നബി (സ) പറഞ്ഞു: 'നിങ്ങളില്‍ ഉത്തമന്‍, ഖുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാണ്.' നാം ഖുര്‍ആനെ എത്രത്തോളം അടുത്തറിഞ്ഞിട്ടുണ്ട്? ഖുര്‍ആനെ ഹൃദയത്തിന്റെ വസന്തമാക്കാന്‍, മനസ്സിന്റെ പ്രകാശമാക്കാന്‍, മനോവ്യഥകളുടെ സാന്ത്വനമാക്കാന്‍ നാം പ്രാര്‍ഥിക്കുന്നു. വായന പുസ്തകത്താളുകളില്‍ നിന്ന് കമ്പ്യൂട്ടറിലേക്കും തുടര്‍ന്ന് മൊബൈല്‍ സ്‌ക്രീനിലേക്കും വഴിപിരിഞ്ഞപ്പോള്‍ വിശുദ്ധ Wഖുര്‍ആനിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളുടെ സാധ്യതയും വര്‍ധിച്ച പുതിയ കാലത്താണ് നാമുള്ളത്.
സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി മുപ്പത് വര്‍ഷമെടുത്ത് പൂര്‍ത്തീകരിച്ച ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. അഭ്യസ്തവിദ്യരായ മനുഷ്യരുടെ മസ്തിഷ്‌കങ്ങളുമായി അനായാസം സംവദിക്കുന്ന ഭാഷയും ശൈലിയുമാണ് അതിന്റെ സവിശേഷത. പൂര്‍വകാല പണ്ഡിതന്‍മാരുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളെ അവലംബിച്ചും ആധുനിക വിഷയങ്ങളെ അപഗ്രഥിച്ചും മനുഷ്യര്‍ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളെ വിശുദ്ധ ഖുര്‍ആന്റെ അടിത്തറയില്‍നിന്ന് വിശകലനം ചെയ്യുന്ന അസാമാന്യമായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രഥന്ഥമാണ് ഇത്. ഇതിലൂടെ കടന്നുപോകുന്ന ഏവര്‍ക്കും വിശുദ്ധ ഖുര്‍ആന്റെ ആശയങ്ങളുള്‍ക്കൊണ്ട് അതിനോടൊപ്പം അനായാസം സഞ്ചരിക്കാന്‍ സാധിക്കും. പ്രബോധനപരമായ ഖുര്‍ആന്‍ വ്യാഖ്യാന രീതി ലക്ഷക്കണക്കിന് വായനക്കാരെ ഖുര്‍ആന്റെ പ്രകാശധാരയിലേക്ക് കൂട്ടിക്കൊണ്ടു വന്നിട്ടുണ്ട്. 1942-ലാണ് തഫ്ഹീമുല്‍ ഖുര്‍ആനിന്റെ രചന ആരംഭിക്കുന്നത്. ഇന്ത്യയിലെ മിക്ക ഭാഷകളിലും അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, പുശ്തു, തുര്‍കി, ജാപ്പാനീസ്, തായ്, സിംഹള, റഷ്യന്‍ തുടങ്ങിയ അനേകം വിദേശ ഭാഷകളിലേക്കും പൂര്‍ണമായോ ഭാഗികമായോ ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.
