത്തിന്റെ തോത് വര്‍ധിക്കും, ഇച്ഛാശക്തി ബലപ്പെടും. ഉദാരതയും പ്രദാനവും പരക്കും. സമൃദ്ധിയുടെ, ദൈവിക വരദാനങ്ങളുടെ മാസമാണ്.
പള്ളികള്‍ റമദാനില്‍ നിറഞ്ഞൊഴുകുന്നത് കാണാം. ഖുര്‍ആന്‍ പാരായണവും പഠനവും കൂടും. ജനങ്ങള്‍ക്കിടയില്‍ ദീനീ വിഷയങ്ങളാവും മുഖ്യ സംസാരം. പ്രക്ഷേപണ കേന്ദ്രങ്ങളുടെ അജണ്ടകള്‍ മാറും. മാസങ്ങളില്‍ ശ്രേഷ്ഠമായ മാസമാണത്. 'ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാന്‍. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായും വ്യക്തമായ ദൃഷ്ടാന്തമായും സത്യാസത്യ വിവേചകമായും നിലകൊള്ളുന്ന ഗ്രന്ഥം.
മുസ് ലിം സമൂഹത്തിന് സാര്‍വലൗകിക മഹോത്സവമാണ് റമദാന്‍. അത് അവരെ മാറ്റങ്ങളിലേക്ക് നയിക്കുന്നു. ഉറക്കത്തിന്റെയും ആഹാരത്തിന്റെയും ജോലിയുടെയും അങ്ങാടികള്‍ തുറക്കുന്നതിന്റെയും അടയ്ക്കുന്നതിന്റെയുമെല്ലാം സമയം മാറും. അതുകൊണ്ടാവാം റാഫിഈ പറഞ്ഞത്: 'മുപ്പത് ദിവസത്തെ ആത്മവിദ്യാലയമാണ് റമദാന്‍.' റമദാനില്‍ കുറ്റങ്ങള്‍ കുറയും. ആരാധനാ കര്‍മങ്ങള്‍ കൂടും. സ്വന്തത്തെ മാറ്റാനും സ്വഭാവം സംസ്‌കരിക്കാനും, സല്‍സ്വഭാവത്തിന്റെ പടച്ചട്ടയണിയാനും ബന്ധങ്ങള്‍ നന്നാക്കാനും ഇബാദത്തുകള്‍ ചെയ്യാനും ഹൃദയം വിമലീകരിക്കാനും ഈ മാസം പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍, അതില്‍ പരം നിര്‍ഭാഗ്യം എന്തുണ്ട്? നബി പരിതപിച്ചു: 'എത്രയെത്ര നോമ്പുകാര്‍! പൈദാഹം സഹിച്ചുവെന്നല്ലാതെ ഒരു പ്രയോജനവും അവര്‍ക്കുണ്ടായില്ല. എത്രയെത്ര രാത്രി നമസ്‌കാരക്കാര്‍! ഉറക്കിളച്ചുവെന്നല്ലാത്ത ഒരു പ്രയോജനവും അവര്‍ക്കുണ്ടായില്ല'' ഈ വിഭാഗം ആളുകള്‍ക്ക് റമദാന്‍ ആത്മസംസ്‌കാരത്തിനോ ആത്മീയോല്‍ക്കര്‍ഷത്തിനോ ഉപയോഗപ്പെടില്ല. നമ്മുടെ ശരീരത്തിന്റെയും ആത്മാവിന്റെയും പരിപോഷണത്തിന് സഹായകമാവേണ്ടത് ഇബാദത്താണ്. അവയ്ക്കിടയില്‍ സന്തുലനം നിലനിര്‍ത്തണം.