കാലത്തിന്റെ മാറ്റങ്ങളുള്‍ക്കൊണ്ട് തഫ്ഹീമുല്‍ ഖുര്‍ആനും ഡിജിറ്റല്‍ രൂപത്തില്‍ പഠിതാവിന്റെ വിരല്‍തുമ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്, കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി ഫോര്‍ മീഡിയയാണ്. 2008-ല്‍ ഡിജിറ്റൈസേഷന്റെ ആദ്യ പതിപ്പും 2016-ല്‍ സമ്പൂര്‍ണ ഓഡിയോ കൂടി ഉള്‍പ്പെടുത്തി രണ്ടാം പതിപ്പും പുറത്തിറങ്ങി. തഫ്ഹീമിന്റെ മൂലഭാഷയായ ഉര്‍ദു വായിച്ച് കേള്‍ക്കാനുള്ള സൗകര്യവും ഇംഗ്ലീഷ്, ബംഗള, തമിഴ് പരിഭാഷകളും ഉള്‍പ്പെടുത്തി ബഹുഭാഷാ സംവിധാനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്തിരിക്കയാണിപ്പോള്‍. ഭാവിയില്‍ മറ്റു ഭാഷകളിലുള്ള തഫ്ഹീമിന്റെ ഭാഷാന്തരങ്ങള്‍ ഇപ്പോഴുള്ള വെബ്‌സൈറ്റിന്റെയും ആന്‍ഡ്രോയിഡ് ഐ.ഒ.എസ് ആപ്പുകളുടെയും ഭാഗമാക്കാനും സാധിക്കും. അങ്ങനെ ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് നാവിഗേറ്റ് ചെയ്യാം.
കിടയറ്റ സെര്‍ച്ച് സംവിധാനം (ഖുര്‍ആന്‍ വിഷയങ്ങളിലും തഫ്ഹീം വിഷയങ്ങളിലും), തജ്വീദ് (പാരായണ നിയമം) പഠനത്തിന് പ്രത്യേക സംവിധാനം, വാക്കര്‍ഥങ്ങളുടെ പഠന പരിശോധനക്കായി ഡ്രാഗ് ആന്റ് ഡ്രോപ് രൂപത്തിലുള്ള ഗെയിം, വ്യത്യസ്തമായ ഫോണ്ടുകള്‍, ഖുര്‍ആനിന്റെയും പരിഭാഷയുടെയും ഫോണ്ടുകള്‍ ചെറുതാക്കാനും വലുതാക്കാനുമുള്ള സൗകര്യം, ആയത്തുകളും ബ്ലോക്കുകളും അടിസ്ഥാനമാക്കിയുള്ള നാവിഗേഷന്‍, തീം ചെയ്ത് ചെയ്യാനും ഇഷ്ടപ്പെട്ട ഖാരിഉകളെ തെരഞ്ഞെടുക്കാനുമുള്ള സൗകര്യം തുടങ്ങിയ ധാരാളം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ സൗകര്യങ്ങളാല്‍ സമ്പന്നമാണീ പ്രോജക്ട്. അതുകൊണ്ടുതന്നെ തഫ്ഹീം ആപ്പുകളും വെബ്‌സൈറ്റും (https://app.thafheem.nte) ഏറെ ശ്രദ്ധേയമാണ്.
ഖുര്‍ആന്‍ പരിഭാഷയുടെയും തഫ്ഹീം മലയാളം വ്യാഖ്യാനത്തിന്റെയും ആയത്ത് അടിസ്ഥാനമാക്കിയുള്ള സമ്പൂര്‍ണ ഓഡിയോ ലഭിക്കുന്നു എന്നത് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. ഖുര്‍ആന്‍ പദങ്ങളുടെ വാക്കര്‍ഥം, ആയത്തുകളുടെ അര്‍ഥം, പദം അടിസ്ഥാനമാക്കി വ്യത്യസ്ത രീതിയില്‍ സെര്‍ച്ച്, കോപ്പി പേസ്റ്റ് സൗകര്യം, ആയത്തും അര്‍ഥവും വ്യാഖ്യാനവും ഷെയര്‍ ചെയ്യാനുള്ള സൗകര്യം, വ്യത്യസ്ത ഏരിയകളില്‍നിന്നുള്ള ബുക്മാര്‍ക്കുകള്‍ക്കുള്ള സൗകര്യം തുടങ്ങി ഒട്ടേറെ സവിശേഷതകളുള്ളതിനാല്‍ ഒരു റഡി റഫറന്‍സുകൂടിയാണിത്. മലയാളത്തില്‍ തയ്യാറാക്കിയ പ്രശ്നോത്തരി ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് സഹായിയും പാഠഭാഗങ്ങളുടെ മൂല്യനിര്‍ണയത്തില്‍ അവലംബവുമാണ്. ഡിജിറ്റല്‍ സംവിധാനത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി തഫ്ഹീമുല്‍ ഖൂര്‍ആന്റെ വിവര വൈപുല്യങ്ങളിലേക്ക് അനായാസം വായനക്കാരെ എത്തിക്കാനാവശ്യമായ വിവിധങ്ങളായ മാര്‍ഗങ്ങളാണ് ഇവിടെ തുറന്നുവെച്ചിരിക്കുന്നത്.