ഭാര്യാ ഭര്‍ത്താക്കന്മാരെ സംബന്ധിച്ചേടത്തോളം, അവര്‍ക്ക് റമദാനിനെ ഉപയോഗപ്പെടുത്താവുന്നത് ഈ വിധമാണ്. അവര്‍ തമ്മിലെ പരസ്പര ബന്ധങ്ങള്‍ പുനഃപരിശോധനക്ക് വിധേയമാക്കുക. ഇരുവരുടെയും ജീവിതത്തിലെ പോരായ്മകളെയും വൈകല്യങ്ങളെയും കുറിച്ച് ഉള്ളു തുറന്നു ചര്‍ച്ച നടത്തുക. നെഗറ്റീവായ വശങ്ങള്‍ ഒഴിവാക്കാനും പോസിറ്റീവായ വശങ്ങള്‍ ശക്തിപ്പെടുത്താനും ശ്രമിക്കുക. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സമയം വിനിയോഗിക്കുക, കുടുംബ ബന്ധം ചേര്‍ക്കല്‍, മാതാപിതാക്കന്മാര്‍ക്ക് സേവനം ചെയ്യുക, അവരോട് 'ബിര്‍റി'ല്‍ വര്‍ത്തിക്കുക, അയല്‍വാസി ബന്ധം മെച്ചപ്പെടുത്തുക, ഖിയാമുല്ലൈല്‍, ഖുര്‍ആന്‍ പാരായണം അനാഥ സംരക്ഷണം, അവശ കുടുംബങ്ങളെ സഹായിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക- ഇങ്ങനെ റമദാന്‍ തനിക്കും സമൂഹത്തിനും നന്മയേകുന്ന മേഖലകളില്‍ വ്യാപരിക്കാം.
മാതാപിതാക്കള്‍ക്ക് റമദാന്‍ മാസത്തെ പ്രയോജനപ്പെടുത്താവുന്ന തലങ്ങള്‍: കുടുംബത്തിന്റെ കൂടിയിരുത്തം കൂടുന്ന മാസമാണിത്. ഇഫ്ത്വാര്‍ വേള, കൂടിയിരിക്കുന്ന നിശാവേളകള്‍, മക്കളോട് വര്‍ത്തമാനം പറഞ്ഞിരിക്കല്‍, അവരുടെ മതപരവും ശിക്ഷണപരവുമായ വളര്‍ച്ചയും വികാസവും ലക്ഷ്യമാക്കി ആശയ സംവേദനം, ഇതെല്ലാം റമദാനില്‍ സാധ്യമാണ്.
എനിക്ക് ചില കുടുംബങ്ങളെ അറിയാം. റമദാന്‍ മാസം ഉപയോഗപ്പെടുത്തുന്ന രീതി മാതൃകാപരമാണ്. റമദാനിലെ ഓരോ നിമിഷവും ആത്മീയമായി ആഘോഷിക്കുകയാണവര്‍. ഒരു കുടുംബം രിയാളുസ്സ്വാലിഹീന്‍ എന്ന ഹദീസ് ഗ്രന്ഥം നിത്യവും രണ്ട് പേജ് വായിക്കും. മറ്റേ കുടുംബം നബിചരിത്രം വിശദീകരിക്കുന്ന ഗ്രന്ഥം തെരഞ്ഞെടുത്ത് ദിവസവും വായിക്കും. ഇനിയും ഒരു കുടുംബം; ആ കുടുംബത്തിന്റെ വരുമാനം കണക്കാക്കി മക്കളെ സകാത്തിന്റെ കണക്ക് കൂട്ടാന്‍ പഠിപ്പിക്കും, മക്കളെ സകാത്ത് വിതരണ ചുമതല ഏല്‍പ്പിക്കും. ആവശ്യക്കാരും അര്‍ഹരുമായ കുടുംബങ്ങളെ തെരഞ്ഞ് പിടിച്ച് അവരുടെ സാമൂഹികവും സാമ്പത്തികവുമായ സര്‍വെ നടത്തി, സകാത്തിന് അര്‍ഹരാണെങ്കില്‍, അവര്‍ക്ക് സകാത്ത് എത്തിച്ചു കൊടുക്കും.
സ്വഭാവപരമായ ഒരു ലക്ഷ്യം വെച്ച് അത് സാക്ഷാല്‍ക്കരിക്കാന്‍ റമദാനില്‍ യത്നിക്കുന്നവനാണ് വിജയി. ദുഃസ്വഭാവം വര്‍ജിക്കാനും സല്‍സ്വഭാവ ശീലങ്ങള്‍ വര്‍ധിപ്പിക്കാനും ഉതകും ഈ മാസം. പുകവലി ശീലമാക്കിയവന്ന് അതില്‍നിന്ന് മുക്തിനേടാം. അവിഹിത ബന്ധമുള്ളവന്ന് അത് അവസാനിപ്പിക്കാം. ഹിജാബ് ധരിക്കാത്ത പെണ്‍കുട്ടിക്ക് അത് ശീലമാക്കി തുടങ്ങാം. പലിശ ഭുജിക്കുന്നവന് അത് നിര്‍ത്താം. സംഭാവന നല്‍കി ശീലമില്ലാത്തവന്ന് റമദാന്‍ സുവര്‍ണാവസരമാണ്. നബിചരിത്രം പഠിക്കുന്നവന്ന് അതാവാം. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഹാരരീതിയില്‍ മാറ്റം വരുത്തി തുടങ്ങാം.
വ്രതാനുഷ്ഠാനം ഇമാം ഗസാലി മൂന്നായി തിരിച്ചിട്ടുണ്ട്. ഒന്ന്: അവയവങ്ങള്‍, വയര്‍, ഗുഹ്യാവയവം എന്നിവയുടെ നോമ്പ്. രണ്ട്: കേള്‍വി, കാഴ്ച, കൈകള്‍, കാല്‍, നാവ് എന്നിവ പാപകര്‍മങ്ങള്‍ക്ക് ഉപയോഗപ്പെടുത്താതിരിക്കുക. മൂന്ന്: നീചചിന്തകള്‍ തീണ്ടാതെ ഹൃദയത്തെ കരുതലോടെ കാക്കുന്ന നോമ്പ്. ഇവ മൂന്നും ചേര്‍ന്നതാണ് നാം അനുഷ്ഠിക്കേണ്ട യഥാര്‍ഥ വ്രതം.
ശരീര കാമനകളില്‍നിന്ന് അകലം പാലിക്കാനുള്ള കരുത്താണ് റമദാന്‍ വിദ്യാലയത്തില്‍നിന്ന് ആര്‍ജിക്കേണ്ടത് ഭൗതിക വാദിക്ക് ഒരു മന്ത്രമുണ്ട്: 'ഇഹലോക ജീവിതമെന്നാല്‍ തീറ്റയും കുടിയും ഉറക്കവുമാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ ദുന്‍യാവിനോട് വിട പറഞ്ഞോളൂ.'' ഇത് നമ്മുടെ മാത്രമല്ല, നമ്മുടെ മന്ത്രം ശരീരത്തിന്റെയും ആത്മാവിന്റെയും സന്തുലിതത്വം ഉദ്ഘോഷിക്കുന്ന റമദാനിന്റെ സന്ദേശം ഉള്‍ക്കൊള്ളുകയാണ്. അല്ലാഹുവിനോടുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ്.
മൂന്ന് കൂട്ടരുടെ പ്രാര്‍ഥന തള്ളപ്പെടില്ല; നോമ്പുകാരന്‍, നോമ്പു മുറിക്കുന്ന വേള വരെ നടത്തുന്ന പ്രാര്‍ഥന, നീതിമാനായ ഭരണ കര്‍ത്താവ്. മര്‍ദിതന്റെ പ്രാര്‍ഥന. നോമ്പുകാരന്‍- അല്ലാഹുവിനോട് ഏറ്റവും അടുത്താണ് അവന്റെ ഇരിപ്പിടം.
വിവ: പി.കെ.ജെ