വായനയെയും റഫറന്‍സിനെയും എളുപ്പമാക്കുന്നതിന് വ്യക്തി-സ്ഥല നാമങ്ങളെ സംബന്ധിച്ച കുറിപ്പുകളും ഹദീസ് അറബി ടെക്സ്റ്റും ബൈബിള്‍ കോട്ടുകളും മലയാളത്തില്‍ റഫര്‍ ചെയ്യുന്നവര്‍ക്ക് ഉപയോഗപ്പെടുത്താം. നമസ്‌കാര സമയം, ഖിബ് ല ഫൈന്റര്‍, അടുത്തുള്ള പള്ളികളുടെ ലിസ്റ്റ്, വിവിധ സമയങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ഥനകളും ദിക്‌റുകളും, മനോഹരമായ ഉസ്മാനി ലിപിയിലുള്ള മുസ്ഹഫ് എന്നിങ്ങനെയുള്ള സൗകര്യങ്ങളും പരിഷ്‌കരിച്ച പതിപ്പിന്റെ പ്രത്യേകതയാണ്.
തഫ്ഹീമുല്‍ ഖുര്‍ആന്റെ വെബ്‌സൈറ്റും ആപ്പുകളും സൗജന്യമായാണ് ലഭ്യമാക്കിയിരിക്കുന്നത്. ഈ മഹദ് സംരംഭത്തില്‍ നിസ്തുലമായ സേവനമനുഷ്ഠിച്ച ഒട്ടേറെ വ്യക്തികളുണ്ട്. ഈ പ്രോജക്ടിന്റെ പൂര്‍ത്തീകരണത്തിനായി സാമ്പത്തികമായും വൈജ്ഞാനികമായും മറ്റും സഹായങ്ങള്‍ ചെയ്തും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനവും പ്രോല്‍സാഹനവും നല്‍കിയും ഒപ്പം നിന്ന എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്. എല്ലാവര്‍ക്കും അല്ലാഹു അതിമഹത്തായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.
ഖുര്‍ആനിനെ കാലഘട്ടത്തിന്റെ ഭാഷയില്‍ പൊതുസമൂഹത്തിന് ലഭ്യമാക്കുന്ന ഈ മഹദ് സംരംഭത്തെ ഇസ്ലാമിക പ്രബോധനത്തില്‍ തല്‍പരരായ ഉദാരമതികള്‍ അവരുടെ സകാത്ത്-സ്വദഖകളില്‍ നിന്ന് ഒരു വിഹിതം നീക്കിവെച്ച് തഫ്ഹീമുല്‍ ഖുര്‍ആന്റെ സൗജന്യമായ ഭാവിപ്രവര്‍ത്തനങ്ങളും പദ്ധതികളും അഭംഗുരം തുടരാന്‍ എല്ലാവിധ സഹായങ്ങളും ഉണ്ടാവണമെന്നും അപേക്ഷിക്കുന്നു.
ഇത് ഉപയോഗപ്പെടുത്തുന്ന എല്ലാ തലത്തിലുള്ളവരില്‍ നിന്നും തങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും ഉപദേശ നിര്‍ദേശങ്ങളും താല്‍പര്യപൂര്‍വം പ്രതീക്ഷിക്കുന്നുണ്ട്. പരമ കാരുണികനായ അല്ലാഹു ഇതൊരു സത്കര്‍മമായി സ്വീകരിച്ച് അതിമഹത്തായ പ്രതിഫലം നല്‍കി എല്ലാവരെയും അനുഗ്രഹിക്കട്ടെ.
---------------------------
കെ.എ നാസര്‍
+919946 666 139
kanvr2@gmail.com